സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സിനിമാ തിയേറ്ററുകൾ പ്രതിസന്ധിയിൽ. രജിഷ വിജയൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഖൊ ഖൊ പ്രദർശിപ്പിക്കില്ലെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. കൊവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി, ടെലിവിഷൻ തുടങ്ങിയ സമാന്തര മാദ്ധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
സാഹചര്യം കൂടുതൽ മോശമായാൽ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസടക്കം മാറ്റിവയ‌്ക്കുമെന്നും സൂചനയുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ ഫിയോക്ക് അടക്കമുള്ള സംഘടനകൾ ഉടൻ യോഗം ചേരും.
അതേസമയം സംസ്ഥാനത്ത് രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെ രാത്രി കർഫ്യൂ പ്രാബല്യത്തിൽ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കർഫ്യൂ ബാധകമല്ല. രാത്രി ഒൻപത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങൾക്ക് അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുത്.