അരങ്ങേറ്റം നാനിയുടെ നായികയായി
മലയാളത്തിന്റെ പ്രിയ നായിക നസ്രിയ തെലുങ്കിൽ അരങ്ങേറുന്നു. രാജമൗലി സംവിധാനം ചെയ്ത ഈച്ചയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നാനിയുടെ നായികയായാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം.
ബ്രോച്ചെവരേ വരുര എന്ന ഹിറ്റ് ചിത്രമൊരുക്കിയ വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അണ്ടേ സുന്ദരിനികി എന്നാണ് പേരിട്ടിരിക്കുന്നത്. വളരെക്കാലം മുൻപേ അനൗൺസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
''ആദ്യത്തേത് എപ്പോഴും സ്പെഷ്യലാ"ണെന്നാണ് തെലുങ്ക് ചിത്രത്തിൽ അഭിനയിച്ച് തുടങ്ങിയ ശേഷം നസ്രിയ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.
നദിയാമൊയ്‌തുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന നസ്രിയ ഫഹദിന്റെ നായികയായി അൻവർ റഷീദിന്റെ ട്രാൻസിലൂടെയാണ് തിരിച്ചുവന്നത്. ദുൽഖർ നിർമ്മിച്ച മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി താരമായും നസ്രിയ പ്രത്യക്ഷപ്പെട്ടിരുന്നു.
മൈത്രി മൂവി മേക്കേഴ്സാണ് നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രമായ അണ്ടേ സുന്ദരാനികി നിർമ്മിക്കുന്നത്. ഫഹദ് ഫാസിൽ തെലുങ്കിൽ അരങ്ങേറുന്ന അല്ലു അർജുന്റെ പുഷ്‌പ നിർമ്മിക്കുന്നതും ഇതേ ബാനറാണ്.
കൊവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പല വമ്പൻ ചിത്രങ്ങളുടെയും ഷൂട്ടിംഗ് നിറുത്തിവച്ചിട്ടും നാനി തുടർച്ചയായി ചിത്രങ്ങൾ ചെയ്യുകയാണ്. ശ്യാം സിംഹറോയ് എന്ന ചിത്രത്തിലാണ് അണ്ടേ സുന്ദരാനികി കൂടാതെ നാനി ഇപ്പോഴഭിനയിക്കുന്നത്.