covid-vaccine

തിരുവനന്തപുരം: കൊവിഡ് വാ‌ക്‌‌സിൻ കുത്തിവയ്‌പ്പിനായി ജില്ലയിലെ വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇന്നലെ അനുഭവപ്പെട്ടത് വൻ തിരക്ക്. കൃത്യമായ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമില്ലാതെയാണ് സർക്കാർ ആശുപത്രികളിലും വിവിധ കേന്ദ്രങ്ങളിലും കുത്തിവയ്‌പ്പ് നടക്കുന്നത്. വാ‌ക്‌സിൻ വിതരണത്തിൽ ഉണ്ടാകുന്ന അനാസ്ഥയിൽ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ എതിർപ്പാണ് ഉയരുന്നത്.

പേരൂർക്കടയിൽ ജാഡ സഹിക്കണം

പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ ഇന്നലെ വെളുപ്പിന് ആറ് മണി മുതൽ തന്നെ വാക്‌സിനേഷനായുളള ക്യൂ ആരംഭിച്ചു. ഒമ്പത് മണി മുതലാണ് വാ‌ക്‌സിൻ വിതരണമെങ്കിലും നേരത്തെ ടോക്കൺ സ്വന്തമാക്കാനും കൂട്ടയിടി ഒഴിവാക്കാനും അതിരാവിലെ എത്തിയേ തീരൂ. വെളുപ്പിനെത്തി ക്യൂ നിന്നവരിൽ ഭൂരിപക്ഷവും അറുപത് വയസിന് മുകളിൽ പ്രായമുളള ശാരീരിക അസ്വാസ്ഥ്യമുളളവരാണ്. ഇവരിൽ പലർക്കും ഓൺലൈൻ ബുക്കിംഗ് എന്താണെന്ന് പോലും അറിയില്ല.

ഒമ്പത് മണിയാണ് സമയമെങ്കിലും കൗണ്ടറിൽ ടോക്കൺ വിതരണം ആരംഭിക്കാൻ ഒമ്പതേകാൽ കഴിയും. എന്നാൽ ക്യൂവിലെ ആദ്യത്തെ പത്തിനുളളിൽ വരുന്നവർക്ക് തന്നെ ലഭിച്ച ടോക്കൺ നമ്പർ തൊണ്ണൂറിന് മുകളിലാണ്. ഇക്കാര്യം ആശുപത്രി ജീവനക്കാരോട് ചൂണ്ടിക്കാണിച്ചപ്പോൾ പരുഷമായ ഭാഷയിലാണ് അവർ തിരിച്ച് പെരുമാറിയത്. ' നിങ്ങൾക്ക് വല്ല പരാതിയുമുണ്ടെങ്കിൽ വേറെ എവിടെയെങ്കിലും പറയണം, ഞങ്ങൾക്ക് ഇങ്ങനെയൊക്കെ പറ്റൂ, മാറി നിൽക്ക്' എന്നിങ്ങനെ പോകും ജീവനക്കാരുടെ ഭാഷ.

ഒരു ദിവസം നൂറ്റിയമ്പത് പേർക്കാണ് ടോക്കൺ കൊടുക്കുന്നതെന്ന് പറയുന്നതെങ്കിലും വിതരണം കഴിഞ്ഞിട്ടും ഇക്കാര്യം ക്യൂവിൽ നിന്നവരോട് അധികൃതർ പറഞ്ഞില്ല. ഇതൊന്നും അറിയാതെ ഉച്ചയ്‌ക്ക് ഒരു മണിവരെയൊക്കെയാണ് പലരും ക്യൂ നിന്നത്. ആശുപത്രി ജീവനക്കാർ അവരുടെ സ്വന്തക്കാർക്കും അടുപ്പമുളളവർക്കുമൊക്കെ ടോക്കൺ മാറ്റി വയ്‌ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പിൻവാതിലിൽ കൂടി പലരും വാക്‌സിനെടുത്ത് പോയത് നിസഹായതയോടെ മാത്രമേ പൊരിവെയിലത്ത് നിന്നവർക്ക് നോക്കി നിൽക്കാൻ സാധിച്ചുളളൂ.

ടോക്കൺ കിട്ടിയ ആൾക്കാരേയും ക്രമമനുസരിച്ചല്ല വാക്‌സിനേഷനായി വിളിച്ചത്. തങ്ങൾക്ക് പ്രിയപ്പെട്ടവരെ ഇതിനിടയിൽ കൂടെ തിരുകികയറ്റി നേരത്തെ പറഞ്ഞുവിടുന്ന സ്വഭാവമാണ് ജീവനക്കാർക്ക് ഉളളതെന്നാണ് ക്യൂവിൽ നിന്നവർ പറയുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന പലരും ഇതിനിടയിൽ തലകറങ്ങി വീണു. നിന്ന് ക്ഷമ കെട്ടതോടെ സാമൂഹ്യ അകലവും പേരിന് മാത്രമായി.

അത് ഞങ്ങൾക്കറിയില്ല

ഇന്നലെ എത്ര ഡോസ് കൊവിഡ് വാ‌ക്‌സിനാണ് വിതരണം ചെയ്‌തത് എന്ന കാര്യം ജില്ലയിൽ ഇതുവരെ ക്രോഡീകരിച്ചിട്ടില്ല. കൊവിഡ് വാ‌കി‌സിൻ ഉണ്ടോ ഇല്ലയോ എന്നറിയാതെ വാക്‌സിൻ ലഭിക്കുമെന്ന പ്രതീക്ഷയുമായി ദിവസവും രാവിലെ കുത്തിവയ്‌പ്പ് കേന്ദ്രങ്ങളിലേക്ക് ജനം ഒഴുകുകയാണ്. പലയിടത്തും വാക്‌സിൻ ലഭ്യമല്ലെന്നും ഉളളിടത്ത് തന്നെ പരിമിതമാണെന്നും ആളുകൾ അറിയുന്നത് അവിടെ എത്തിയ ശേഷമാണ്.

ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, ജനറൽ ആശുപത്രി എന്നിവിടങ്ങളിലൊന്നും ഇന്ന് വിതരണമില്ല. ആകെ മുപ്പത് കേന്ദ്രങ്ങളിൽ മാത്രമാണ് ഇന്നത്തെ വിതരണം. ഏതെങ്കിലും കേന്ദ്രത്തിൽ ഇനി വാക്‌സിൻ ശേഷിക്കുന്നുണ്ടോ, ഇന്ന് ലഭ്യമാകുമോ തുടങ്ങിയ കാര്യത്തിലൊന്നും ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് രാവിലെ വരെയും കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.

ഓൺലൈൻ ചെയ്‌താലും രക്ഷയില്ല

ഓൺലൈനായി രജിസ്റ്റർ ചെയ്‌തവർക്ക് മൊബൈലിൽ മെസേജ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെത്തിയാൽ വാ‌ക്‌സിൻ ലഭിക്കുന്നില്ലയെന്ന പരാതി വ്യാപകമാണ്. ഓൺലൈൻ രജിസ്‌റ്റർ ചെയ്‌തവർക്ക് നൽകാതെ മറ്റുളളവർക്ക് വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് ഇന്നലെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ ഉൾപ്പടെ തർക്കവും പ്രതിഷേധവും ഉണ്ടായി. ആദ്യ ഡോസ് വാക്‌സിൻ എടുത്തവർ ആറ് മുതൽ എട്ട് ആഴ്‌ചക്കുളളിൽ രണ്ടാം വാക്‌സിൻ എടുക്കണമെന്നാണ്. വാക്‌സിൻ ക്ഷാമമുളളതിനാൽ ഈ സമയപരിധിക്കുളളിൽ രണ്ടാം ഡോസ് കിട്ടുമോയെന്ന ആശങ്ക പലർക്കമുണ്ട്.