തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ പത്ത് ദിവസത്തിനിടെ തീവ്രപരിചരണ വിഭാഗങ്ങളുടെയും (ഐ.സി.യു) വെന്റിലേറ്ററുകളുടെയും ആവശ്യകത കുതിച്ചുയർന്നു. ഈ മാസം 10 മുതൽ 18 വരെയുള്ള കണക്ക് അനുസരിച്ച് മെഡിക്കൽ കോളേജിലും എസ്.എ.ടിയിലും ഐ.സി.യുകളുടെ ആവശ്യകത 54 ശതമാനത്തിൽ നിന്ന് 77 ശതമാനമായി ഉയർന്നതായാണ് കണക്ക്.
ഞായറാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് മെഡിക്കൽ കോളേജിലെ 110 ഐ.സി.യുകളിൽ 99 എണ്ണവും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജില്ലയിലെ കൊവിഡ് ആശുപത്രികളിലായി 136 ഐ.സി.യുകളാണുള്ളത്. ഇതിൽ 105 എണ്ണത്തിലും രോഗികളുണ്ട്. ഒരാഴ്ച മുമ്പ് ഇതായിരുന്നില്ല സ്ഥിതി. കൊവിഡ് ആശുപത്രികളിൽ 46 ശതമാനം ഐ.സി.യുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു.
കൊവിഡ് ആശുപത്രികളിൽ ഒരാഴ്ച മുമ്പ് 68 ശതമാനം വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നത് ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 31 ശതമാനം വെന്റിലേറ്ററുകൾ മാത്രമാണ് ഒഴിവുള്ളത്. നിലവിൽ വെന്റിലേറ്ററുകളുടെ 53 ശതമാനത്തിലും രോഗികൾ ഉണ്ട്.
മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലുള്ളതും അതിതീവ്ര പരിചരണം ആവശ്യമുള്ള രോഗികളുടെ വിഭാഗമായ കാറ്റഗറി സിയിൽ ഉൾപ്പെടുന്ന 49 ശതമാനവും വെന്റിലേറ്ററിൽ ചികിത്സയിലാണ്. നിലവിൽ 11 കിടക്കകൾ മാത്രമാണ് മെഡിക്കൽ കോളേജിലെ ഐ.സി.യുകളിൽ ഒഴിവുള്ളത്. കൊവിഡ് ആശുപത്രികളിൽ ഏപ്രിൽ 10നും 18നും ഇടയിൽ കിടക്കകളുടെ ആവശ്യകത 42 ശതമാനത്തിൽ നിന്ന് 67 ശതമാനമായി ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളേജിലും എസ്.എ.ടിയിലുമായി ആകെയുള്ള 538 കിടക്കകളിൽ 361 എണ്ണവും രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിക്കാനാണ് സാദ്ധ്യത. ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ 3.27 ശതമാനവും ഐ.സി.യുവിലും 1.08 ശതമാനം ആശുപത്രികിളിലെ വെന്റിലേറ്ററിലുമാണ്. മെഡിക്കൽ കോളേജിലെ ഐ.സി.യുകൾ അതിന്റെ പൂർണ ശേഷിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയുമാണ്. നിലവിൽ കാറ്റഗറി സി വിഭാഗത്തിൽപെട്ട 131 രോഗികളാണ് മെഡിക്കൽ കോളേജിലെ ഐ.സി.യുവിലുള്ളത്.
ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുകളിൽ കാറ്റഗറി സി വിഭാഗത്തിൽപെട്ട് 104 രോഗികളാണുള്ളത്. നേരിയ രോഗലക്ഷണങ്ങളുള്ള കാറ്റഗറി എ വിഭാഗത്തിൽ വരുന്ന അഞ്ച് ശതമാനം രോഗികളും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 97 ശതമാനം രോഗികളും സാമാന്യ തോതിൽ രോഗലക്ഷണങ്ങളുള്ള കാറ്റഗറി ബി വിഭാഗത്തിൽ പെടുന്നവരാണ്. ഈ വിഭാഗത്തിൽ 45 ശതമാനം രോഗികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 28 ശതമാനം വീതം രോഗികൾ കാറ്റഗറി, ബി, സി വിഭാഗങ്ങളിലുമായും ഇവിടങ്ങളിൽ ചികിത്സയിലുണ്ട്. ഒരാഴ്ച മുമ്പ് കാറ്റഗറി സിയിൽ പെടുന്ന 64 ശതമാനം കിടക്കകളിലും രോഗികളെ പ്രവേശിപ്പിച്ചിരുന്നു. അതേസമയം, കാറ്റഗറി എ വിഭാഗത്തിൽപെട്ട കിടക്കകളുടെ ആവശ്യകത 14 ശതമാനത്തിൽ നിന്ന് 53 ശതമാനമായി ഉയരുകയും ചെയ്തു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായെങ്കിലും ഇവിടങ്ങളിലെ ആകെ ഐ.സി.യു ഉപയോഗത്തിൽ 30 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം രൂക്ഷമായിരുന്നപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കുറവായിരുന്നു ഇത്. എന്നാലിപ്പോൾ സ്ഥിതി നേരെ വിപരീതമാണ്.