ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ഇന്ന് പ്രതിദിന രോഗബാധയിൽ നേരിയ കുറവുണ്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ 2,59,170 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 2,73,810 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ ആറാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 20,31,977 പേരാണ് ചികിത്സയിലുള്ളത്.
24 മണിക്കൂറിനിടെ 1,761 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 1,80,530 ആയി ഉയർന്നു. 1,54,761പേരാണ് രോഗമുക്തി നേടിയത്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കേരളം, പശ്ചിമബംഗാൾ, ഡൽഹി, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. രോഗബാധിതരുടെ എണ്ണം കൂടിയതോടെ കേരളമുൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിൽ ഇന്നുമുതൽ രണ്ടാഴ്ചത്തേക്ക് രാത്രിവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ ഇന്നലെ 13644 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 230 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,550 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 826 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 21 മരണങ്ങളാണ് കൊവിഡ് മൂലമുണ്ടായത്. ഇതോടെ ആകെ മരണം 4950 ആയി. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂർ 1388, കണ്ണൂർ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസർകോട് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണം കൂടിയതോടെ പല സംസ്ഥാനങ്ങളിലും ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. പലയിടങ്ങളിലും ആവശ്യത്തിന് വാക്സിനും ലഭ്യമല്ല. കൊവിഡ് രോഗികൾക്കായി ബംഗളുരുവിലെ ആശുപത്രികളിൽ നീക്കിവച്ച കിടക്കകളിൽ 80 ശതമാനത്തിലും രോഗികളെ പ്രവേശിപ്പിച്ചുകഴിഞ്ഞതായി സർക്കാർ വ്യക്തമാക്കി. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 12,000 കടക്കുമ്പോഴാണ് ഈ സ്ഥിതി. രാജ്യതലസ്ഥാനമായ ഡൽഹിയിലും സമാനമായ സ്ഥിതിയാണ്.