ടെക്സസ്: ഡ്രൈവറില്ലാതെ ഓടിക്കാമെന്ന വാഗ്ദാനവുമായി വിപണിയിലിറക്കിയ ടെസ്‌ലയുടെ കാർ അപകടത്തിൽപ്പെട്ടു രണ്ടു യാത്രക്കാർക്ക് ദാരുണാന്ത്യം. അമേരിക്കൻ നഗരമായ വടക്കൻ ഹൂസ്റ്റണിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന 2019 മോഡൽ എസ് ഇലക്ട്രിക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. നിമിഷ നേരം കൊണ്ട് അഗ്നിക്കിരയായ കാറിലെ രണ്ട് യാത്രക്കാരും വെന്തു മരിച്ചു. അതിവേഗത്തിൽ പോവുകയായിരുന്ന കാറിന്റെ നാവിഗേഷൻ സംവിധാനം പരാജയപ്പെടുകയും തിരിഞ്ഞു പോകുന്നതിനു പകരം നേരേ മരത്തിൽ ഇടിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറില്ലാതെയും സഞ്ചരിക്കുമെന്ന് ഉറപ്പുനൽകുന്നുണ്ടെങ്കിലും സ്റ്റിയറിങ് തിരിച്ച് ഒരാൾ വേണമെന്നാണ് ടെസ്ല കമ്പനി വെബ്സൈറ്റിൽ പറയുന്നത്. അപകട സമയത്ത് ഡ്രൈവറുടെ സീറ്റിൽ ആരുമില്ലായിരുന്നെന്നാണു മനസ്സിലാകുന്നതെന്നും ഇതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നാലു മണിക്കൂറോളം കത്തിയ കാറിലെ തീ അണയ്ക്കാൻ 30,000 ഗ്യാലൻ വെള്ളം വേണ്ടിവന്നു. പൂർണമായും ഡ്രൈവറില്ലാതെ ഓടിക്കാവുന്ന കാറുകൾ നിരത്തിലിറക്കാൻ ടെസ്ല അവസാന വട്ട ഒരുക്കങ്ങൾ നടത്തുന്നതിനിടയാണ് ദുരന്തം. അപകടത്തെക്കുറിച്ചു ടെസ്‍ലയുടെ പ്രതികരണം ലഭ്യമായിട്ടില്ല.