vaccine

ന്യൂഡൽഹി: മൂന്നാം ഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. മേയ് ഒന്നു മുതൽ 18 വയസ് കഴിഞ്ഞവർക്കും വാക്സിൻ നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ വിവിധ ഫാർമ കമ്പനികളുമായും വിദഗ്ധ ഡോക്ടർമാരുമായും നടത്തിയ യോഗത്തിനു ശേഷമാണ് തീരുമാനം.

ചുരുങ്ങിയ സമയത്തിനുളളിൽ പരമാവധി ഇന്ത്യക്കാർക്ക് വാക്സിൻ ലഭ്യമാക്കാൻ ഒരു വർഷത്തിലേറെയായി കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. രാജ്യത്ത് റെക്കോഡ് വേഗത്തിൽ ആളുകളെ വാക്സിനേറ്റ് ചെയ്യുന്നുണ്ടെന്നും അതിവേഗത്തിൽ തങ്ങൾ ഇത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിൽ വാക്സിൻ, നിർമാതാക്കളിൽ നിന്നും നേരിട്ടുവാങ്ങുവാൻ സംസ്ഥാനങ്ങളെ അനുവദിക്കും. കമ്പനികൾക്ക് തങ്ങളുടെ വാക്സിനുകൾ തുറന്ന വിപണിയിൽ വിൽക്കാനും കഴിയും. കമ്പനികൾ ഉദ്പാദിപ്പിക്കുന്ന വാക്സിന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകണമെന്നും യോഗത്തിൽ തീരുമാനമായി.

പൊതുവിപണിക്കും സംസ്ഥാന സർക്കാരുകൾക്കും നൽകുന്ന വാക്സിൻ ഡോസുകൾക്ക് വില മുൻകൂട്ടി നിശ്ചയിക്കും. ഈ വിലയുടെ അടിസ്ഥാനത്തിൽ, സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രികൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിർമ്മാതാക്കളിൽ നിന്ന് വാക്സിൻ ഡോസുകൾ വാങ്ങാവുന്നതാണ്.

ആരോഗ്യ പവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, 45 വയസിനു മുകളിലുള്ളവർ എന്നിവർക്കായി കേന്ദ്ര സർക്കാർ ഇപ്പോൾ നൽകി വരുന്ന സൗജന്യ വാക്സിനേഷൻ ഇനിയും തുടരും. കേസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കേന്ദ്രം അവരുടെ വിഹിതത്തിൽ നിന്ന് സംസ്ഥാനങ്ങളിലേക്കോ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കോ വാക്സിനുകൾ അയക്കും. വാക്സിൻ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ ക്വാട്ടയെ ബാധിക്കും. നിലവിലുള്ള മുൻഗണനാ ഗ്രൂപ്പുകൾക്ക് രണ്ടാമത്തെ ഡോസിനും മുൻഗണനയുണ്ടായിരിക്കും.