കൊച്ചി: കപ്പലുകൾക്ക് ഇന്ധനം നൽകുന്ന (ബങ്കറിംഗ്) പ്രവർത്തനത്തിൽ ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള കൊച്ചി തുറമുഖ ട്രസ്‌റ്റ്, സീപ്ളെയിനുകളുടെ ബങ്കറിംഗ് രംഗത്തേക്കും കടക്കുന്നു. ഇന്നലെ ഗോവയിൽ നിന്ന് മാലിദ്വീപിലേക്ക് പുറപ്പെട്ട സീപ്ളെയിനിന്, യാത്രാമദ്ധ്യേ ബങ്കറിംഗിനുള്ള സൗകര്യം കൊച്ചി തുറമുഖം ഒരുക്കി. ഇന്ത്യയിൽ ആദ്യമായാണ് ഒരു മേജർ തുറമുഖം ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഇന്ത്യൻ ഓയിൽ ഏവിയേഷനിൽ നിന്ന് 975 ലിറ്റർ ഏവിയേഷൻ ടർബൈൻ ഫ്യുവലാണ് (എ.ടി.എഫ്) സീപ്ളെയിൻ നിറച്ചത്. 2015ൽ, ഇന്ത്യയിൽ തന്നെ ആദ്യമായി എൽ.എൻ.ജി ബങ്കറിംഗിന് തുടക്കമിട്ടതും കൊച്ചി തുറമുഖമാണ്.
പുതിയ ചുവടുവയ്‌പ്പോടെ കടലിന് പുറമേ കര, വ്യോമമാർഗങ്ങളിലുള്ള യാത്ര, ചരക്കുനീക്കത്തിനും പിന്തുണയേകുന്ന തുറമുഖമായി കൊച്ചി മാറിയെന്ന് കൊച്ചി തുറമുഖ ട്രസ്‌റ്റ് അധികൃതർ പറഞ്ഞു. സ്‌പൈസ്ജെറ്റിന്റെ സീപ്ളെയിനാണ് ഇന്നലെ രാവിലെ 11.30ന് കൊച്ചി തുറമുഖത്ത് ഇറങ്ങുകയും ഇന്ധനം നിറച്ച (ബങ്കറിംഗ്) ശേഷം 12.45ന് മാലിദ്വീപിലേക്ക് പറന്നതും.
കപ്പലേറി ഇന്ധനടാങ്ക്
കണ്ടെയ്‌നറുകളും
കൊച്ചി തുറമുഖത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ധനടാങ്ക് കണ്ടെയ്‌നറുകളും ഇന്നലെ കൈകാര്യം ചെയ്‌തു. ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ നിന്ന് ഗുജറാത്തിലെ ഹാസിറ തുറമുഖത്തേക്കുള്ള രണ്ടു ടാങ്ക് കണ്ടെയ്‌നറുകളാണ് ഇന്നലെ വല്ലാർപാടം ടെർമിനൽ (ഐ.സി.ടി.ടി - ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ) വഴി കൊണ്ടുപോയത്.
ആക്രിലിക് ആസിഡുകൾ നിറച്ച കണ്ടെയ്‌നറുകൾ എം.വി. എസ്.എസ്.എൽ വിശാഖപട്ടണം എന്ന കപ്പലിലാണ് കയറ്റി അയച്ചത്. കടൽമാർഗമുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ 'സാഗർമാല സ്‌കീമി"ന്റെ ഭാഗമായാണ് ഇന്ധനടാങ്കുകളുടെയും നീക്കം. ഇത്തരം ടാങ്കുകൾ റോഡുകളിലൂടെ നീക്കുമ്പോൾ അപകടസാദ്ധ്യത ഏറെയായിരുന്നു. കടൽമാർഗമാകുമ്പോൾ ആ ഭീതി ആവശ്യമില്ലെന്നതാണ് നേട്ടം.