ന്യൂഡൽഹി: പതിനെട്ട് വയസിന് മുകളിലുളള എല്ലാവർക്കും മേയ് ഒന്നിന് ശേഷം കൊവിഡ് വാക്‌സിൻ നൽകാൻ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിൻ നിർമ്മാതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. വൈകുന്നേരം ആറ് മണിയ്‌ക്കാണ് യോഗം. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുളള മുൻനിര മരുന്ന് നിർമ്മാതാക്കളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. ബയോടെക്‌നോളജി വകുപ്പാണ് യോഗത്തിന്റെ ഏകോപനം നിർവഹിക്കുന്നത്. വാക്‌സിൻ അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യത കുറഞ്ഞത് ഇന്ത്യൻ നിർമ്മാതാക്കളെ വളരെ കുഴക്കുന്നുണ്ട്. ഇത്തരം വസ്‌തുക്കളുടെ കയറ്റുമതിക്കുളള നിയന്ത്രണം യു എസ് ഉടൻ അവസാനിപ്പിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവിഡിനെതിരായി ഉപയോഗിക്കുന്ന റെംഡെസിവിർ എന്ന മരുന്നിന്റെ വില കേന്ദ്രസർക്കാർ വെട്ടികുറച്ചു. ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് മരുന്നിന്റെ വില കുറച്ചുകൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.