പത്തനംതിട്ട: പത്താം ക്ലാസ് കണക്ക് പരീക്ഷ തുടങ്ങി ഒരുമണിക്കൂറിനുള്ളിൽ ചോദ്യപ്പേപ്പർ വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ട മുട്ടത്തുകോണം എച്ച്.എസ്.എസിലെ ഹെഡ്മാസ്റ്റർ എസ്. സന്തോഷിനെ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻഡ് ചെയ്തു. സ്വന്തം സ്‌കൂൾ ഗ്രൂപ്പിലേക്ക് അയച്ചത് അബദ്ധത്തിൽ മാറി ഡി.ഇ.ഒയുടെ ഗ്രൂപ്പിലെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.കെ.ഹരിദാസ് സ്കൂളിലെത്തി തെളിവെടുപ്പ് നടത്തി.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്മാസ്റ്റർമാർ മുഴുവൻ ഉൾപ്പെട്ട ഗ്രൂപ്പിലേക്കാണ് ചോദ്യപ്പേപ്പർ എത്തിയത്. ഡി.ഇ.ഒ അടക്കമുള്ള ഉദ്യോഗസ്ഥരും എസ്.എസ്.എൽ.സി പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അദ്ധ്യാപകരും അടക്കം 126 പേർ ഇതിലുണ്ട്. ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരീക്ഷയുടെ ചോദ്യപ്പേപ്പർ 11മണിയോടെ ഗ്രൂപ്പിലെത്തി.