fadnavis

മുംബയ്: കൊറോണ വൈറസിനെ കണ്ടാൽ അതിനെ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്​നാവിസിന്‍റെ വായിൽ ഇടുമായിരുന്നുവെന്ന ശിവസേന എം.എൽ.എ സഞ്​ജയ്​ ഗെയ്​ക്​വാദിന്റെ പ്രസ്താവന വിവാദത്തിൽ.

സംസ്ഥാനത്തെ മന്ത്രിമാരെ പിന്തുണക്കുന്നതിന്​ പകരം ബി.ജെ.പി അവരെ പരിഹസിക്കുകയും സര്‍ക്കാരിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് നോക്കുകയും ചെയ്യുന്നു​. ഫഡ്​നാവിസും ബി.ജെ.പി നേതാക്കളായ പ്രവീൺ ദരീകറും ചന്ദ്രകാന്ത്​ പാട്ടീലും ​റെംഡസിവിർ വിഷയത്തിൽ വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കുകയാണ്. റെംഡസിവിർ ഉൽപാദനം നടത്തുന്ന കമ്പനികളോട്​ മഹാരാഷ്​ട്രക്ക്​ മരുന്ന്​ നൽകരുതെന്ന്​ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടുവെന്നും മതിയായ ഓക്​സിജൻ നൽകുന്നില്ലെന്നും ഗെയ്​ക്​വാദ്​ പറഞ്ഞു. മഹാരാഷ്ട്രയിൽ ജനങ്ങൾ മരിച്ചുവീഴുമ്പോൾ അവർ ഗുജറാത്തിലേക്ക്​ സൗജന്യമായി റെംഡസിവിർ അയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഫഡ്നാവിസിനെതിരെ രംഗത്തെത്തിയിരുന്നു.

മുംബയില്‍ നിന്ന് വന്‍തോതില്‍ റെംഡെസിവിർ വ്യോമമാര്‍ഗം കടത്താനുള്ള ശ്രമം പൊലീസ്​ തടഞ്ഞിരുന്നു. തുടർന്ന്, പൊലീസ്​ മരുന്ന് നിര്‍മാണക്കമ്പനി പ്രതിനിധികളെ കസ്റ്റഡിയിലെടുത്തു. ഇതിന്​ പിന്നാലെ പൊലീസ്​ നടപടിയില്‍ ഫഡ്നാവിസ് പ്രതിഷേധിച്ചിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധവുമായെത്തിയ ഫഡ്‌നാവിസിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.