എറണാകുളം: കൊച്ചി തീരത്തിനു സമീപത്തുനിന്നും 300 കിലോയോളം ലഹരിമരുന്ന് പിടികൂടി. അറബിക്കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന നാവിക സേനാ സംഘമാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇവയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപയോളം വിലവരും.
അറബിക്കടലിൽ നിരീക്ഷണ പട്രോളിംഗിൽ ഏർപ്പെട്ടിരുന്ന ഐ.എൻ.എസ് സുവർണ ഷിപ്പിലെ സൈനികരാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംശയാസ്പദമായി കണ്ടെത്തിയ ഒരു മത്സ്യബന്ധന ബോട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയതെന്ന് ഇന്ത്യൻ നാവിക സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൂടുതൽ അന്വേഷണത്തിനായി ബോട്ട് കൊച്ചിയിലേക്ക് എത്തിച്ചതായും ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു. ലഹരിമരുന്ന് കണ്ടെത്തിയ ബോട്ടിൽ അഞ്ചു പേർ ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.