1995 ന്റെ അവസാനം. കൗമാരം ഇനിയും പിൻമാറിയിട്ടില്ലാത്ത മുഖം. മുഖത്ത് വട്ടക്കണ്ണട. കടുംനിറമുള്ള ഷർട്ട്. ഷേവ് ചെയ്ത് സുന്ദരമാക്കിയ മുഖത്ത് തൂമന്ദഹാസം. മൈക്കിന് മുന്നിൽ എൽ.എഫ്.ക്രിസ്റ്റഫർ എന്ന ഗായകൻ. ചുണ്ടിൽ 'ചന്ദനച്ചോലയിൽ മുങ്ങിനീരാടിയെൻ" എന്ന പ്രണയാതുരമായ ഗാനം.
മദ്രാസ് എ.വി.എം(സി) സ്റ്റുഡിയോയിൽ അന്ന് സംഭവിച്ചതൊക്കെയും ഇന്ന് ക്രിസ്റ്റഫർ ദുഃഖഭാരത്തോടെ ഓർക്കുന്ന അനുഭവങ്ങളാണ്. പാടി റെക്കോർഡ് ചെയ്ത പാട്ടുകൾ പകുതി വഴിയിൽ തെന്നിപ്പോയ ഹതഭാഗ്യൻ. 'സല്ലാപ"ത്തിലെ പൊന്നിൽ കുളിച്ച് നിന്നു ചന്ദ്രികാ വസന്തവും, ചന്ദനച്ചോലയിലുമൊക്കെ ഇന്ന് യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കുറേയധികം പാടിപ്പഠിച്ച വരികളും താൻ ഹൃദയവും ആത്മാവും നൽകിയ സ്വരങ്ങളുമൊക്കെ നൊമ്പരമാകുന്നുണ്ട്. 26 വർഷങ്ങൾക്ക് മുമ്പ് കോടമ്പാക്കത്തെ സാലിഗ്രാമിലെ ഒരാഴ്ചക്കാലത്തെ ഇരവുപകലുകൾ ഒരു പേമാരി പോലെ ക്രിസ്റ്റഫറിന്റെ ഓർമകളിൽ പെയ്തിറങ്ങും.
ഫ്ളാഷ് ബാക്ക്
1995 ൽ വി.സി.ജോർജ് എന്ന സംഗീതസംവിധായകൻ ദൂരദർശനിൽ കത്തിനിൽക്കുന്ന കാലം. അദ്ദേഹത്തിന്റെ സംഗീതത്തിൽ 'പ്രണയവതി പ്രാണസഖി" എന്ന ഗാനം പാടി ദൂരദർശൻ പ്രേക്ഷകർക്കിടയിൽ ഹരമായിക്കഴിഞ്ഞ കൊല്ലത്തുകാരൻ എൽ.എഫ്.ക്രിസ്റ്റഫർ. അന്ന് 30 വയസ് പ്രായം. സ്വന്തം ഗാനമേള ട്രൂപ്പായ തുഷാരയിലൂടെയും കേരളത്തിലെ പ്രമുഖ ഓർക്കസ്ട്രകളായ ആലപ്പുഴ ബ്ലൂ ഡയമണ്ട്, കൊച്ചിൻ സി.എസ്.ഐ, തൃശൂർ ഹരിശ്രീ, കൊച്ചിൻ കലാഭവൻ എന്നിങ്ങനെ എല്ലാ പ്രശസ്ത ട്രൂപ്പുകളിലും പാടിത്തിമിർത്ത ക്രിസ്റ്റഫർ. ക്രിസ്റ്റഫർ-ലതിക ടീം നയിക്കുന്ന ഗാനമേളയ്ക്ക് അമ്പലപ്പറമ്പുകളിൽ സ്റ്റാർ വാല്യു ഉണ്ടായിരുന്ന കാലം.
'ക്രിസ്റ്റഫർ അങ്കിളിനെ കൊണ്ട് സിനിമയിൽ പാടിച്ചുകൂടെ?" എന്ന് ചോദിച്ചത് സംവിധായകൻ സിബി മലയിലിന്റെ മക്കളാണ്. 95 ൽ സല്ലാപം സിനിമയുടെ ചർച്ചകൾ നടക്കുന്ന കാലം. തിരക്കഥാകൃത്ത് ലോഹിതദാസും ക്രിസ്റ്റഫറിനെ കുറിച്ച് കേട്ടിരുന്നു. സിബി പറഞ്ഞതും സംവിധായകൻ സുന്ദർദാസ് ക്രിസ്റ്റഫറിനെ ബന്ധപ്പെടാൻ നിർദ്ദേശിച്ചു. കൊല്ലത്തെ പട്ടത്താനത്ത് ക്രിസ്റ്റഫർ ഹൗസിന്റെ അയൽവീട്ടിലെ ലാൻഡ് ഫോണിലാണ് ആ അന്വേഷണം എത്തിച്ചേർന്നത്. 'രാവിലെ ഒറ്റപ്പാലം ഗസ്റ്റ് ഹൗസിൽ വരണം. സിബിമലയിൽ അന്വേഷിക്കുന്നുണ്ട്". മറുതലയ്ക്കൽ കേട്ട ശബ്ദം ക്രിസ്റ്റഫർ ഇന്നും ഓർക്കുന്നുണ്ട്. വേണാട് എക്സ്പ്രസിൽ കയറി ഉച്ചയ്ക്ക് ഒറ്റപ്പാലം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ സിബി, ലോഹിതദാസ്, ജോൺസൺ മാഷ്, കൈതപ്രം എന്നിവരെല്ലാം ഒറ്റമുറിയിൽ. 'ക്രിസ്റ്റഫർ ഒന്നുരണ്ട് പാട്ടുകൾ പാടൂ" എന്ന് നിർദ്ദേശിച്ചത് ജോൺസണായിരുന്നു. സംഗീതമേ അമര സല്ലാപമേ..., ഏഴുസ്വരങ്ങളും... എന്നീ പാട്ടുകൾ ജോൺസൺ മാഷിന് മുന്നിൽ പാടി. സല്ലാപത്തിലെ ചന്ദനച്ചോലയിലും പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാവസന്തവുമൊക്കെ എഴുതിയ പേപ്പർ കൈതപ്രം ക്രിസ്റ്റഫറിന് നൽകി. ജോൺസൺ മാഷ് ഹാർമോണിയത്തിലിട്ട ഈണം മനനമാക്കി ക്രിസ്റ്റഫർ പാട്ടുകൾ ഒരു പരുവത്തിൽ പഠിച്ചു. കാസറ്റ് പ്ലെയറിൽ റെക്കോർഡും ചെയ്തു. 'തിരിച്ചുപൊയ്ക്കുള്ളു... അറിയിക്കാം" എന്നായിരുന്നു ജോൺസന്റെ മറുപടി. നേരം വെളുത്തപ്പോൾ വീട്ടിലെത്തി. ഉറക്കക്ഷീണത്തിൽ മയങ്ങുമ്പോൾ വീണ്ടും അയലത്തെ വീട്ടിലെ ലാൻഡ്ഫോണിൽ അറിയിപ്പ് വന്നു. 'ഉച്ചയ്ക്ക് 2.15 നുള്ള മദ്രാസ് മെയിലിൽ കയറി നാളെത്തന്നെ എത്തണം. ടിക്കറ്റെല്ലാം ഏർപ്പാടാക്കിയിട്ടുണ്ട് ". രാവിലെ തന്നെ കോടാമ്പാക്കത്തെ സാലിഗ്രാമിലെ എ.വി.എം(സി) സ്റ്റുഡിയോയിൽ എത്തി. സല്ലാപം ചിത്രത്തിന്റെ പൂജയും റെക്കോർഡിംഗും അന്നായിരുന്നു. സിനിമാ ടീമിനെ കൂടാതെ പ്രഭുദേവ, രവീന്ദ്രൻമാഷ്, എസ്.പി.വെങ്കിടേഷ് ഉൾപ്പെടെയുള്ള അതിഥികളുമുണ്ടായിരുന്നു. പൂജ കഴിഞ്ഞ് പാട്ടിന്റെ റെക്കോർഡിംഗ്. എഴുപതോളം വയലിനുകളും മാനുവൽ വൈബ്രോയും ഒക്കെച്ചേർന്ന സംഗീതോപകരണങ്ങളുടെ സമൃദ്ധി കൺസോളിലുണ്ട്. കൂടെ പാടാനെത്തിയത് ആൽബിയെന്ന പെൺകുട്ടിയായിരുന്നു. രാജാമണിയായിരുന്നു ഓർക്കസ്ട്ര കണ്ടക്ടർ. ഹമ്മിംഗ് പാടിയ ആൽബിക്ക് പിഴച്ചു. 'ക്രിസ്റ്റഫർ പാടിക്കോളൂ" എന്ന രാജാമണിയുടെ ആംഗ്യം. പാട്ടുകഴിഞ്ഞപ്പോൾ ജോൺസൺ മാഷ് വോയിസ് ബൂത്തിലെത്തി കെട്ടിപ്പിടിച്ചു അഭിനന്ദിച്ചത് ക്രിസ്റ്റഫർ ഇന്നും ആത്മഹർഷത്തോടെ ഓർക്കുന്നുണ്ട്. പ്രഭുദേവ വന്ന് ഒരുമിച്ച് ഫോട്ടോയും എടുത്തു. പിന്നീട് രണ്ട് ദിവസം വോയിസ് മിക്സിംഗായിരുന്നു. അതിനും ക്രിസ്റ്റഫർ നേരിട്ടെത്തി.
ക്ലൈമാക്സ്
മൂന്നാംദിനമായിരുന്നു എല്ലാം മാറിമറിഞ്ഞത്. എ.വി.എം.(ഇ) ൽ യേശുദാസ് വന്നിട്ടുണ്ട് എന്ന് ആരോ വന്നുപറഞ്ഞു. പൊടുന്നനെ നിർമ്മാതാവ് കിരീടം ഉണ്ണിയും ജോൺസൺ മാഷും സിബിയുമൊക്കെ പരസ്പരം നോക്കി. ''അവരോടൊപ്പം ഞാനും പോയി. ദാസേട്ടനെ അടുത്തുകണ്ടു. തൊഴുതു. പ്രത്യേകിച്ച് ഭാവമൊന്നും ദാസേട്ടൻ കാണിച്ചില്ല."" ക്രിസ്റ്റഫർ ഓർക്കുന്നു. 'നീ ഇവിടെയും വന്നോ?" എന്നായിരുന്നു ദാസേട്ടൻ ചോദിച്ചത്. തിരിച്ച് സ്റ്റുഡിയോയിലെത്തി പാട്ട് കേട്ടു. സിനിമയിൽ ഒരു ക്ലാസിക്കൽ പാട്ട് (പാദസ്മരണസുഖം) ദാസേട്ടന് മാറ്റിവച്ചിട്ടുണ്ട് എന്ന് ഉണ്ണി പറഞ്ഞു. 'അപ്പോ എങ്ങനെ മൂന്ന്പാട്ടും ഞാൻ പാടണോ?"ദാസിന്റെ മറുപടി കേട്ട് എല്ലാവരും ഒന്നു നടുങ്ങി. അല്പനേരം നിശബ്ദത. 'ദാസേട്ടാ, ഇവനെ ഇൻട്രൊഡ്യൂസ് ചെയ്യുന്ന പാട്ടുകളാണ് ഇന്ന് റെക്കോർഡ് ചെയ്തത്." ജോൺസൺ പറഞ്ഞു. 'ങാ...നിങ്ങൾ ആലോചിച്ച് പറയൂ... ഞാൻ നാളെ കൂടി ഇവിടെയുണ്ടാകും" എന്ന് പറഞ്ഞ് ദാസ് എഴുന്നേറ്റ് പോയി.
പിന്നെ നടന്നതൊന്നും ക്രിസ്റ്റഫറിന് അറിയില്ല. ഉണ്ണിയും ലോഹിയും സുന്ദർദാസും ജോൺസൺ മാഷുമൊക്കെച്ചേർന്ന കൂടിയാലോചനകൾ, ഭാവപ്പകർച്ചകൾ. അപ്പോഴേക്കും ക്രിസ്റ്റഫർ വുഡ് ലാന്റ്സ് ഹോട്ടലിലേക്ക് താമസം മാറി. ദിലീപിനും മനോജ്.കെ.ജയനുമൊപ്പമായിരുന്നു മുറി പങ്കിട്ടത്. പുതുമുഖ നായികയെ തേടിയുള്ള പരസ്യത്തിന് വന്നിട്ടുള്ള ഫോട്ടോകളിൽ നിന്നും നല്ലത് തിരഞ്ഞെടുക്കാൻ ക്രിസ്റ്റഫറും അവരോടൊപ്പം കൂടി. അതിൽ നറുക്ക് വീണത് മഞ്ജുവാര്യർക്കായിരുന്നു.
ഒരാഴ്ച പിന്നിട്ടപ്പോൾ അടുത്തമുറിയിൽ നിന്നും മനോജ്.കെ.ജയൻ വന്നുപറഞ്ഞു. 'സിബി സാർ വിളിക്കുന്നുണ്ട്. നിങ്ങളുടെ കാര്യമാണ് അവർ സംസാരിക്കുന്നത് ". 'ഞാൻ മുറിയിലെത്തി. ലോഹി കാര്യം പറയൂ എന്ന് ഉണ്ണി പറയുന്നുണ്ട്. 'എനിക്ക് ആ പാപമെടുത്ത് തലയിൽ വയ്ക്കാൻ വയ്യ ഉണ്ണി തന്നെ പറയൂ" എന്നായി ലോഹി. ഉണ്ണി പറഞ്ഞുതുടങ്ങി. 'ക്രിസ്റ്റഫറേ ഇത് സിനിമയാ. ഇത് ഭാഗ്യനിർഭാഗ്യങ്ങളുടെ ലോകമാണ്. ദാസേട്ടനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ഒന്നാമത് ഈ സിനിമയിൽ മുഴുവൻ പുതുമുഖങ്ങളല്ലേ. എങ്ങനെയെങ്കിലും സിനിമ വിജയിക്കണം. വിഷമം തോന്നരുത്. പാട്ടുകൾ ദാസേട്ടൻ പാടട്ടെ". മൂവായിരം രൂപ പോക്കറ്റിൽ വച്ചു. 'നിൽക്കാവുന്ന അത്രയും ദിവസം ഞങ്ങളുടെ കൂടെ നിന്നോളു. നാട്ടിൽ പോകുമ്പോൾ പറയണം." ഹൃദയം നുറുങ്ങുന്ന അനുഭവമായിരുന്നു അത്". ക്രിസ്റ്റഫർ ഓർക്കുന്നു.
ക്രിസ്റ്റഫർ ആരെയും കാണാൻ നിന്നില്ല. നാട്ടിലെ അമ്മയുടെ അനാരോഗ്യവും മനസിനെ അലട്ടുന്നുണ്ടായിരുന്നു. കനിയാത്ത സിനിമാലോകത്തിന്റെ കദനഭാരവും പേറി തിരിച്ചു നാട്ടിലേക്ക്. പിന്നീട് പുറത്തിറങ്ങിയ ലോഹിയുടെ ഭൂതക്കണ്ണാടിയിൽ അതേ ടീമിനൊപ്പം 'തലചായ്ക്കാനൊരു താഴ്വാരം"എന്ന പാട്ട് ജോൺസൺമാഷ് തന്നത് ദാസേട്ടനോടുള്ള മധുരപ്രതികാരമായിരുന്നോ? ആവോ അറിയില്ല. ക്രിസ്റ്റഫറിന്റെ നനവാർന്ന കണ്ണിൽ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നു.
(ക്രിസ്റ്റഫറിന്റെ ഫോൺ : 9847722011)