വാങ്കഡേ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 45 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 എന്ന ഭേദപ്പെട്ട സ്കോർ പടുത്തുയർത്തി. മറുപടിക്കിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഒറ്റയാൻ പ്രകടനങ്ങളെക്കാൾ ഉപരി കൂട്ടായ്മയുടെ വിജയമാണ് ചെന്നൈ ഇന്നലെ സ്വന്തമാക്കിയത്.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസൺ ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ ഒരു താരം പോലും അർദ്ധ സെഞ്ച്വറി നേടിയില്ലെങ്കിലും ചില നിർണായക സംഭാവനകളുടെ പിൻബലത്തിൽ ചെന്നൈ ഭേദപ്പെട്ട സ്കോർ പടുത്തുയർത്തി. 17 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 33 റൺസെടുത്ത ഫാഫ് ഡുപ്ലെസിസാണ് അവരുടെ ടോപ് സ്കോറർ. മോയിൻ അലി (20 പന്തിൽ 26) , അമ്പാട്ടി റായ്ഡു (17 പന്തിൽ 28), സുരേഷ് റെയ്ന (18), എം.എസ്. ധോണി (18), ഡ്വെയിൻ ബ്രോവോ (8 പന്തിൽ 20) എന്നിവരെല്ലാം ചെന്നൈക്കായി നിർണായക സംഭാവനകൾ നൽകി. രാജസ്ഥാനായി ചേതൻ സക്കാരിയ മൂന്നും ക്രിസ് മോറിസ് രണ്ട് വിക്കറ്റും വീഴ്ത്തി. ചെന്നൈ സ്കോർ 25ൽ നിൽക്കെ ഋതുരാജ് ഗെയ്ക്വാദിനെ (10 ശിവം ദുബെയുടെ കൈയിൽ എത്തിച്ച് മുസ്തഫിസുറാണ് ചെന്നൈയുടെ ആദ്യ വിക്കറ്റ് നേടിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ചെന്നൈയ്ക്ക് വിക്കറ്റ് നഷ്ടമായെങ്കിലും മികച്ചൊരു സ്കോർ അവർക്ക് പടുത്തുയർത്താനായി.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ചെന്നൈ ബൗളർമാർ കൃത്യ,സമയങ്ങളിൽ വിക്കറ്റെടുത്ത് തോൽവിയിലേക്ക് തള്ളിവിടുകയായിരുന്നു. ബാറ്റിംഗിലെന്ന പോലെ ബൗളിംഗിലും തിളങ്ങിയ മോയിൻ അലി മൂന്ന് വിക്കറ്റുമായി ചെന്നൈയുടെ വിക്കറ്റ് വേട്ടയിൽ മുന്നണി പോരാളിയായി.
രവീന്ദ്ര ജഡേജയും സാം കറനും രണ്ട് വിക്കറ്റ് വീതവും ബ്രാവോയും ഷർദുൽ താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 4 ക്യാച്ചുകളും കൈപ്പിടിയിലാക്കിയ ജഡേജ തകർപ്പൻ ഫീൽഡിംഗുമായി ചെന്നൈ വിജയത്തിൽ നിർണായക സാന്നിധ്യമായി.
35 പന്തിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 49 റൺസെടുത്ത ജോസ് ബട്ട്ലറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. മനൻ വോറ (14), സഞ്ജു സാംസൺ (1), ക്രിസ് മോറിസ് (0), ഡേവിഡ് മില്ലർ (2), റയാൻ പരാഗ് (1) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി.