k-t-jaleel

കൊച്ചി: ബന്ധുനിയമന കേസിൽ ലോകായുക്തയുടെ ഉത്തരവിനെതിരെ മുൻ മന്ത്രി കെ ടി ജലീൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീൽ ഹൈക്കോടതിയെ സമീപിച്ചത്. ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയെ മാറ്റാൻ ലോകായുക്ത മുഖ്യമന്ത്രിയോട് നിർദേശിച്ചിരുന്നു.

ലോകായുക്ത റിപ്പോർട്ടിനെതിരെ ജലീൽ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ അദ്ദേഹം രാജിവയ്‌ക്കുകയായിരുന്നു. ധാർമ്മികത മുൻനിർത്തിയാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബന്ധു കെ ടി അദീബിനെ മാനദണ്ഡങ്ങൾ ലംഘിച്ച്‌ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ചുവെന്നാണ് ജലീലിനെതിരായ ആരോപണം.

ഹൈക്കോടതി ഉത്തരവിൽ തനിക്കെതിരെ പരമാർശം ഉണ്ടാകുമോയെന്ന് ഭയന്നാണ് ജലീൽ പാർട്ടി നിർദേശ പ്രകാരം രാജിവച്ചത്. ഇന്ന് കോടതി കേസ് പരിഗണിക്കുമ്പോൾ ജലീലിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ പരാമർശം ഉണ്ടായാൽ അത് സംസ്ഥാന രാഷ്‌ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും. തുടർഭരണമുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ജലീൽ മന്ത്രിസഭയിൽ ഉണ്ടാകുമോ ഇല്ലയോ എന്നത് തന്നെ തീരുമാനിക്കുന്നത് ഇന്നത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും.