തൃശൂർ: കൊവിഡ് പ്രതിസന്ധി മൂലം ഇത്തവണയും തൃശൂർ പൂരം പ്രതീകാത്മകമായി നടത്തിയാൽ മതിയാകുമെന്ന് തീരുമാനിച്ചു. പൂരത്തിൽ പങ്കെടുക്കുന്ന എട്ട് ഘടക ക്ഷേത്രങ്ങളും ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു. ഓരോ ക്ഷേത്രങ്ങൾക്കൊപ്പവും സംഘാടകരായി 50 പേർ ഉണ്ടാകും. എല്ലാ ഘടക ക്ഷേത്രങ്ങളും ഒരാനയെ വച്ച് മാത്രം എഴുന്നളളത്ത് നടത്തും. ഇത് മൂന്നാമത് തവണയാണ് ആഘോഷപൂർവമല്ലാതെ പൂരം നടത്തേണ്ടി വരുന്നത്.
ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലെ യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തത്. ദേവസ്വം പ്രതിനിധികൾ, കമ്മീഷണർ, ഡി.എം.ഒ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പൂരപ്പറമ്പിൽ പ്രവേശനമുളളവർക്കെല്ലാം ആർടിപിസിആർ നെഗറ്റീവ് ഫലമോ, രണ്ട് ഡോസ് വാക്‌സിൻ എടുത്തെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റോ കരുതണം. സംഘാടകർ, മേളക്കാർ, ആനക്കാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവരുടെ കൊവിഡ് പരിശോധന ഇന്ന് നടക്കും. ഒരു ആനപ്പുറത്താകും ചടങ്ങുകൾ നടത്തുകയെന്നാണ് തിരുവമ്പാടി വിഭാഗം അറിയിച്ചത്.