വൈകുന്നേരം വരെ ഒന്നും ചെയ്യാനില്ല. സിദ്ദു വീണ്ടും സുധിയുടെ മുറിയിൽ പോയി ഇരുന്നു. കവിതകൾ എഴുതിയ മൂന്നു പുസ്തകങ്ങൾ. വരയിട്ട പുസ്തകം നിറയെ ചെറിയ അക്ഷരങ്ങളിൽ എഴുതി വെച്ചിരിക്കുന്നു. സിദ്ദൂന് വായനയോട് കമ്പം വളരെ കുറവാണ്. എങ്കിലുമവൻ എഴുതിയത് ചിലത് വായിച്ചു. താളുകൾ മറിച്ച് അവിടുന്നും ഇവിടുന്നും എന്ന മട്ടിൽ വായിച്ചു നോക്കി. പലതും വായിച്ചിട്ട് മനസിലാവുന്നില്ല. കവിതയിലെ ബിംബങ്ങൾ...പലതും കവിയ്ക്ക് മാത്രം മനസിലാവുന്ന അമൂർത്ത രൂപങ്ങൾ. സ്കൂളിൽ പഠിക്കുമ്പോൾ പദ്യം പഠിക്കാൻ പെട്ട പാട്...സിദ്ദു ഓർത്തു. സുധിയുടെ കവിതകൾ ഒരു പുസ്തകമാക്കണം. ഒരുപക്ഷേ സുധിക്ക് അങ്ങനെ ഒരു മോഹം ഇല്ലായിരുന്നിരിക്കാം. പക്ഷേ ഇതൊക്കെ പുസ്തകമാക്കി വയ്ക്കണം. അവന്റെ ഓർമ്മകൾ അവന്റെ അക്ഷരങ്ങളിലൂടെ എക്കാലവും ജീവിക്കണം.
വൈകിട്ടെന്ന് പറഞ്ഞെങ്കിലും ഒരൽപ്പം വൈകിയാണ് കിഷോർ എത്തിയത്. സമയം ഏഴു മണി കഴിഞ്ഞിരുന്നു. കിഷോർ ഒരു കൊറിയർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അയാൾ സന്തോഷവാനായി കാണപ്പെട്ടു. ഓഫീസിൽ എന്തെങ്കിലും നല്ല കാര്യം നടന്നിട്ടുണ്ടാവും. താനും അങ്ങനെയാണല്ലോ...സിദ്ദു അനുമാനിച്ചു. കുശലാന്വേഷണം നടത്തുമ്പോൾ സിദ്ദു ശ്രദ്ധിച്ചു. അന്ന് ആശുപത്രിയിൽ കണ്ടപ്പോൾ ഈ രൂപം ഇത്രയ്ക്കും നന്നായി ശ്രദ്ധിക്കാനായില്ല. കിഷോറിന് ഉയരം കുറവാണ്. നല്ല വെളുത്ത നിറം. ക്ലീൻ ഷേവ്. ഫോർമൽ വേഷം നന്നായി ധരിച്ചിരിക്കുന്നു. നല്ല ഞെരുക്കമുള്ള ചുരുൾ മുടി. ഏതാണ്ട് തോളോളം വളർത്തിയിരിക്കുന്നു. മോതിരവും ബ്രേസ്ലെറ്റും. നല്ല പെർഫ്യൂമിന്റെ മണം. ആകെ മൊത്തം ഒരു പോഷ് ലുക്ക്. ആകർഷകമായ വ്യക്തിത്വം. സിദ്ദു തന്നെയാണ് ചായ തയ്യാറാക്കിയത്. സഹായിക്കാൻ വരുന്ന സ്ത്രീ കൃത്യം അഞ്ചു മണിയാകുമ്പോൾ പോകും. അതിനു ശേഷം എന്തെങ്കിലും വേണമെന്നുണ്ടെങ്കിൽ സ്വയം ചെയ്യുകയേ നിവൃത്തിയുള്ളൂ.
സംസാരത്തിനിടയിൽ സിദ്ദു ചോദിച്ചു,
''സുധി...കവിതകൾ എഴുതുമായിരുന്നു അല്ലേ?""
''ങാ!...അതവന്റെ ഒരു സീക്രട്ട് പാഷൻ ആയിരുന്നു. മുമ്പ്... കോളേജിൽ ആയിരുന്നപ്പോൾ...അവൻ ക്ലാസിൽ വച്ച് ചിലതൊക്കെ എഴുതുമായിരുന്നു...ആ ക്രെഡിറ്റിൽ അവന് കുറച്ച് ഫീമെയിൽ ഫാൻസും ഉണ്ടായിരുന്നു...അക്കാലത്ത്!""
കിഷോർ ചിരിച്ചു കൊണ്ടു പറഞ്ഞു.
''എന്നിട്ട്... ഈ കവിതകൾ...ഏതെങ്കിലും മാഗസിനോ വീക്കിലിക്കോ അയച്ചു കൊടുത്തിരുന്നോ?""
''ഹാ! അതല്ലേ രസം! അവൻ ഇങ്ങനെ അവിടേം ഇവിടേമൊക്കെ കുത്തി കുറിച്ചു വെക്കും...ചിലർക്ക് ചുമ്മാതെ കൊടുക്കും. ഒന്നും പബ്ലിഷ് ചെയ്യാൻ മെനക്കെടാൻ പോയിട്ടില്ല...ഞങ്ങളൊക്കെ കുറെ നിർബന്ധിച്ചിട്ടുണ്ട്...ആര് കേൾക്കാൻ?""
''കിഷോറേട്ടനും കവിത എഴുതി തന്നിട്ടുണ്ടോ?""
''അയ്യോ...എനിക്കീ കവിത ഒന്നും വായിച്ചാൽ മനസിലാവില്ല...ഞാനാ ടൈപ്പല്ല!""
''എനിക്ക്...സുധിയുടെ കവിതകളൊക്കെ കളക്ട് ചെയ്താൽ കൊള്ളാമെന്നുണ്ട്...എല്ലാം ചേർത്ത് ഒരു ബുക്ക് പബ്ലിഷ് ചെയ്യണം...ഒരു ഡ്രീമാണത്...""
കിഷോർ, ആ കേട്ടതിനെക്കുറിച്ച് ഒരു നിമിഷം ആലോചിക്കുന്നത് പോലെ തോന്നി.
''ഓ...അങ്ങനെ ആണെങ്കിൽ ഞാനും ഹെൽപ്പ് ചെയ്യാം...നമ്മുടെ ഫ്രണ്ട്സിനോടെല്ലാം ചോദിക്കാം...ചിലർക്ക് വാട്സപ്പിലും ഇമെയിലിലും ഒക്കെ എഴുതി കൊടുത്തിട്ടുണ്ടാവും...പക്ഷേ എനിക്ക് അതൊക്കെ സംഘടിപ്പിക്കാൻ കുറച്ച് സമയമെടുക്കും...""
''അയ്യോ...കിഷോറേട്ടൻ അതിനു ബുദ്ധിമുട്ടണ്ട...ബിസിയല്ലേ... ഞാൻ തന്നെ എല്ലാവരെയും കോണ്ടാക്ട് ചെയ്തു കളക്ട് ചെയ്തോളാം...സുധിയുടെ ഫ്രണ്ട്സിനെ എല്ലാം ഏട്ടനറിയാമായിരിക്കുമല്ലോ...അവരുടെയൊക്കെ കോണ്ടാക്ട് ഡീറ്റെയിൽസ് തരാമോ?""
''പിന്നെന്താ...ഞാൻ സിദ്ദൂന് അയച്ചു തരാം. നമ്പറെന്താ?""
സിദ്ദു നമ്പർ പറഞ്ഞു കൊടുത്തു.
''വീട്ടിൽ ചെന്നിട്ട് ഉടനെ തന്നെ അയച്ചു തരാം...""
''പിന്നെ...ഞാൻ കിഷോറേട്ടനെ വിളിച്ചത്...വേറേ ചില കാര്യങ്ങൾ കൂടി അറിയാനാ...ഞാൻ അറിയാത്ത പലതും സുധിയുടെ ലൈഫിൽ ഉണ്ടെന്ന് തോന്നുന്നു...കണ്ടില്ലെ? കവിത എഴുതുന്ന കാര്യം തന്നെ ഞാൻ ഇന്നാണ് അറിയുന്നത്!""
കിഷോർ എന്തോ ആലോചിച്ചിരിക്കുന്നത് പോലെ തോന്നി.
''മ്മ്...അവൻ വളരെ സീക്രട്ടീവായിരുന്നു...പലതും പലർക്കും അറിയില്ലായിരുന്നു...ചിലപ്പോൾ കവിത എഴുതുന്നവരുടെ മനസ് നമുക്കൊന്നും ശരിക്ക് മനസിലാക്കാൻ പറ്റില്ലായിരിക്കും...""
രണ്ടു പേരും പുറത്ത് ചെടികളിലേക്ക് നോക്കിയിരുന്നു.
കുറച്ച് കഴിഞ്ഞ് സിദ്ദു ചോദിച്ചു,
''അന്ന്...നിങ്ങളെല്ലാരും കൂടിയാ ട്രിപ്പ് പോയില്ലെ...അത് ശരിക്കും എവിടെയാണ്...ശരിക്കും എവിടെയാണ് സുധി ചെന്നു നിന്നത്?""
കിഷോർ തല പിന്നോക്കം ചായ്ച്ചു. എന്നിട്ട് മുകളിലേക്ക് തന്നെ നോക്കി കൊണ്ടു ആ സ്ഥലത്തിന്റെ പേര് പറഞ്ഞു.
''നല്ല സ്ഥലമാണ്...പക്ഷേ ..ഇനി ഒരിക്കലും ഞാനവിടെ പോവില്ല...പോകാൻ പറ്റില്ല...എനിക്കെന്നല്ല...അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആർക്കും...സിദ്ദു...സത്യത്തിൽ ഇപ്പോഴും എനിക്ക് ശരിക്ക് ഉറങ്ങാൻ പറ്റുന്നില്ല...ആ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല...""
''സോറി...എനിക്ക് മനസിലാവും...""
കുറച്ചു നേരം ഒന്നും സംസാരിക്കാതെ ഇരുന്ന ശേഷം സിദ്ദു ചോദിച്ചു,
''അന്ന്...അവിടെ വച്ച് സുധി എന്തെങ്കിലും ചേട്ടനോട് പറഞ്ഞിരുന്നോ?""
''എന്നു വച്ചാൽ...?""
കിഷോർ സംശയഭാവത്തിൽ സിദ്ദൂനെ നോക്കി.
''അത്...ട്രിപ്പ് പോകുന്നതിന് ഏതാണ്ട് ഒരാഴ്ച മുമ്പ് സുധി എന്നെ വിളിച്ചിരുന്നു...അന്ന് ഒരു സ്പെഷ്യൽ കാര്യം എന്നോട് പറയാനുണ്ടായിരുന്നു എന്നു പറഞ്ഞു. പക്ഷേ ആകെ ബിസി ആയിരുന്നത് കാരണം എനിക്കത് എന്താണെന്ന് ചോദിക്കാൻ പറ്റിയില്ല... പിന്നെ ആ കാര്യം മറന്നു പോവുകയും ചെയ്തു...സുധി...ചേട്ടനോട് അങ്ങനെ എന്തെങ്കിലും?...സ്പെഷ്യൽ എന്നു പറയാൻ...പറഞ്ഞിരുന്നോ?""
കിഷോർ കുറച്ചുനേരം ആലോചിച്ച് ഇരുന്ന ശേഷം, ഇല്ല എന്ന മട്ടിൽ തലയാട്ടി.
''അങ്ങനെ ഒന്നും ഓർക്കുന്നില്ലല്ലോ സിദ്ദു...ഇനി അങ്ങനെ എന്തെങ്കിലും സ്പെഷ്യൽ ന്യൂസ് ഉണ്ടായിരുന്നെങ്കിൽ...ഞങ്ങളോട് ഉറപ്പായും പറഞ്ഞേനെ...""
''ഇനി ഒരു പക്ഷെ...ട്രിപ്പിൽ നിങ്ങൾ എല്ലാരോടും ഒരു സർപ്രൈസ് എന്നു പറയാൻ വച്ചിരുന്ന എന്തെങ്കിലും ആയിരിക്കുമോ?""
''ങാ...അതു ചിലപ്പോൾ ആവാൻ ചാൻസുണ്ട്...ആ ട്രിപ്പിൽ ഞങ്ങളെല്ലാരും വേണം...വന്നേ പറ്റൂ എന്ന് അവൻ നിർബന്ധം പിടിച്ചിരുന്നു. അവൻ വലിയ ത്രില്ലിലായിരുന്നു...ചിലപ്പോൾ സിദ്ദു പറഞ്ഞത് പോലെ അവിടെ വച്ച് പറയാൻ വച്ചിരുന്ന എന്തെങ്കിലും കാര്യമായിരിക്കും...പക്ഷേ അതു പറയാൻ...""
അൽപ്പനേരം കഴിഞ്ഞ് സിദ്ദു ചോദിച്ചു,
''അന്ന് അവിടെ ചെന്നിട്ട് നിങ്ങളെന്തൊക്കെ ചെയ്തു?...ചേട്ടൻ സുധിയുടെ കൂടെ തന്നെ ഉണ്ടായിരുന്നില്ലേ?...ചേട്ടനോട് പോലും സുധി ഒന്നും പറഞ്ഞില്ലേ?...ഒരു ക്ലൂ പോലും?""
കിഷോർ എന്തൊക്കെയോ ഓർത്തെടുക്കുന്നത് പോലെ തോന്നി.
''അന്ന്...ഞങ്ങളെല്ലാരും അവിടെ മുകളിൽ ചെന്ന് കുറച്ചു നേരം ഇരുന്നു. അപ്പോഴൊന്നും അങ്ങനെ...സ്പെഷ്യൽ എന്നു പറയാൻ ഒന്നും സംസാരിച്ചതായി ഓർക്കുന്നില്ല...പിന്നീട് അവിടേം ഇവിടേം ചുമ്മാ ചുറ്റിക്കറങ്ങാൻ പോയി. കാഴ്ചകളൊക്കെ കണ്ടു വന്ന് കുറച്ച്കഴിഞ്ഞപ്പോഴാണ് സുധിയെ കാണുന്നില്ല എന്നു മനസിലായത്. ഞങ്ങൾ അവനെ തിരഞ്ഞ് പോയി. അപ്പോഴാണ്...കണ്ടത്...""
അതും പറഞ്ഞ് കിഷോർ മുഖം കുനിച്ച് ഇരുന്നു.
കിഷോറിന്റെ ഭാവമാറ്റം കണ്ട്, താൻ വീണ്ടും അതൊക്കെ ഓർമ്മിപ്പിച്ചത് മോശമായി പോയി എന്നു സിദ്ദൂനു തോന്നി. അവർ പിന്നീട് ഒന്നും തന്നെ സംസാരിച്ചില്ല.
''ഓ...ഇരുന്നിരുന്ന് ലേറ്റായി...ഞാൻ ഇറങ്ങട്ടെ...അച്ഛനോട് പറഞ്ഞാൽ മതി...ങാ...ഞാൻ ഫ്രണ്ട്സിന്റെ കോണ്ടാക്ട് നമ്പേഴ്സ് സിദ്ദൂന് അയച്ചു തരാം...""
''താങ്ക്സ് ഏട്ടാ...""
ബൈക്ക് സ്റ്റാർട്ട് ചെയ്ത് കിഷോർ ഗേറ്റും കടന്നു പോയി.
തിരിഞ്ഞു നടക്കുമ്പോൾ സിദ്ദു, കിഷോർ പറഞ്ഞ സ്ഥലത്തിനെ കുറിച്ച് തന്നെ ആലോചിക്കുകയായിരുന്നു.
ശരിക്കും എവിടെയാണ് ഈ സ്ഥലം? കിഷോർ പോയ ശേഷം അതെവിടെ എന്നറിയാൻ സിദ്ദു ഗൂഗിളിൽ സേർച്ച് ചെയ്തു. ജി.പി.എസ് പ്രകാരം വീട്ടിൽ നിന്നും കൃത്യം രണ്ടുമണിക്കൂറും നാൽപ്പത്തിയെട്ട് മിനിട്ടും. നാളെ തന്നെ അവിടേക്ക് പോകണം. സുധിയുടെ ബൈക്കിൽ പോകാം. സുധി നല്ല പോലെ മെയിന്റെയിൻ ചെയ്തുപോന്ന വണ്ടിയാണ്. അവിടവിടെ നൂൽവണ്ണമുള്ള ചില പോറലുകൾ...പെയ്ന്റ് അല്പം മങ്ങിയിട്ടുണ്ട്. എൻജിൻ നല്ല കണ്ടീഷനിലാണിപ്പോഴും.
കിടക്കാൻ പോകുന്നതിനു മുമ്പ് സിദ്ദു അച്ഛനോട് പറഞ്ഞു
''അച്ഛാ, എനിക്ക് നാളെ ഒരിടം വരെ പോകാനുണ്ട്...ഒരു പഴേ ഫ്രണ്ടിനെ കാണണം...""
''ങാ...നീ ബസ്സിലാണോ?""
''ഓ അല്ല...ഇവിടെ ബൈക്കുണ്ടല്ലോ...ഞാൻ അതിൽ പൊയ്ക്കോളാം.""
''ഉം...സൂക്ഷിച്ച് പോയാൽ മതി.""
കിടക്കയിൽ കിടക്കുമ്പോൾ സിദ്ദു ആ പ്രദേശം എങ്ങനെയാവും കാണാനുണ്ടാവുക എന്നാലോചിച്ചു. തനിക്ക് സുധി നടന്ന വഴിയിലൂടെ പോകണം. എല്ലാം കാണണം...എല്ലാം കേൾക്കണം...സിദ്ദു അവസാനമായി ചെന്നു നിന്നിടം...അത് കാണണം. ഷർമിയെ എല്ലാമറിയിക്കണം. അവൾക്ക് ഒരു ടെക്സ്റ്റ് അയക്കണം.
''അന്വേഷണം ആരംഭിക്കുന്നു. തുടക്കം...എല്ലാം തുടങ്ങിയിടത്ത് നിന്നും.""
അതിനു ശേഷം കിഷോർ അവനോട് പറഞ്ഞ സ്ഥലത്തിന്റെ പേരും എഴുതി. സിദ്ദു ഫോണിൽ തന്നെ അലാറം സെറ്റ് ചെയ്തു. സെൽ ഫോൺ ചാർജ് ചെയ്യാൻ കുത്തി വച്ചു. ശേഷം ഉറങ്ങാനായി കണ്ണുകളടച്ചു കിടന്നു. രാവിലെ ഫോൺ എടുപ്പോൾ തന്നെ സിദ്ദു അത് കണ്ടു കിഷോർ അയച്ചു തന്ന അഞ്ചാറ് നമ്പറുകൾ. ഒരു താങ്ക്സ് മെസേജ് തിരികെ അയച്ച ശേഷം നമ്പറുകളും പേരുകളും അവൻ ഫോണിൽ സേവ് ചെയ്തു വച്ചു. സ്വയം തീരുമാനിച്ചപ്രകാരം രാവിലെ തന്നെ സിദ്ദു പുറപ്പെട്ടു. നഗരവഴികൾ പിന്നിട്ട് ബൈക്ക് പൊയ്ക്കോണ്ടിരുന്നു. പതിയെ ഭൂപ്രകൃതി മാറി വരുന്നത് ശ്രദ്ധിച്ചു. വീടുകളുടെ നിറവും, വഴിയുടെ പ്രകൃതവും...ചുറ്റുമുള്ള ലോകം മാറി മാറി വരുന്നത് പോലെ. സിദ്ദു സുധിയുമൊത്ത് നടത്തിയ യാത്രകളെ കുറിച്ചോർത്തു. യാത്രകൾ എന്നും സുധിക്ക് ഒരു ഹരമായിരുന്നു. കണ്ണിനു സുന്ദരമെന്നു തോന്നുന്നിടം കണ്ടാലുടൻ വണ്ടി നിർത്തി ഫോട്ടോ എടുക്കും. ആദ്യമൊക്കെ ഒരു പോക്കറ്റ് കാമറ അതിനായി കരുതുമായിരുന്നു. പിന്നീട് എല്ലാം ഫോണിൽ തന്നെ എടുക്കാൻ തുടങ്ങി. അതിനായി ഏറ്റവും നല്ല കാമറ ഉള്ള മോഡൽ തന്നെ വാങ്ങുകയും ചെയ്തിരുന്നു. ഫോൺ, മനുഷ്യരെ വിളിക്കാനുള്ള ഒരു ഗാഡ്ജറ്റ് മാത്രമാണെന്നും പറഞ്ഞ് താൻ എത്രമാത്രം തർക്കിച്ചിരിക്കുന്നു!
ഇടയ്ക്ക് ഒരു ചായക്കടയിൽ കയറി ചായയും പുട്ടും മുട്ടക്കറിയും കഴിച്ചു. എന്തൊരു സ്വാദ്! എന്തു കൊണ്ടാണ് ആരുമറിയാത്ത ചെറിയ കടകളിലെ വിഭവങ്ങൾക്ക് ഇത്രയും രുചിയെന്ന് അവൻ അത്ഭുതപ്പെട്ടു. സിദ്ദു യാത്ര തുടർന്നു. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ചെറിയ തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഉയരം കൂടിയ ഒരിടത്തേക്കാണ് ബൈക്ക് കയറി പോകുന്നത്. അവൻ ഗിയർ മാറ്റി. ബൈക്ക് സാവധാനം, ശ്രദ്ധിച്ചു ഓടിക്കാനാരംഭിച്ചു. ഇടയ്ക്ക് ബൈക്കിനും വിശ്രമം ആവശ്യം. എൻജിൻ വല്ലാതെ ചൂടായിട്ടുണ്ടാവും. സുധി എങ്ങനെ ഈ ഒരു ഇടം കണ്ടെത്തി? അപ്പോഴോർത്തു സുധി അംഗമായിരുന്ന വാട്സപ്പ് ഗ്രൂപ്പിനെ കുറിച്ച്. യാത്ര ഒരു അഭിനിവേശമാണവർക്ക്. ആ ഗ്രൂപ്പിലുള്ളവരെ കണ്ടെത്താൻ ശ്രമിക്കണോ? അവിടുള്ളവരിൽ നിന്നും കിട്ടുന്ന വിവരങ്ങൾ തന്റെ സത്യാന്വേഷണത്തിനെ സഹായിക്കുമോ?
കുറച്ചു കൂടി യാത്ര ചെയ്തു കഴിഞ്ഞപ്പോൾ സംശയമായി. തനിക്ക് അങ്ങോട്ടേക്കുള്ള വഴി തെറ്റുമോ? ഗൂഗിൾ ചില ഇടങ്ങൾ വ്യക്തമായി കാണിക്കുന്നില്ല. പിന്നീടങ്ങോട്ട് സിദ്ദു വഴിയിൽ കാണുന്ന ആൾക്കാരോട് ചോദിച്ചാണ് മുന്നോട്ട് പോയത്.
''ഓ...കുറച്ചു നാള് മുൻപ് ഒരു പയ്യൻ വീണ് മരിച്ച ഇടമല്ലേ?""
സിദ്ദൂന് പറയണമെന്നുണ്ടായിരുന്നു, ആ പയ്യൻ...അത് തന്റെ സ്വന്തം മൂത്ത സഹോദരനാണെന്ന്...
ചിലർക്ക് പറയാനുണ്ടായിരുന്നത് വേറേ ചില കഥകളായിരുന്നു.
''സാറേ...ഇവിടെ കൊറേ ചെറുപ്പക്കാര് വരും...കൂടെ കൊറെ പെമ്പിള്ളേരും കാണും... എല്ലാം കഞ്ചാവ് കേസാ...അങ്ങോട്ട് കേറി പോയി നോക്കണം...അവിടെ മുഴുക്കെയും കുപ്പീം കവറും...ആരു ചോദിക്കാനാ?...ആരോട് പറയാനാ...എല്ലാം വല്യ വീട്ടിലെ പിള്ളേരാ...""
സിദ്ദു അതെല്ലാം അവിശ്വസനീയതയോടെ കേട്ടു നിന്നു. ഇനി...സുധിക്ക് താൻ കാണാത്ത മറ്റൊരു മുഖമുണ്ടോ? ആര് പറയുന്നതാണ് സത്യം? ആരെങ്കിലും സത്യം പറയുന്നുണ്ടോ?
സിദ്ദു യാത്ര തുടർന്നു. കുറച്ചു ദൂരം കൂടി കഴിഞ്ഞപ്പോൾ ധാരാളം മരങ്ങൾ വളർന്നു നിൽക്കുന്ന ഭാഗമായി. കാഴ്ച മുഴുവൻ പച്ചിലകൾ മറച്ചു തുടങ്ങി. സിദ്ദു ബൈക്ക് ഒരു വശത്തേക്ക് ഒതുക്കി നിർത്തി. അവിടെ നിന്ന് മുന്നോട്ട് ബൈക്കിൽ പോകാനുമാവില്ല. കാൽനട തന്നെ ശരണം. കുറച്ച് മുകളിലേക്കാണ് നടന്നു പോകേണ്ടത്. ചരൽ വീണു കിടക്കുന്ന വഴി. ആ വഴിയിലൂടെ നടക്കുമ്പോൾ എതിരെ മെലിഞ്ഞ, കുറ്റിത്താടി വച്ചൊരു മനുഷ്യൻ അലക്ഷ്യമായി നടന്നു വരുന്നത് കണ്ടു. അലസതയുടെ ആൾരൂപം പോലെ തോന്നിപ്പിക്കുന്ന ഒരാൾ. പുകച്ചു കൊണ്ടാണ് വരുന്നത്. കൈലിയും അരക്കൈയ്യൻ ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. കണ്ടാൽ തന്നെ ആ നാട്ടുകാരനാണെന്ന് വ്യക്തം. സിദ്ദു അയാളോട് വഴിയന്വേഷിച്ചു. അവനെ അടിമുടി സൂക്ഷിച്ചു നോക്കിയിട്ട് അയാൾ ചോദിച്ചു,
''സാറെ... ഒരു പത്തു രൂപ എടുക്കാനുണ്ടാവോ?""
സിദ്ദു പോക്കറ്റിൽ നിന്നും കുറച്ച് നോട്ടുകളെടുത്തു. കാപ്പി കുടിച്ചതിന്റെ ബാക്കി വാങ്ങിയ ചില്ലറയായിരുന്നു അത്. അതിൽ ഇരുപതിന്റെ ഒരു നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കൊടുക്കണമോ വേണ്ടയോ എന്നു വിചാരിക്കുമ്പോഴേക്കും,
''ങാ...ഇതു മതി സാറെ.""
എന്നും പറഞ്ഞ് അയാൾ അതു കൈക്കലാക്കി.
''സാറ് വാ!""
എന്നും പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു തുടങ്ങി. കട്ടിയുള്ള പുക അയാൾ തുടർച്ചയായി ഊതി വിട്ടു കൊണ്ടിരുന്നു. വഴി മുഴുക്കെയും അയാൾ പുകച്ചൂതിയ കട്ടിപ്പുക വന്നു നിറഞ്ഞു. അതു വകഞ്ഞുമാറ്റിയും തട്ടിത്തെറുപ്പിച്ചും സിദ്ദു പിന്നാലെ നടന്നു.
''ഇവിടെ ചെറുപ്പക്കാരൊക്കെ വരാറുണ്ടോ?""
''കൊള്ളാം...ഇതല്ലേ അവരുടെ സ്ഥലം!""
''ഇതിന്റെ അകത്തേക്ക് കയറി പോയാൽ വഴി തെറ്റി പോവില്ലെ?""
''അങ്ങനെ അധികമാരും ഉള്ളിലേക്ക് കയറി പോവില്ല...അങ്ങോട്ട് ഒരുപാട് വഴിയൊന്നുമില്ല.""
സിദ്ദു അതു ശ്രദ്ധിച്ചു. ഒരു ഒറ്റയടിപ്പാത എന്നു മാത്രമേ പറയാൻ പറ്റുകയുള്ളൂ. അത് ആളുകൾ നടന്ന് നടന്ന് ഉണ്ടായ വഴി പോലെ തോന്നിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ, ഒറ്റയടിപ്പാതയിൽ നിന്നും അകത്തേക്ക് പിരിഞ്ഞും പടർന്നും പോകുന്ന അനേകം കൈവഴികൾ കണ്ടു. ചിലത് വ്യക്തമായും തെളിഞ്ഞു വന്നിട്ടില്ല. ഒറ്റപ്പെട്ടു കിടക്കുന്ന വഴികൾ. സാഹസികരേയും പര്യവേഷകരേയും പുതുക്കാഴ്ചകൾ തിരഞ്ഞു പോകാൻ പ്രലോഭിപ്പിക്കുന്ന ഇടം.
(തുടരും)