ലണ്ടൻ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ബ്രിട്ടൻ. ഇന്ത്യയെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. നേരത്തെ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ഇന്ത്യയിൽ 103 പേരിൽ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് പറഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി മണിക്കൂറുകൾക്കു പിന്നാലെയാണ് ബ്രിട്ടന്റെ നടപടി.
യു.കെ.,അയർലൻഡ് പൗരന്മാർ ഒഴികെയുള്ളവർക്ക് ഇന്ത്യയിൽനിന്ന് ബ്രിട്ടിനിലേക്ക് വരാനാകില്ലെന്നും ഹാൻകോക്ക് കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്ന് ബ്രിട്ടനിലെത്തുന്ന യു.കെ./ അയർലൻഡ് പൗരന്മാർ പത്തുദിവസം സർക്കാർ അംഗീകൃത ഹോട്ടലുകളിൽ സ്വയം പണം നൽകി ക്വാറന്റീനിൽ കഴിയണം.