മാഡ്രിഡ്: ഇഞ്ചോടിഞ്ച് കിരീട പോരാട്ടം നടക്കുന്ന സ്പാനിഷ് ലാലിഗയിൽ അത്‌ലറ്രിക്കോ മാഡ്രിഡ് വിജയവുമായി മുന്നേറിയപ്പോൾ ഗെറ്റാഫോയോട് ഗോൾ രഹിത സമനിലയിൽക്കുരുങ്ങിയത് റയൽ മാഡ്രിഡിന് തിരിച്ചടിയായി. റയൽ സ്ട്രൈക്കർ മൊറേന ഗെറ്റാഫെ വലകുലുക്കിയെങ്കിലും വാർ ഓഫ് സൈഡ് വിധിച്ചു. മത്സരത്തിൽ ഗോളവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ഗെറ്റാഫെ തന്നെയായിരുന്നു.
അതേസമയം അത്‌ലറ്രിക്കോ മാഡ്രിഡ് 5-0ത്തിന് എയ്ബറിനെത്തകർത്ത് കിരീട പ്രതീക്ഷ സജീവമാക്കി. എയ്ഞ്ചൽ കൊറേയയും ലോറന്റേയും ഇരട്ട ഗോളുകൾ നേടിയപ്പോൾ കരാസ്കോ ഒരു തവണയും അത്‌ലറ്റിക്കോയ്ക്കായി ലക്ഷ്യം കണ്ടു. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്രിക്കോയ്ക്ക് റയലിനെക്കാൾ മൂന്ന് പോയിന്റ് കൂടുതലുണ്ട്. അതേസമയം ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സലോണയ്ക്ക് അടുത്ത മത്സരം ജയിച്ചാൽ റയലിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താം
ലെസ്റ്റർ ഫൈനലിൽ
ലണ്ടൻ : എഫ്.എ കപ്പ് സെമിയിൽ സതാംപ്ടണെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ലെസ്റ്റർ സിറ്രി എഫ്.എ കപ്പിന്റെ ഫൈനലിൽ കടന്നു. ഇൻഹെനാച്ചോയാണ് ലെസ്റ്ററിന്റെ വിജയ ഗോൾ നേടിയത്. 15ന് നടക്കുന്ന ഫൈനലിൽ ചെൽസിയാണ് ലെസ്‌റ്ററിന്റെ എതിരാളികൾ.