കളത്തിൽ സഹോദരന്മാരുടെ സാമർത്ഥ്യത്തെപ്പറ്റി നാട്ടുകാർക്കൊക്കെ മതിപ്പാണ്. പഠിക്കാൻ മിടുക്കർ.പൊതുവിജ്ഞാനത്തിലും കേമന്മാർ. എങ്കിലും രാമഭദ്രൻ കുറച്ചു അന്തർമുഖനാണ്. അച്ഛന്റെ സാത്വിക സ്വഭാവം പൂർണമായും അവനു കിട്ടിയിട്ടുണ്ട്. ആരോടും വഴക്കില്ല. മോശമായ ഒരു വാക്ക് ആരോടും പറയില്ല. ഏറ്റവും പാവപ്പെട്ട മനുഷ്യരോടും കരുണയോടെയും സമഭാവനയോടെയുമാണ് പെരുമാറ്റം. തന്നാൽ കഴിയുന്ന സഹായം എല്ലാവർക്കും ചെയ്തു കൊടുക്കും. പക്ഷേ, വാഗ്വാദങ്ങളിൽ നിന്ന് അവനെപ്പോഴും ഒഴിഞ്ഞു നിൽക്കും. ഇനി പങ്കെടുത്താലും എളുപ്പത്തിൽ പരാജിതനാവും... അടിപിടി നടക്കുന്ന ഭാഗത്ത് അവനെ കാണാനേ പറ്റില്ല.
പല കാര്യങ്ങളിലും രാമഭദ്രന്റെ നേർവിപരീതമെന്നു വിശേഷിപ്പിക്കാം ലക്ഷ്മണനെ. തികച്ചും ബഹിർമുഖൻ. എവിടെയും ഇടിച്ചുകയറാനുള്ള സാമർത്ഥ്യം. തീപ്പൊരിപ്രസംഗകനാണ്. വാദപ്രതിവാദങ്ങളിൽ അവനെ തോല്പിക്കാൻ പ്രയാസമാണ്. ഒട്ടേറെ സുഹൃത്തുക്കളുണ്ട്. വലിയ നേതാവിന്റെ ഭാവത്തിലാണ് നടപ്പും ഭാവവും. അടിപിടിക്കേസുകളും സുലഭം. ലക്ഷ്മണന്റെ ഏറ്റവും വലിയ എതിരാളിയാരെന്നു ചോദിച്ചാൽ അത് രാമഭദ്രനല്ലാതെ മറ്റാരുമല്ല. രണ്ടുപേരുടെയും പെരുമാറ്റം കണ്ടാൽ, ലക്ഷ്മണൻ ജ്യേഷ്ഠനും രാമഭദ്രൻ അനുജനുമാണെന്നു തോന്നും. കായികമായ കാര്യങ്ങളിൽ പലപ്പോഴും അനുജന്റെ സഹായം തേടേണ്ടി വന്നിട്ടുണ്ട് രാമഭദ്രന് .
ഒരിക്കൽ ലക്ഷ്മണൻ സൈക്കിൾ കൊണ്ടുവന്നിടിച്ചു എന്ന പരാതിയുമായി കർഷകത്തൊഴിലാളിയായ ലാസർ കളത്തിൽ വീട്ടിൽ വന്നു. പദ്മാവതിയുടെ മുമ്പിലാണ് പരാതി എത്തിയത്.സൈക്കിളിന്റെ മുമ്പിൽ ചെന്ന്ചാടിക്കൊടുത്തതെന്തിനെന്നായിരുന്നു പദ്മാവതിയുടെ ചോദ്യം. ലാസർ അന്തം വിട്ടു. അയാൾ തന്റെ കൈയിലെയും മുട്ടിലെയും മുറിവുകൾ കാട്ടി ആവലാതി ആവർത്തിച്ചു. അത് കേട്ടുകൊണ്ട് ഗോവിന്ദൻ നായർ അങ്ങോട്ടുവന്നു. ഭർത്താവിനെ കണ്ടപ്പോൾ പദ്മാവതി പറഞ്ഞു, എവിടെയോ ചെന്ന് മറിഞ്ഞടിച്ചുവീണിട്ട് നഷ്ടപരിഹാരം കിട്ടാൻ വേണ്ടി മോന്റെ പേരിൽ കുറ്റമാരോപിക്കുകയാണ്.
''അല്ലേമോനേ, അല്ല... റോഡിന്റെ സൈഡിക്കൂടെ ചുമ്മാ നടന്നുപോയ എന്റെ ദേഹത്തുവന്നിടിച്ചതാണ്.""
ചുമരിന്മേൽ ചാരിനിന്ന് എല്ലാം കേൾക്കുകയായിരുന്ന രാമഭദ്രൻ പറഞ്ഞു:
''അതിന് ലക്ഷ്മണന് സൈക്കിളോടിക്കാൻ അറിയില്ലല്ലോ അച്ഛാ.""
മകന്റെ നേർക്ക് തിരിഞ്ഞുനോക്കിയിട്ട് ഗോവിന്ദൻ നായർ പറഞ്ഞു:
''അത് ശരിയാണല്ലോ...""
പിന്നെ തിരിഞ്ഞു ലാസറിനോട് പറഞ്ഞു:
''ലാസറേ... ലക്ഷ്മണന് സൈക്കിളോടിക്കാൻ അറിഞ്ഞൂടല്ലോ. പിന്നെ എങ്ങനെ?""
''മോൻ സൈക്കിൾ പഠിക്കുന്നതിനിടയിലാണ് വന്നു മുട്ടിയത്.""
''കള്ളം, പച്ചക്കള്ളം.""
പദ്മാവതി ഉറക്കെ പറഞ്ഞു.
''അവൻ കാലത്തേ പൈസ വാങ്ങിയപ്പോ ബുക്ക് വാങ്ങാനാണെന്നാണല്ലോ പറഞ്ഞത്.""
''അപ്പോ നിന്റെ കൈയിൽ നിന്ന് പൈസ വാങ്ങി, അല്ലേ? എന്നാപ്പിന്നെ സൈക്കിള് ചവിട്ടാൻ തന്നെ പോയതായിരിക്കും. ലാസറേ... നീ വാ. നമുക്കവൻ സൈക്കിൾ പഠിക്കുന്നിടത്തു പോകാം. രാമാ... നീയും വാ.""
ഗോവിന്ദൻ നായർ പോകാനൊരുങ്ങിയപ്പോൾ പദ്മാവതി ചാടിവീണു. ''അപ്പോ നിങ്ങളിയാക്ക് പൈസ കൊടുക്കാൻ പോവുകയാണോ? മോൻ സൈക്കിൾ പഠിക്കാൻ പൈസ ചോദിച്ചപ്പോ നിങ്ങടെ കൈയിൽ പണമില്ലായിരുന്നു. ഇപ്പം നഷ്ടപരിഹാരം കൊടുക്കാൻ പണമുണ്ട്, അല്ലേ?""
ഗോവിന്ദൻ നായർ തിരിഞ്ഞു നിന്നു..
''അപ്പൊ... അവൻ സൈക്കിൾ പഠിക്കാൻ പോണ കാര്യം നിനക്കറിയാമായിരുന്നു,അല്ലേ?""
''കാലത്തേ പൈസ കൊടുത്തായിരുന്നു. അത് സൈക്കിൾ പഠിക്കാനാണെന്ന് ഇയാള് പറഞ്ഞപ്പമല്ലേ മനസിലായത്.""
ഗോവിന്ദൻ നായർ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. രാമഭദ്രനും ലാസറും അയാൾക്കൊപ്പം ചേർന്നു.
''ഡ്രൈവ് ചെയ്യാൻ പഠിക്കുമ്പ ചെല അബദ്ധമൊക്കെ പറ്റും. അതിപ്പ സൈക്കളായാലും ശരി, മോട്ടോർ കാറായാലും ശരി.""
അവർ പോകുന്ന വഴിയേ നോക്കി പദ്മാവതി മുറുമുറുത്തു. പോകുന്ന വഴിയിൽ ഗോവിന്ദൻ നായർ ലാസറോട് വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. നീലകണ്ഠന്റെ ചായക്കടയുടെ അടുത്ത് ഷൺമുഖന്റെ മുറുക്കാൻ കടയുണ്ട്. അവിടെ എപ്പോഴും. മൂന്നുനാല് സൈക്കിളുകൾ ചാരിവച്ചിരിക്കുന്നതു കാണാം. വാടകയ്ക്ക് കൊടുക്കാനുള്ളതാണതൊക്കെ. അവയിൽ ഏറ്റവും മോശപ്പെട്ട സൈക്കിളുകൾ പഠിക്കാൻ വരുന്നവർക്കാണ് കൊടുക്കുക.
ഷണ്മുഖന്റെ കടയോടടുത്തപ്പോൾ അവിടെ വലിയ വാക്കുതർക്കങ്ങൾ നടക്കുന്നത് കേട്ടു.നാലഞ്ചുപേർ കൂടിയിട്ടുണ്ട്. കൂട്ടത്തിൽ നീലകണ്ഠനെയും കണ്ടു. ഗോവിന്ദൻ നായരെക്കണ്ടപ്പോൾ എല്ലാവരും നിശബ്ദരായി.
ലക്ഷ്മണനും ഒരു കൂട്ടുകാരനും തൂണും ചാരി നില്പുണ്ട്.
''ഷണ്മുഖാ, എന്ന് തൊട്ടാണ് ഇവൻ സൈക്കിളെടുക്കാൻ തുടങ്ങിയത്?""
ചെന്നപാടെ ഗോവിന്ദൻ നായർ അന്വേഷിച്ചു.
''രണ്ടു ദെവസമായി അങ്ങുന്നേ.""
ഷൺമുഖൻ ഭിത്തിയിൽ ചാരിവച്ചിരുന്ന ഒടിഞ്ഞും ചതഞ്ഞും പോയ ഒരു സൈക്കിളെടുത്ത് ഗോവിന്ദൻ നായരെ കാണിച്ചു.
''മെനഞ്ഞാന്ന് പയ്യൻ എടുത്തോണ്ടുപോയ സൈക്കിളാണ് അങ്ങുന്നേ.ഇന്നലെയും മെനഞ്ഞാന്നും ചെറിയ തട്ടൊക്കെ തട്ടിയാണ് കൊണ്ടുവന്നത്. എന്നിട്ടും ഞാൻ ചില്ലിക്കാശ് കൂടുതൽ ചോദിച്ചില്ല. അങ്ങുന്നിന്റെ മോനല്ലേന്നു കരുതി. അപ്പഴിതാ ഇന്ന് വണ്ടി ഇങ്ങനെ കണ്ടം തുണ്ടമാക്കി കൊണ്ടുവന്നിരിക്കുന്നു. ഇടിക്കാത്ത സ്ഥലമില്ല. കൂട്ടത്തിൽ ഈ പാവം ലാസറിനെയും കേറിയിടിച്ചു. അതെങ്ങനെ? മര്യാദയ്ക്ക് സൈക്കിൾ പഠിക്കയാണെങ്കി ഇതുണ്ടാവൂല്ല. ഇതിപ്പ സൈക്കിളിൽ അഭ്യാസം നടത്തുയല്ലായിരുന്നോ? അഭ്യാസം. കണ്ടവരൊക്കെ അതാണ് പറയുന്നത്.രണ്ടു ദിവസം പഠിച്ചപ്പ അങ്ങ് ആശാനായിപ്പോയി.""
ലക്ഷ്മണനോടൊപ്പം നിന്ന ബാലനെ ചൂണ്ടി ഷണ്മുഖൻ പറഞ്ഞു:
''ദാണ്ടെ ഈ നകുലനാണ് സൈക്കിളുപഠിത്തത്തിൽ പയ്യന്റെ ആശാൻ. അവനോട് ഇന്നത്തെ കാര്യം ചോദിച്ചപ്പം പറയണ കേട്ടാ, രണ്ടുദിവസം കഴിഞ്ഞപ്പം അവൻ ശിഷ്യനും പയ്യൻ ആശാനുമായിപ്പോയെന്ന്.""
അതുകേട്ട് എല്ലാവരും ചിരിച്ചു. ലക്ഷ്മണൻ അമർഷത്തോടെ നകുലനെയും ഷൺമുഖനെയും നോക്കി.
''ഷൺമുഖാ... ഷണ്മുഖാ, നിനക്ക് റിപ്പയറിംഗിന് എന്താവുമെന്ന് വച്ചാ പറ. ഞാനതങ്ങു തരാം. നാളെത്തൊട്ട് രാമനും കൂടെ സൈക്കിള് പഠിക്കാൻ വരട്ടെ.""
തിരിഞ്ഞു അരികിൽ നിന്ന രാമഭദ്രനോട് ഗോവിന്ദൻ നായർ പറഞ്ഞു.
''നിനക്ക് സൈക്കിളറിഞ്ഞു കൂടല്ലോ... അല്ലേ? അത് പഠിക്കണം . അത്യാവശ്യമായ കാര്യമാണ്.""
പിന്നെ അയാൾ നകുലന്റെ നേർക്ക് തിരിഞ്ഞു.
''ലക്ഷ്മണൻ പഠിച്ചുതീർന്നിട്ടില്ലെങ്കി അവനെക്കൂടെ പഠിപ്പിക്കുക. പക്ഷേ , ഇവരെ രണ്ടുപേരെയും ഒന്നിച്ചു വേണം പഠിപ്പിക്കാൻ. നിന്റെ കാശ് ഞാൻ തരാം.""
തിരിഞ്ഞു നടക്കുമ്പോൾ ലാസറോട് ഗോവിന്ദൻ നായർ പറഞ്ഞു:
''വാ, നിന്നെ വേലായുധൻ വൈദ്യരുടെ അടുത്തു കൊണ്ടുപോകാം.""
ലാസർ തല ചൊറിഞ്ഞു കൊണ്ട് നിന്നു.
''എന്താ ലാസറേ... എന്താ നിന്നു കളഞ്ഞത്?""
സംശയത്തോടെ ഗോവിന്ദൻ നായർ ചോദിച്ചു.
''അല്ല, അങ്ങുന്നേ... വൈദ്യരുടെയടുത്ത് ഞാൻ പൊയ്ക്കൊള്ളാം. അങ്ങുന്ന് കാശ് തന്നാ മതി.""
ഗോവിന്ദൻ നായർ പോക്കറ്റിൽ കൈയിട്ട് കിട്ടിയ കാശെടുത്ത് ലാസറിനു കൊടുത്തു.
''പൈസ തെകഞ്ഞില്ലെങ്കിൽ പറഞ്ഞാ മതി.""
വലിയ സന്തോഷത്തോടെ ലാസർ കൈകൂപ്പി.
''എന്നാപ്പിന്നെ ഞാനങ്ങോട്ട്...""
ലാസർ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ലക്ഷ്മണൻ പറഞ്ഞു:
''അയാളാ പൈസയ്ക്ക് കള്ള് കുടിക്കും.""
''അത് നീയറിയേണ്ട കാര്യമില്ല. നീ വണ്ടി കൊണ്ടുചെന്ന് അയാളെ ഇടിച്ചിട്ടതുകൊണ്ടാണ് അയാൾക്ക് പൈസ കൊടുക്കേണ്ടിവന്നത്. പൈസ എങ്ങനെ അയാൾ ഉപയോഗിക്കുന്നു എന്ന് നമ്മൾ നോക്കുന്നതെന്തിന്?""
പിന്നെ ലക്ഷ്മണൻ ഒന്നും മിണ്ടിയില്ല.
അവരെല്ലാം നിശബ്ദരായി നടന്നു. ആ നിശബ്ദതയെ ഭേദിച്ചത് ലക്ഷ്മണൻ തന്നെയായിരുന്നു.
''അച്ഛാ... ഞാനൊരു കാര്യം പറയട്ടെ...""
ഗോവിന്ദൻ നായർ മൂളി. ലക്ഷ്മണൻ തുടർന്നു:
''ഇതിപ്പോ... ചേട്ടനും കൂടി പഠിക്കാൻ വരികയല്ലേ, അപ്പപ്പിന്നെ സൈക്കിൾ വാടകയ്ക്കെടുക്കുന്നതെന്തിന്? ഒരു സൈക്കിളങ്ങ് വാങ്ങിയാ ഞങ്ങക്ക് രണ്ടാൾക്കും അതില് പഠിക്കാമല്ലോ.""
കുറച്ചുനേരം ഗോവിന്ദൻ നായർ മറുപടി പറയാതെ നടന്നു. പിന്നെ ഉറച്ച സ്വരത്തിൽ പറഞ്ഞു:
''അത് വേണ്ട... ആദ്യം നിങ്ങൾ രണ്ടാളും സൈക്കിൾ നന്നായിട്ടു പഠിക്കുക. അതുകഴിഞ്ഞാൽ വീട്ടിലൊരു സൈക്കിള് വാങ്ങിച്ചിടും.. ആവശ്യമുള്ളവര് ആവശ്യമുള്ളപ്പോ എടുത്തോടിക്കണം. അത്ര തന്നെ.""
ലക്ഷ്മണൻ തീരെ പിടിക്കാത്ത മട്ടിൽ രാമഭദ്രനെ നോക്കി. അവന്റെ മുഖത്ത് ഒരു ഭാവഭേദവും കണ്ടില്ല.
*******************
പിറ്റേന്ന് രാവിലെ തന്നെ സൈക്കിൾ പഠനം തുടങ്ങി. അച്ഛനെ നമസ്ക്കരിച്ചുകൊണ്ടാണ് രാമഭദ്രൻ വീട്ടിൽ നിന്നിറങ്ങിയത്. അതുകണ്ട ലക്ഷ്മണന്റെ മുഖത്ത് ഒരു പരിഹാസച്ചിരി മിന്നിമറഞ്ഞു.
ഷൺമുഖന്റെ കടയിൽനിന്ന് സൈക്കിളെടുക്കുന്നതിനുമുൻപ് രാമഭദ്രൻ അച്ഛൻ കൊടുത്തയച്ചിരുന്ന പണം അയാളെ ഏല്പിച്ചു.
''സൂക്ഷിച്ചോടിക്കണം... കേട്ടോ രാമാ.""
രാമഭദ്രൻ തല കുലുക്കി.
യാത്ര പുറപ്പെടുന്നതിനു മുമ്പ് ലക്ഷ്മണനും നകുലനും കൂടി കുറേനേരം സ്വകാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു. നകുലൻ ഇടയ്ക്കിടയ്ക്ക് ചിരിക്കുന്നതു കണ്ടു. തലേ ദിവസത്തെ നീരസമൊക്കെ ലക്ഷ്മണൻ മറന്നതുപോലെ തോന്നി. ആദ്യം കുറച്ചുദൂരം ലക്ഷ്മണൻ ചവിട്ടി. രാമഭദ്രനും നകുലനും കാൽനടയായി അവനെ പിന്തുടർന്നു. പിന്നെ രാമനെ വണ്ടിയിൽ കയറ്റി. വല്ലാത്ത സങ്കോചമായിരുന്നു അവന്. എങ്കിലും അനുജന്റെ മുമ്പിൽ മോശക്കാരനാവാൻ പാടില്ലെന്ന വാശി അവനുണ്ടായിരുന്നു.ഒന്നുരണ്ടു പ്രാവശ്യം വീഴാൻ പോയെങ്കിലും പിന്നീടവൻ സൈക്കിളിന്റെ പുറത്ത് വിജയകരമായി കയറി. മെല്ലെ മെല്ലെ ബാലൻസ് പിടിച്ചു അവൻ സൈക്കിൾ ചവിട്ടിത്തുടങ്ങി.നകുലൻ നേരെ ചവിട്ടുന്നതിന് അവനെ സഹായിച്ചു.
രാമഭദ്രൻ മെല്ലെ മെല്ലെ ചവിട്ടിക്കൊണ്ടിരുന്നു. പുറകിലായി ലക്ഷ്മണന്റെയും നകുലന്റെയും സംസാരവും പൊട്ടിച്ചിരിയും കേൾക്കാമായിരുന്നു. സൈക്കിൾ ഒരു കുന്നിന്റെ കീഴിലെത്തി.അപ്പോൾ നകുലൻ രാമഭദ്രനോട് താഴെയിറങ്ങാൻ പറഞ്ഞു.വളരെ ബുദ്ധിമുട്ടി അവൻ സൈക്കിൾ നിർത്തി താഴെയിറങ്ങി.
''ഇനി കുന്നിന്റെ മുകളിലെത്തിയിട്ടുവേണം സൈക്കിളിൽ കയറാൻ.""
നകുലൻ നിർദേശം കൊടുത്തു.
''അതുവരെ സൈക്കിളുരുട്ടി കയറ്റണം. അത് ഒരു പഠിപ്പാണ്. ഉരുട്ടി മുകളിലെത്തുമ്പോൾ സൈക്കിളിൽ കയറണം.എന്നിട്ട് ചവിട്ടി ഞങ്ങളുടെയടുത്തു വരണം.""
രാമഭദ്രൻ സൈക്കിളുരുട്ടാൻ തുടങ്ങിയപ്പോൾ നകുലനും ലക്ഷ്മണനും മുന്നിൽക്കയറി നടന്നു.അവൻ ക്ലേശിച്ചു സൈക്കിൾ മുകളിലേക്കുരുട്ടുമ്പോൾ അവർ രണ്ടാളും സംസാരിച്ചും പൊട്ടിച്ചിരിച്ചും വേഗത്തിൽ നടന്നു.
കുന്നിൻമുകളിലെത്തിയപ്പോൾ അവരെ എങ്ങും കണ്ടില്ല. രാമഭദ്രന് വല്ലാത്ത പരിഭ്രമം തോന്നി.എന്തായാലും ചവിട്ടി അവരുടെയടുത്തെത്തണമല്ലോ. അവൻ മെല്ലെ സൈക്കിളിന്മേൽ കയറി. അടുത്ത കാൽ വയ്ക്കും മുമ്പ് സൈക്കിൾ ഒന്ന് വെട്ടിത്തിരിഞ്ഞുറോഡിന്റെ ഇടതുവശത്ത് ഒരു ചെറിയ കൊക്കയായിരുന്നു.രാമഭദ്രന് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനുമുൻപ് സൈക്കിൾ കൊക്കയിലേക്ക് തെന്നി നീങ്ങി. കൊക്കയുടെ തുടക്കത്തിലെ മരച്ചില്ലകളിലും പാറക്കെട്ടുകളിലും തട്ടി സൈക്കിൾ മറിഞ്ഞു.സൈക്കിൾ അവിടെ തടഞ്ഞുകിടന്നെങ്കിലും പിടിവിട്ടുപോയ രാമഭദ്രൻ കൊക്കയുടെ അടിയിലേക്ക് ഉരുണ്ടുപോയി.ചരൽക്കല്ലും മണലും നിറഞ്ഞ ഭാഗമായിരുന്നു അത്. അതിനാൽ അവൻ താഴേക്ക് താഴേക്ക് ഉരുണ്ടു പോയി.
''ലക്ഷ്മണാ..നകുലാ...""
എന്ന് അവൻ നിലവിളിച്ചുകൊണ്ടിരുന്നു.
ഉരുണ്ടുരുണ്ട് അവൻ താഴെ വീണു.. അവിടെനിന്ന് മുകളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കാൽതെറ്റി താഴേക്കു തന്നെ പൊയ്ക്കൊണ്ടിരുന്നു.അവൻ മുകളിലേക്ക് നോക്കി വിളി തുടർന്നു
അപ്പോഴേക്ക് ലക്ഷ്മണനും നകുലനും മുകളിലെത്തി താഴോട്ട് നോക്കുന്നതു കണ്ടു.അവൻ അവരെ ഉച്ചത്തിൽ വിളിച്ചു. അവർ അവനെ കണ്ടു.അവർ മെല്ലെ താഴേക്കിറങ്ങി.മുകളിലേക്ക് കയറാൻ ശ്രമിച്ചാൽ വഴുതി താഴേക്ക് പോകുമെന്നറിയാവുന്നതുകൊണ്ട് അവർ വരുന്നതും കാത്ത് അവൻ പിടിച്ചുനിന്നു.
താഴേക്കിറങ്ങിയ ലക്ഷ്മണനും നകുലനും സൈക്കിൾ കിടക്കുന്നിടത്തെത്തി. രണ്ടുപേരും ചേർന്ന് സൈക്കിൾ വലിച്ചെടുത്തു. അതും കൊണ്ട് മുകളിലേക്ക് കയറി.സൈക്കിൾ കൊണ്ടുവച്ചിട്ട് അവർ തന്നെ സഹായിക്കാനെത്തുമെന്ന് രാമഭദ്രൻ കരുതി.
സൈക്കിളുരുട്ടി മുകളിലെത്തിയപ്പോൾ അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
''അച്ഛന്റെ അനുഗ്രഹം വാങ്ങിയതുകൊണ്ടൊന്നും ഒരു കാര്യവുമില്ല രാമാ...""
ലക്ഷ്മണൻ വിളിച്ചു പറഞ്ഞു.
''അനുഭവിക്കാനുള്ളത് അനുഭവിച്ചുതന്നെ തീരണം.""
അങ്ങനെ പറഞ്ഞുകൊണ്ട് ലക്ഷ്മണൻ സൈക്കിളിൽ കയറി. നകുലൻ പിന്നിൽ കയറി.സൈക്കിൾ വേഗത്തിൽ മുന്നോട്ടു നീങ്ങി.
(തുടരും)