ലണ്ടൻ: വളർത്തുനായ ഭക്ഷണത്തിനൊപ്പം വിഴുങ്ങിയത് ആപ്പിളിന്റെ ഇയർപോഡ്. ഇയർപോഡ് പുറത്തെടുക്കാന അവസാനം ശസ്ത്രക്രിയ തന്നെ വേണ്ടി വന്നു. റെയ്ച്ചൽ ഹിക്ക് എന്ന 22 കാരിയുടെ പ്രിയങ്കരനായ വളർത്തുനായ് ജിമ്മിയാണ് അബദ്ധത്തിൽ ഇയർപോഡ് വിഴുങ്ങിയത്. ചാർജിങ് കെയ്സ് അടക്കമാണ് ജിമ്മി വയറ്റിനകത്താക്കിയത്. ലണ്ടനിലെ ഹള്ളിൽ കഴിഞ്ഞ ഈസ്റ്റർ ദിനത്തിലായിരുന്നു സംഭവം.നായ്ക്കുട്ടിക്ക് ഭക്ഷണം നൽകുന്നതിനിടെ അബദ്ധത്തിൽ പോക്കറ്റിൽ നിന്ന് ഇയർപോഡ് തറയിൽ വീഴുകയും നിമിഷങ്ങൾക്കം സമീപത്തുണ്ടായിരുന്ന ജിമ്മി ഇയർപോഡ് വിഴുങ്ങുകയും ചെയ്തു.ഇത് കണ്ട് പരിഭ്രമിച്ച റെയ്ച്ചൽ നായ്ക്കുട്ടിയെ അടുത്തുള്ള മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു.
ശസ്ത്രക്രിയ നടത്തി ഇയർപോഡ് പുറത്തെടുക്കുക മാത്രമാണ് പോംവഴിയെന്നായിരുന്നു ഡോക്ടറുടെ മറുപടി. എക്സ്റേയിൽ നായുടെ വയറ്റിൽ ഇയർപോഡ് കണ്ടെത്തുകയും ചെയ്തു. ബാറ്ററി ആസിഡ് ശരീരത്തിലെത്തിയാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയതോടെ റെയ്ച്ചൽ ശസ്ത്രക്രിയക്ക് സമ്മതിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തി ജിമ്മിയുടെ വയറ്റിൽനിന്ന് ഇയർപോഡ് എടുത്തു. ജിമ്മി വിഴുങ്ങിയിട്ടും ഇയർപോഡിന് കാര്യമായ കേടുപാടുകളൊന്നും പറ്റിയില്ലെന്നതാണ് മറ്റൊരു അത്ഭുതം.