covid

ന്യൂഡല്‍ഹി: രണ്ടാം കൊവിഡ് തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാണ്. രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. പല സംസ്ഥാനങ്ങളും വലിയ പ്രതിസന്ധി നേരിടുകയാണ്. ആശുപത്രികളില്‍ കിടത്തി ചികിത്സ നല്‍കാന്‍ കിടക്കകളോ ആവശ്യത്തിന് ഓക്‌സിജനോ എന്തിന് മരുന്നുകൾ പോലും ഇല്ലാത്ത അവസ്ഥയാണ്. ഒരു കിടക്കയില്‍ രണ്ടു രോഗികളെ കിടത്തി ചികിത്സിക്കേണ്ടി വരുന്ന വാര്‍ത്തകളും രാജ്യത്തിന്റെ പലഭാഗത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ വീട്ടിലെ കൊവിഡ് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്നത്.

ചെറിയ രോഗലക്ഷണങ്ങളുള്ള കൊവിഡ് രോഗികള്‍ വീട്ടില്‍ കഴിയുന്നതാണ് നല്ലതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ശരീരത്തിലെ ഓക്‌സിജന്‍ ലെവല്‍ കൃത്യമായി മനസിലാക്കുന്നതിന് ഓക്‌സിമീറ്റര്‍ വീട്ടിലുണ്ടായിരിക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. ഓക്‌സിജന്‍ ലെവൽ 94 ന് താഴെ പോകുകയാണെങ്കില്‍ കമഴ്ന്ന് കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുക. രണ്ടു മണിക്കൂറിനിടെ മൂന്നു തവണ ഇത് ആവര്‍ത്തിക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ ശ്വാസകോശം വികസിക്കാന്‍ സഹായകമാകും. ഇങ്ങനെ ചെയ്തശേഷവും ഓക്‌സിജന്‍ ലെവല്‍ ഉയര്‍ന്നില്ലെങ്കില്‍ വീട്ടില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ആവശ്യമാണ്. വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ അടുത്തുള്ള ഡോക്ടറുടെ പരിചരണം ഉറപ്പാക്കണം. അസാധാരണമായ അവസ്ഥയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെന്നുമാണ് സർ ഗംഗാറാം ആശുപത്രിയിലെ റൂമറ്റോളജി വകുപ്പിന്റെ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറൽ ഡോ. വേദ് ചതുർവേദി നിര്‍ദ്ദേശിക്കുന്നത്.

മൂന്ന് തരത്തിലാണ് കൊവിഡ് രോഗികളെ തരംതിരിച്ചിരിക്കുന്നത്. മൈല്‍ഡ്, മോഡറേറ്റ്, സിവിയര്‍ എന്നിങ്ങനെയാണവ. ഇതില്‍ മൈല്‍ഡ് കാറ്റഗറിയില്‍ വരുന്ന രോഗികള്‍ ആശുപത്രിയിലേക്ക് വരേണ്ടതില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. മോഡറേറ്റ് കാറ്റഗറിയില്‍ വരുന്ന രോഗികളും വേണമെങ്കില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാലും മതിയാകും. എന്നാല്‍ അവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ കൃത്യമായി തന്നെ കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഒപ്പം ഓക്‌സിജന്‍ ലെവല്‍ കൃത്യമായി നിലനിര്‍ത്താന്‍ അതിന്റെ ലഭ്യതയും ഉറപ്പാക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു.

പ്രധാന നിർദേശങ്ങൾ

1) ഓക്‌സോ മീറ്റർ‌ ലെവൽ 92 ന് മുകളിലാണെന്ന് ഉറപ്പുവരുത്തുക.

2) പനി, ശരീരം വേദന എന്നിവ ഉണ്ടെങ്കിൽ പാരസെറ്റമോള്‍ ഗുളിക കഴിക്കുക.
3) ധാരളം വെള്ളം കുടിക്കുക.
4) സ്റ്റിറോയിഡ് ഉപയോഗിക്കുന്നവര്‍ രോഗലക്ഷണങ്ങള്‍ മാറുന്നത് വരെ രണ്ടു നേരം അത് ഉപയോഗിക്കണം.
5) ഓക്‌സിജന്‍ ലെവല്‍ 85 ന് താഴെ പോകുമ്പോള്‍ വീട്ടില്‍ ഓക്‌സിജന്‍ 4 ലീറ്റര്‍/ മിനിറ്റ് എന്ന തോതിൽ നല്‍കുക, ഉടൻ ആശുപത്രിയില്‍ എത്തിക്കുക.