ഒരു സ്ത്രീയുടെ അഭിമാനത്തെക്കുറിച്ച് കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുയർത്തുന്ന 'വെൻ ദി മ്യൂസിക് ചെയ്ഞ്ചസ്' എന്ന സിനിമയ്ക്കായിരുന്നു ഇത്തവണത്തെ വേൾഡ് ഫെസ്റ്റ് ഹ്യൂസ്റ്റൺ ഇന്റർനാഷണൽ ചലച്ചിത്രമേളയിൽ റെമി അവാർഡ്, ആ ചിത്രം തിരക്കഥ എഴുതി, അഭിനയിച്ച്, സംവിധാനം ചെയ്തതത് മലയാളിയായ ലക്ഷ്മീദേവിയാണ്....
ദേവി, അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരി. അവൾ ഇന്ത്യയെ സ്നേഹിച്ചു. തന്റെ പ്രിയപ്പെട്ടവനെ കണ്ടെത്തിയതും ഇവിടെ നിന്നു തന്നെ. പക്ഷേ, പെണ്ണിന്റെ അഭിമാനത്തെക്കുറിച്ച് ചോദ്യമുയരുമ്പോൾ പഴഞ്ചൻ ചിന്താഗതി തന്നെ ഇവിടെ നിലനിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ദേവി പൊട്ടിത്തെറിക്കുന്നു. ഇപ്പോൾ നടക്കുന്ന വേൾഡ് ഫെസ്റ്റ് ഹ്യൂസ്റ്റൺ ഇന്റർനാഷണൽ ചലച്ചിത്രമേളയിൽ റെമി അവാർഡ് ലഭിച്ച സിനിമയിലെ പ്രമേയമാണിത്. ചിത്രം 'വെൻ ദി മ്യൂസിക് ചെയ്ഞ്ചസ്." (സംഗീതം മാറുമ്പോൾ ) ചിത്രം സംവിധാനം ചെയ്തതും നിർമ്മിച്ചതും തിരക്കഥ എഴുതിയതും കേന്ദ്ര കഥാപാത്രമായതുമെല്ലാം ഒരു മലയാളി പെണ്ണാണ്. അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് ചെന്നൈയിൽ വൈദ്യം പഠിച്ച് അവിടെ നിന്നും സിനിമയിലെത്തിയ ലക്ഷ്മിദേവി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയതും പഴയതുമായ മൂന്നാമത്തെ സ്വതന്ത്ര ചലച്ചിത്രോത്സവമാണ് വേൾഡ് ഫെസ്റ്റ് ഹ്യൂസ്റ്റൺ മേള. റെമി അവാർഡ് ലഭിച്ചവരിൽ ജോർജ് ലൂക്കാസ്, സ്റ്റീവൻ സ്പിൽബർഗ്, ആംഗ് ലീ എന്നിവരൊക്കെയുണ്ടെന്നത് ലക്ഷ്മിയുടെ അഭിമാനം.
ഒരു യഥാർത്ഥസംഭവത്തിൽ നിന്നാണ് സിനിമയുടെ പ്രമേയം കണ്ടെത്തിയതെന്ന് ലക്ഷ്മിദേവി പറയുന്നു. തന്റെ ചുറ്റുമുള്ള സമൂഹം യാഥാർത്ഥ്യം ഉൾക്കൊണ്ട് കണ്ണ് തുറക്കാൻ, കാലഹരണപ്പെട്ട പുരുഷാധിപത്യ മനോഭാവങ്ങളും പാരമ്പര്യങ്ങളും മാറ്റി ചിന്തിക്കാൻ വേണ്ടിയാണ് 'സംഗീതം മാറുമ്പോൾ" എടുത്തത്. ഒരു ഫോൺകാൾ എടുക്കാതിരുന്നാൽ സംഭവിക്കുന്ന കാര്യങ്ങൾ എന്ന നിലയ്ക്കാണ് സിനിമയിൽ കഥ പുരോഗമിക്കുന്നത്. ഹൈദരാബാദിലായിരുന്നു ഷൂട്ടിംഗ്. ഫിഡി ടോക്കീസ് എന്ന പേരിലാണ് അമേരിക്കയിൽ ലക്ഷ്മിദേവി സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചത്. 'ഡരോ മത്" എന്ന ചിത്രമായിരുന്നു ആദ്യത്തേത്. ഒരു ഹിന്ദി, തമിഴ് ചിത്രമായിരുന്നു അത്. എഴുത്തുകാരൻ മധു നായർ ന്യൂയോർക്കിന്റേയും ഡോ. സരോജ നായരുടേയും മകളാണ് ലക്ഷ്മിദേവി.
എന്താണ് സിനിമ പറയുന്നത്?
ജനിച്ചത് അമേരിക്കയിലാണെങ്കിലും ഇന്ത്യയെ സ്നേഹിച്ച ദേവി ഇവിടത്തെ മാലിന്യപ്രശ്ങ്ങളെ കുറിച്ച് ഡോക്യുമെന്ററി ചെയ്യാനാണ് ഇവിടെ എത്തുന്നത്. അകന്ന ബന്ധുകൂടിയായ ഇന്ത്യക്കാരനാണ് അവളുടെ ബോയ് ഫ്രണ്ട്. കാണാൻ സുമുഖനാണെങ്കിലും വൈകാരികമായി ഉപദ്രവിക്കുന്ന കഥാപാത്രമാണയാൾ. അവളെ മനസിലാക്കാൻ തയ്യാറാകാതെ, നിയന്ത്രിക്കാൻ ശ്രമിക്കുന്ന ആൾ. പക്ഷേ, സ്നേഹവും ഉണ്ട്. ഇനി എന്ത് ചെയ്യണമെന്നറിയാത്ത സമയത്താണ് അവൾ മറ്റൊരാളാൽ ബലാത്സംഗത്തിന് ഇരയാകുന്നത്. അവൾ ആശുപത്രിയിൽ പോകുന്നു, നടന്ന കാര്യം പറയുന്നു, പൊലീസിൽ പോയി പരാതിപ്പെടുന്നു. ആ സാഹചര്യത്തിൽ അവളുടെ ബോയ് ഫ്രണ്ട് പറയുന്നത് ''ഞാൻ നിന്നെ വിട്ടു പോകില്ല, നീ നശിച്ചാലും സാരമില്ല..."" എന്നാണ്. ''എന്താണ് മാനം? എന്താണ് നശിച്ചത്. എന്റെ ശരീരത്തെ വേദനിപ്പിച്ചു, അത് സത്യം. എന്റെ നാണം, അഭിമാനം ഇതൊന്നും തൊടാൻ പോലും അയാൾക്ക് കഴിഞ്ഞിട്ടില്ല"" എന്ന്...അവൾ പൊട്ടിത്തെറിക്കുന്നു.
എന്തുകൊണ്ട് 'സംഗീതം മാറുമ്പോൾ"?
സമൂഹത്തിൽ പ്രാധാന്യമുള്ള വിഷയമെന്നെനിക്കു തോന്നിയതുകൊണ്ടാണ് ഈ സിനിമ ചെയ്തത്. ഇംഗ്ലീഷ് സിനിമയാണ്. ഇന്ത്യൻ സാഹചര്യത്തിലാണ് കഥ പറയുന്നത്. എങ്കിലും പ്രദേശിക ഭാഷയിലൊതുക്കേണ്ടെന്നു തോന്നി. ഇവിടെ ധാരാളം പേർക്ക് ഇംഗ്ലീഷ് അറിയാവുന്നതാണ്. അതുകൊണ്ടാണ് സിനിമ ഇംഗ്ലീഷിലെടുത്തത്.
സിനിമയിലെത്തിയത്?
അപ്രതീക്ഷിതമായാണ് സിനിമയിൽ എത്തിയത്. സിനിമ എന്റെ പ്രൊഫഷൻ ആകുമെന്ന് കരുതിയില്ല. ഞാനൊരു ഡോക്ടറാണ്. എന്നിട്ടും സിനിമയിലെത്തി. ആദ്യം അഭിനയം, അവിടെ നിന്നും എഴുത്തിലേക്ക്... പിന്നെ സംവിധാനവും നിർമ്മാണവും.
ഓൾ റൗണ്ട് പെർഫോമൻസ് ആണല്ലോ?
അഭിനയവും എഴുത്തും സംവിധാനവുമൊക്കെ ഒന്നിച്ചു ചെയ്യുന്നത് ഞാൻ ആസ്വദിച്ചിട്ടു തന്നെയാണ്. അതിനെനിക്ക് പ്രചോദനമായത് മലയാളത്തിലെ ശ്രീനിവാസൻ സാറും ബാലചന്ദ്ര മേനോൻ സാറുമാണ്.
അവാർഡ് നേട്ടം കൈവന്നപ്പോൾ ?
ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ നാഴികക്കല്ലാണ്. എന്നോടൊപ്പം വർക്ക് ചെയ്ത ടീമിനോട് കടപ്പെട്ടിരിക്കുന്നു