pooram

തൃശൂർ: കൊവിഡ് മൂലം ഇത്തവണ പ്രതിസന്ധിയിലായ തൃശൂർ പൂരം ആചാരപരമായ ചടങ്ങുകളോടെ നടത്താൻ തീരുമാനമായി. എന്നാൽ പൂരപ്പറമ്പിലേക്ക് സംഘാടകർക്ക് മാത്രമേ പ്രവേശനമുള‌ളൂ, കാണികൾക്ക് പ്രവേശനമില്ല. ചാനലുകൾ വഴിയും ഓൺലൈനായും പൊതുജനങ്ങൾക്ക് പൂരം കാണാം. ഇതിനായി നിയോഗിക്കപ്പെട്ട മാദ്ധ്യമപ്രവർത്തകർക്കും ആർ‌ടി‌പി‌സി‌ആർ പരിശോധന ഫലം നിർബന്ധമാണ്.

പൂര ചമയം ഇത്തവണ ഉണ്ടാകില്ല. 21ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ട് ഒരു കുഴിമിന്നൽ മാത്രമേ ഉണ്ടാകൂ. പൂരത്തിന്റെ പി‌റ്റേ ദിവസമായ 24ന് നടക്കേണ്ട പകൽ പൂരം വേണ്ടെന്ന് വച്ചു. പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാ‌റ്റത്തിന്റെ സമയം വെട്ടിച്ചുരുക്കി. എന്നാൽ മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും നടക്കും.

ഘടക പൂരങ്ങളിലെ സംഘാടകർക്കും പൂരപ്പറമ്പിലേക്ക് പ്രവേശിക്കാം. സംഘാടകർക്കും കൊവിഡ് നെഗ‌റ്രീവ് സർട്ടിഫിക്ക‌റ്ര് നിർബന്ധമാണ്. അതല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാകണം. ഡി.എം.ഒ, കമ്മീഷണർ, ജില്ലാ കളക്‌ടർ എന്നിവർക്കാണ് പൂരം നടത്തിപ്പിന്റെ ചുമതല. ആളുകൾ കൂട്ടമായെത്തിയാൽ പൂരത്തിന്റെ കൊവിഡ് നിയന്ത്രണം താറുമാറാകുമെന്ന ആശങ്കയാണ് പൊതുജനങ്ങളെ നിരോധിക്കാൻ കാരണമായതെന്നാണ് സൂചന.

പ്രധാന വെടിക്കെട്ട് നിയന്ത്രണങ്ങളോടെയേ നടത്തൂ. പാറമേക്കാവ് വിഭാഗം നിബന്ധനകൾ അംഗീകരിച്ചതായി അറിയിച്ചു. പൂരം നടത്തിപ്പിന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ചെയർമാനായുള്ള ഒരു മെഡിക്കൽ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് സർജറി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. രവീന്ദ്രൻ, കമ്മ്യൂണിറ്റി മെഡിസിൻ അഡീഷണൽ പ്രൊഫസർ ഡോ. ബിനു അറീക്കൽ എന്നിവരാണ് കമ്മി‌റ്റിയംഗങ്ങൾ. ഇവരാണ് പൂരം നിയന്ത്രണങ്ങൾ തീരുമാനിച്ചത്.