robin-hood-irfan

തിരുവനന്തപുരം: ഭീമ ജുവലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. ബീഹാർ സ്വദേശിയായ ഇർഫാനാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. റോബിൻഹുഡ് എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.

സമ്പന്നരുടെ വീട്ടിൽ മോഷണം നടത്തി പാവപ്പെട്ടവർക്ക് നൽകുന്നതാണ് ഇർഫാന്റെ രീതിയെന്നും പൊലീസ് പറഞ്ഞു.

14നാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ട മോഷ്ടാവിന്റെ ചിത്രങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കും കൈമാറിയിരുന്നു. ഇതു കണ്ടാണ് ഡൽഹി പൊലീസ് ആളെ തിരിച്ചറിഞ്ഞത്. സി.സി ടിവി ദ്യശ്യങ്ങളിൽ നിന്ന് ലഭിച്ച ചിത്രങ്ങളും മറ്റു വിവരങ്ങളും ഡൽഹി പൊലീസിന് കൈമാറിയതായി മ്യൂസിയം പൊലീസ് അറിയിച്ചു.

തോളിൽ സ്ത്രീയുടെ രൂപം പച്ചകുത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്നോ, നാളെയോ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.ഇർഫാനാണെന്ന് ഉറപ്പായാൽ അന്വേഷണ സംഘം ഡൽഹിയിലേക്ക് പോയി കൂടുതൽ വിവരങ്ങൾ ശേഖരിക്കും.