കൊച്ചി: കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയും ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയും ചെയ്തതോടെ, സമ്പദ്വളർച്ചയിലേക്കുള്ള ഇന്ത്യയുടെ കരകയറ്റം വൈകുമെന്ന ആശങ്കമൂലം ഓഹരി വിപണികൾ ഇന്നലെ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഒരുവേള 1,469 പോയിന്റിടിഞ്ഞ സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത് 882 പോയിന്റ് നഷ്ടത്തോടെ 47,949ൽ. വ്യാപാരത്തിനിടെ 427 പോയിന്റുവരെ ആടിയുലഞ്ഞ നിഫ്റ്റി ഇപ്പോഴുള്ളത് 258 ഇടിഞ്ഞ് 14,359ലാണ്.
ശുഭപ്രതീക്ഷയോടെ ഓഹരികൾ വാങ്ങിക്കൂട്ടുന്നവരെക്കാൾ (കാളകൾ എന്ന് വിശേഷണം), ഭാവി ശോഭനമല്ലെന്ന് ചിന്തിച്ച് ഓഹരി വിറ്റുപിന്മാറുന്നവർ (വിശേഷണം : കരടികൾ) കളംനിറഞ്ഞതാണ് ഓഹരി വിപണിയെ തളർത്തിയത്. സമ്പദ്വളർച്ചയുടെ തിരിച്ചുകയറ്റം വൈകുമെന്ന് മാത്രമല്ല, കൂടുതൽ സാമ്പത്തിക ആഘാതം 'കൊവിഡ് 2.0" മൂലം ഉണ്ടാകുമെന്നും ഇവർ ഭയപ്പെടുന്നു. ജി.ഡി.പിയിൽ നിർണായകപങ്കുള്ള ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട് സംസ്ഥാനങ്ങൾ ലോക്ക്ഡൗണിലേക്ക് കടന്നതാണ് ആശങ്ക.
വീണവർ
ഇൻഡസ്ഇൻഡ് ബാങ്ക്, ഒ.എൻ.ജി.സി., കോട്ടക് ബാങ്ക്, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, എൽ ആൻഡ് ടി., ബജാജ് ഓട്ടോ എന്നിവയാണ് സെൻസെക്സിൽ ഇന്നലെ ഏറ്റവുമധികം നഷ്ടംനേരിട്ട പ്രമുഖ ഓഹരികൾ.
ഇടിവിന് പിന്നിൽ
കൊവിഡ് രണ്ടാംതരംഗം മൂലം ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നു
ജി.ഡി.പി വളർച്ചയുടെ തിരിച്ചുകയറ്റം വൈകുമെന്ന ആശങ്ക. കൂടുതൽ തിരിച്ചടി ഉണ്ടാകുമെന്ന ഭീതി
ഇന്ത്യയുടെ വളർച്ചാപ്രതീക്ഷ വെട്ടിക്കുറച്ച ജെ.പി മോർഗൻ, യു.ബി.എസ് എന്നിവയുടെ നടപടി
വിദേശ നിക്ഷേപകരുടെ പിന്മാറ്റം
₹3.53 ലക്ഷം കോടി
ഇന്നലെ ഒറ്റദിവസം സെൻസെക്സിൽ നിന്ന് കൊഴിഞ്ഞത് 3.53 ലക്ഷം കോടി രൂപ. 205.30 ലക്ഷം കോടി രൂപയിൽ നിന്ന് സെൻസെക്സിന്റെ നിക്ഷേപക മൂല്യം 201.77 ലക്ഷം കോടി രൂപയായി താഴ്ന്നു.