india

അബുദാബി : ഇന്ത്യ പാക് ബന്ധം മെച്ചപ്പെടുത്താൻ വീണ്ടും മധ്യസ്ഥ ശ്രമങ്ങളുമായി യുഎഇ. യു.എ.ഇ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറും പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും അബുദാബിയിലെത്തി. .

ഇന്ത്യ - പാക് വെടിനിർത്തൽ കരാർ പാലിക്കാൻ ഫെബ്രുവരിയിൽ ധാരണയുണ്ടാക്കിയതിലടക്കം യുഎഇയുടെ ഇടപെടലുണ്ടായിട്ടുണ്ട്. ഇക്കാര്യം യുഎസിലെ യുഎഇ സ്ഥാനപതി യൂസുഫ് അൽ ഉത്തൈബ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൗഹൃദരാജ്യമായ യുഎഇയുടെ ക്ഷണം സ്വീകരിച്ച് ഇരു വിദേശകാര്യമന്ത്രിമാരുമെത്തിയത്.

അതേ സമയം ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്‌ശങ്കറും പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകില്ലെന്നാണ് ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളുടെ സ്ഥിരീകരണം. അബുദാബിയിലെത്തിയ എസ്. ജയ്‌ശങ്കർ, യുഎഇ വിദേശകാര്യമന്ത്രി മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സഹകരണം,​ നിലവിലെ കൊവിഡ് സാഹചര്യം ,​സാമൂഹ്യക്ഷേമം എന്നിവ ഇരുവരും ചർച്ച ചെയ്യുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ചയാണ് പാക് വിദേശകാര്യമന്ത്രി മൂന്നുദിവസത്തെ സന്ദർശനത്തിനായി അബുദാബിയിലെത്തിയത്. യു.എ.ഇയിലെ ഉന്നത നേതാക്കളുമായി ഷാ മഹ്മൂദ് ഖുറേഷി കൂടിക്കാഴ്ച നടത്തി. യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഫെബ്രുവരി 27ന് ഡൽഹിയിലെത്തിയതിനു പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി യുഎഇയിലെത്തുന്നത്.