മുംബയ്: പ്രശസ്ത മറാത്തി ചലച്ചിത്ര സംവിധായകയും എഴുത്തുകാരിയും ദേശീയ പുരസ്കാര ജേതാവുമായ സുമിത്ര ബാവെ (78) അന്തരിച്ചു. മുംബയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായി അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 1985ൽ പുറത്തിറങ്ങിയ ഭായ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സുമിത്ര ചലച്ചിത്ര ലോകത്ത് എത്തുന്നത്. സംവിധായകന്‍ സുനില്‍ സുക്തന്‍കറുമായി ചേര്‍ന്നാണ് സുമിത്ര ചിത്രങ്ങള്‍ ഒരുക്കിയിരുന്നത്. കാസവ്, അസ്തു, വെല്‍കം ഹോം, വാസ്തുപുരുഷ്, ദഹാവി ഫാ തുടങ്ങി നിരൂപക പ്രശംസ പിടിച്ചുപറ്റിയ നിരവധി ചിത്രങ്ങൾ ഇരുവരും ചേർന്ന് പുറത്തിറക്കി. ആറ് ദേശീയ പുരസ്കാരങ്ങളാണ് വിവിധ വിഭാഗങ്ങളിലായി സുമിത്ര - സുനിൽ കൂട്ട്കെട്ടിന് ലഭിച്ചത്. 2017ൽ പുറത്തിറങ്ങിയ കാസവ് എന്ന ചിത്രമാണ് സുമിത്ര അവസാനം സംവിധാനം ചെയ്തത്.