sumithra-bhave

പ്രശസ്ത മറാത്തി ചലച്ചിത്ര സംവിധായിക സുമിത്രാ ഭാവെ വിടവാങ്ങി.ശ്വാസകോശ സംബന്ധിയായ അസുഖത്താൽ ചികിത്സയിലിരിക്കെ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.78 വയസായിരുന്നു.ചലച്ചിത്ര സംവിധായിക, നിർമ്മാതാവ്, സാമൂഹ്യ പ്രവർത്തക തുടങ്ങി വ്യത്യസ്ഥമായ വേഷങ്ങളിൽ ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഭാവേയുടേത്.

സഹപ്രവർത്തകനായ സുനിൽ സുക്താങ്കറുമൊത്ത് ഭാവെ സൃഷ്ടിച്ച സിനിമകൾ ദേശീയ അന്തർദ്ദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.പ്രാദേശിക ഭാഷാ ചിത്രങ്ങൾക്ക് ഇന്ത്യൻ സിനിമയിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്ന് വിശ്വസിച്ച ചലച്ചിത്രകാരിയായിരുന്നു ഭാവെ.

സിനിമയുടെ പശ്ചാത്തലമില്ലാതെ വന്നതാണെങ്കിലും ഭാവേയുടെ ചിത്രങ്ങൾ മനുഷ്യ മനസിന്റെ സങ്കീർണ്ണതകളും, പരിസ്ഥിതിയും, പാരമ്പര്യവും ആധുനികതയുമെല്ലാം ചർച്ച ചെയ്തു. ഭാവെ സുക്താങ്കർ സഖ്യം സംവിധാനം ചെയ്ത് അവതരിപ്പിച്ച മിക്ക ചിത്രങ്ങളും സാമൂഹിക പ്രശ്നങ്ങൾ അവതരിപ്പിച്ചു.ഇരുവരുടെയും വഴിത്തിരിവായ ചിത്രം ദോഗി ( 1995 ) ആയിരുന്നു. മൂന്ന് ദേശീയ അവാർഡുകൾ കരസ്ഥമാക്കി.ആധുനികതയും പാരമ്പര്യവും തമ്മിലുള്ള പോരാട്ടമായിരുന്നു ഇതിവൃത്തം.

വാസ്തുപുരുഷ് ( 2002 ), ആസ്തു (2015 ), ദേവ് രാ(2004 ) കസവ് ,സംഹിത തുടങ്ങി അനവധി ചിത്രങ്ങൾ.അതുൽ കുൽഖർണി എന്ന നടനെ വളർത്തിയെടുക്കുന്നതിൽ ഭാവെയുടെ ചിത്രങ്ങൾക്ക് സുപ്രധാന പങ്കുണ്ട്.

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ പലവട്ടം കേരളത്തിൽ സുമിത്രാഭാവെ എത്തിയിട്ടുണ്ട്.