baiden

മോസ്‌കോ: ജയിലിൽ നിരാഹാര സമരം തുടരുന്ന അലക്സി നവാൽനിയുടെ ആരോഗ്യനില മോശമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതിന് പിന്നാലെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. അലക്സി നവാൽനിയുടെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് അറിഞ്ഞിട്ടും റഷ്യൻ ഭരണകൂടം പ്രതികരിക്കാത്തതിനെ തുടർന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയത്. ജയിലിൽ കഴിയുന്ന അലക്സി നവാൽനി മരിച്ചാൽ അന്താരാഷ്ട്ര സമൂഹത്തിന് ഉത്തരവാദിത്തമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.അലക്സി നവാൽനിയോടുള്ള റഷ്യൻ സർക്കാരിന്റെ സമീപനത്തിൽ യൂറോപ്യൻ യൂണിയനും ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളും ആശങ്ക പങ്കുവച്ചു. യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാർ സ്ഥിതിഗതികൾ ചർച്ച ചെയ്തു. റഷ്യയുടെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും രൂക്ഷമായ ഭാഷയിൽ ലണ്ടനിലെ റഷ്യൻ അംബാസഡർ ആൻഡ്രി കെലിൻ പ്രതികരിച്ചു. 'നവാൽനിയെ ജയിലിൽ മരിക്കാൻ അനുവദിക്കില്ല. അദ്ദേഹം ഒരു തെമ്മാടിയെ പോലെയാണ് പെരുമാറുന്നതെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അലക്സി നവാൽനിയുടെ ഡോക്ടർമാരുടെ വിശദീകരണം പുറത്തുവന്നതിന് പിന്നാലെ റഷ്യയിൽ വിവാദം ശക്തമാകുകയാണ്. ബുധനാഴ്ച വൈകുന്നേരം റഷ്യയിലുട നീളം വൻ പ്രതിഷേധത്തിന് നവാൽനി അനുകൂലികൾ ആഹ്വാനം ചെയ്തു. 'പ്രവർത്തിക്കേണ്ട സമയമാണിത്, ഞങ്ങൾ സംസാരിക്കുന്നത് നവാൽനിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചാണ്' എന്ന് അദ്ദേഹത്തിന്റെ അനമുയായിയായ ലിയോണിഡ് വോൾകോവ് ഫേസ്ബുക്കിൽ കുറിച്ചു. ബുധനാഴ്ചത്തെ റാലി തിന്മയ്‌ക്കെതിരെയുള്ള നിർണായക പോരാട്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു . നവാൽനി വിഷയം യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫ്രാൻസ് പ്രതികരിച്ചു.