മഞ്ജുവാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം അമേരിക്കി പണ്ഡിറ്റിയുടെ രണ്ടാമത് ഷെഡ്യൂൾ ഭോപ്പാലിൽ ആരംഭിച്ചു. മാധവനും മഞ്ജുവാര്യരും ചേർന്നുള്ള കോമ്പിനേഷൻ സീനുകളാണ് സംവിധായകൻ കൽവേഷ് ചിത്രീകരിക്കുന്നത്. കൽപേഷിന്റെ ആദ്യ ചിത്രമാണ് അമേരിക്കി പണ്ഡിറ്റ്. പൂർണമായി ഭോപ്പാലിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കി പണ്ഡിറ്റ് ചിത്രീകരിക്കുന്നത്. അതേ സമയം മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചതുർമുഖം മികച്ച വിജയം നേടി മുന്നേറുകയാണ്. മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മഞ്ജുവിന്റെ അടുത്ത റിലീസ്. മോഹൻലാൽ, പ്രിയദർശൻ ചിത്രമായ മരക്കാറിൽ അതിഥി വേഷത്തിലാണ് മഞ്ജു എത്തുന്നത്. സഹോദരനും നടനുമായ മധുവാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമാണ് മരക്കാറിനുശേഷമുള്ള റിലീസായി നിശ്ചയിച്ചിട്ടുള്ളത്. ബിജുമേനോനാണ് ചിത്രത്തിൽ മഞ്ജുവിന്റെ നായകൻ. ബിജുമേനോനും മഞ്ജുവും ഒന്നിച്ച കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, കുടമാറ്റം, പ്രണയവർണ്ണങ്ങൾ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്നു.സൈജു കുറുപ്പ്, രഘുനാഥ് പലേരി, ദീപ്തി സതി എന്നിവരാണ് ലളിതം സുന്ദരത്തിലെ മറ്റ് താരങ്ങൾ.