കൊച്ചി: കൊവിഡിന്റെ ഒന്നാം തരംഗകാലത്ത് സാമ്പത്തിക ഞെരുക്കത്തിലായ എം.എസ്.എം.ഇകൾക്കായി 'ആത്മനിർഭർ" പാക്കേജിലുൾപ്പെടുത്തി പ്രഖ്യാപിച്ച പ്രത്യേക വായ്‌പയുടെ നിബന്ധനകളിൽ ഇളവുകളുമായി കേന്ദ്രസർക്കാർ. രണ്ടാംതരംഗത്തിലേക്ക് കൊവിഡ് - അതിരൂക്ഷമായി- കടന്നതും വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌ത പശ്ചാത്തലത്തിലാണിത്. നാഷണൽ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനിയാണ് (എൻ.സി.ജി.ടി.സി) ബാങ്കുകൾ, എൻ.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി 'എമർജൻസി ക്രെഡിറ്ര് ലൈൻ ഗ്യാരന്റി" സ്‌കീം (ഇ.സി.എൽ.ജി.എസ്) എന്ന പ്രത്യേക വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ.
തുടക്കത്തിൽ എം.എസ്.എം.ഇകൾക്കായാണ് പദ്ധതി നടപ്പാക്കിയതെങ്കിലും പിന്നീട് ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി കെ.വി. കാമത്ത് അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി കണ്ടെത്തിയ, കൊവിഡിൽ വൻ പ്രതിസന്ധിയിലായ 26 മേഖലകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ഊർജം, ടെക്‌സ്‌റ്റൈൽ, ആരോഗ്യരംഗം, വ്യോമയാനം, റീട്ടെയിൽ, സിമന്റ്, നിർമ്മാണം, ഹോട്ടൽ, റെസ്‌റ്റോറന്റ്, കാറ്ററിംഗ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇതുവരെ വായ്‌പാ തിരിച്ചടവിൽ കുടിശിക ഇല്ലാത്ത, സ്‌റ്റാൻഡേർഡ് അക്കൗണ്ടുകൾക്കാണ് ഇ.സി.എൽ.ജി.എസ് വായ്‌പ അനുവദിച്ചിരുന്നത്.
50 കോടി മുതൽ 500 കോടി രൂപവരെ നിലവിൽ വായ്‌പാ തിരിച്ചടവുള്ളവരാണ് അർഹർ. ഇനിമുതൽ 2020 ഫെബ്രുവരി 29ലെ കണക്കുപ്രകാരം 31 മുതൽ 60 ദിവസം വരെ തിരിച്ചടവ് കുടിശികയുള്ള സ്‌പെഷ്യൽ മെൻഷൻ അക്കൗണ്ട് (എസ്.എം.എ - 0/1) ഉടമകൾക്കും വായ്‌പ ലഭിക്കും. നിലവിലെ വായ്‌പാ തിരിച്ചടവിന്റെ പരമാവധി 20 ശതമാനം തുകയാണ് പുതിയ വായ്‌പയായി ലഭിക്കുക.
നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, പൂർണമായും സർക്കാരിന്റെ ഗ്യാരന്റിയോടെ കൂടുതൽ വായ്‌പ നേടാനുള്ള അവസരമാണ് സംരംഭകർക്ക് ലഭിക്കുന്നത്. ഈ തുക പ്രയോജനപ്പെടുത്തി കുടിശിക വീട്ടുകയോ സംരംഭം പുനരുജ്ജീവിപ്പിക്കുകയോ ചെയ്യാം. കൊവിഡിൽ സംരംഭങ്ങൾ പൂട്ടുന്നതും തൊഴിൽനഷ്‌ടമുണ്ടാവുന്നതും ചെറുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
വായ്‌പയ്ക്കായി
₹54,000 കോടി
മൂന്നുലക്ഷം കോടി രൂപയുടെ ഇ.സി.എൽ.ജി.എസ് വായ്‌പയാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 31 വരെയായിരുന്നു വായ്‌പ അനുവദിക്കാനുള്ള സമയപരിധി. എന്നാൽ, ലക്ഷ്യമിട്ടതിന്റെ 65 ശതമാനം പേർ മാത്രമാണ് അക്കാലയളവിൽ പദ്ധതി പ്രയോജനപ്പെടുത്തിയത്. ഇതുകൂടി കണക്കിലെടുത്ത് കേന്ദ്രം പിന്നീട് പദ്ധതിയുടെ കാലാവധി ഈവർഷം ജൂൺ 30ലേക്ക് നീട്ടി.
ഫെബ്രുവരി 28വരെയുള്ള കണക്കുപ്രകാരം പദ്ധതിയിലൂടെ വിതരണം ചെയ്‌തത് 2.46 ലക്ഷം കോടി രൂപയാണ്. അതായത് 54,000 കോടി രൂപയുടെ വായ്‌പ കൂടി പദ്ധതിപ്രകാരം ഇനിയും ബാങ്കുകൾക്കും എൻ.ബി.എഫ്.സികൾക്കും അനുവദിക്കാം.