nasa

ന്യൂയോർക്ക് : ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യമായ പെഴ്‌സിവീയറൻസിന്റെ ഭാഗമായുള്ള ‘ഇൻജെന്യൂയിറ്റി’ ഹെലികോപ്ടർ പറത്തി നാസ ചരിത്രം സൃഷ്ടിച്ചു. ഭൂമിയിൽ നിന്ന് നിയന്ത്രിച്ച് മറ്റൊരു ഗ്രഹത്തിൽ പറപ്പിക്കുന്ന ആദ്യ ഹെലികോപ്ടറെന്ന റെക്കാഡ് ഇനി ഇൻജെന്യൂയിറ്റിക്ക് സ്വന്തം.ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ഹെലികോപ്ടർ പറന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ 3 മീറ്ററോളം ഉയരത്തിൽ 30 സെക്കൻഡ് നേരം പറന്നു.ആദ്യ പറക്കലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ ലഭിച്ചുതുടങ്ങിയതായും നാസ ട്വീറ്റ് ചെയ്തു. ‘ഇൻജെന്യൂയിറ്റി’ കഴിഞ്ഞയാഴ്ച പറത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളിൽ പൂർണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണ് മാറ്റിവച്ചത്.കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്‌സിവീയറൻസിൽ ചൊവ്വയിലെത്തിച്ചത്.ഭൂമിയെക്കാൾ മൂന്നിലൊന്നുമാത്രം ഗുരുത്വാകർഷണബലവും ഭൂമിയുടെ ഒരുശതമാനംമാത്രം സാന്ദ്രതയുമാണ് ചൊവ്വയിലുള്ളത്.

ഭാരം-1.8 കിലോഗ്രാം

ഉയരം-49 സെ.മി

നാല് കാർബൺ ഫൈബർ ബ്ലേഡുകൾ ചേർത്ത് പ്രത്യേകമായി രൂപകല്പന ചെയ്ത് രണ്ട് റോട്ടറുകളുടെ സഹായത്തോടെയാണ് പറക്കൽ.

റോട്ടറിന്റെ നീളം-1.2 മീറ്റർ

സോളാർ എനർജിയിലാണ് പ്രവർത്തനം. ആറ് ലിഥിയം അയൺ ബാറ്ററികൾ പേടകത്തിലുണ്ട്.