ലണ്ടൻ: ഇംഗ്ലണ്ടിലേയും സ്പെയിനിലേയും ഇറ്റലിയിലേയുമെല്ലാം പ്രമുഖ ക്ലബുകൾ ചേർന്ന് തുടങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന സൂപ്പർ ലീഗിനെച്ചൊല്ലി യൂറോപ്യൻ ഫുട്ബാളിൽ പോര് തുടങ്ങി. റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിന്റെ ബുദ്ധിയിലുദിച്ച സൂപ്പർ ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാൽ ഈ ടൂർണമെന്റ് ഫു്ടബാളിന്റെ നാശത്തിനാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയരുന്നുണ്ട്.
ടൂർണമെന്റുമായി സഹകരിക്കുന്ന ടീമുകളെ വിലക്കുമെന്ന് യു.ഇ.എഫ്.എയും ഫിഫയും പ്രഖ്യാപിച്ചു കഴിഞ്ഞു.ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ആഴ്സനൽ, ടോട്ടൻഹാം ഹോട്സ്പർ, സ്പാനിഷ് ലീഗിൽ നിന്ന് റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്, ഇറ്റലിയിലെ യുവന്റസ്, ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ ക്ലബുകളാണ് ലീഗിന്റെ സ്ഥാപക അംഗങ്ങൾ. മൂന്ന് ടീമുകൾ കൂടി ഉടൻ ലീഗിന്റെ ഭാഗമാകും. 20 ടീമുകളാണ് ലീഗിൽ മത്സരിക്കുകയെന്നും ഇതിൽ അഞ്ച് ടീമുകൾക്ക് യോഗ്യതാ മത്സരങ്ങളിലൂടെ ലീഗിലേക്ക് പ്രവേശനം നേടാമെന്നുമാണ് ദി സൂപ്പർ ലീഗ് പത്രക്കുറിപ്പിൽ അറിയിച്ചത്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിനും യൂറോപ്പയ്ക്കും വെല്ലുവിളിയെന്നോണം നടത്തുന്ന ടൂർണമെന്റ് ചെറുകിട ടീമുകളെ തകർക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.