കഥയെഴുത്തും സ്വതന്ത്രപത്രപ്രവർത്തനവും പിന്നീട് ബാങ്കുജോലിയുമായി കഴിഞ്ഞിരുന്ന എന്റെ നേർക്ക്, ദൃശ്യമാദ്ധ്യമരംഗത്തു നിന്നുള്ള ആദ്യവിരൽ സ്നേഹപൂർവ്വം നീണ്ടുവന്നത് എൺപതുകളുടെ അവസാനനാളുകളിലാണ്. 1988-ൽ ഞാനെഴുതിയ മദ്ധ്യവേനൽ എന്ന ഓണപ്പതിപ്പുകഥ ദൂരദർശനുവേണ്ടി ഒരു ടെലിഫിലിമാക്കാൻ താത്പര്യമുണ്ടെന്നറിയിച്ചും സമ്മതം ചോദിച്ചുകൊണ്ടും കത്തെഴുതിയ അലക്സ് കടവിലാണ് ആ സ്നേഹവിരൽ നീട്ടിയത്. 'ഒരു മെയ്മാസപ്പുലരിയിൽ"എന്ന വി.ആർ. ഗോപിനാഥ് ചിത്രത്തിലൂടെ, ഇന്നത്തെ പ്രശസ്ത സംവിധായകൻ രഞ്ജിത്തിന് തിരക്കഥാപ്രവേശം സാധ്യമാക്കിയ, യുവ നിർമ്മാതാവെന്ന നിലയിൽ വിഖ്യാതനായിരുന്നു അലക്സ്. (ആ ചിത്രത്തിൽ, കോളേജ് വിദ്യാർത്ഥിയായിരിക്കേത്തന്നെ നിർമ്മാണപങ്കാളിയായ ബൈജു പണിക്കർ, പിന്നീട് തിരുവനന്തപുരത്തെ എന്റെ ദൃശ്യമാദ്ധ്യമയാത്രയിൽ കരുത്തു നൽകി കൂടെ നിന്നത് മറ്റൊരു ആകസ്മികത.)
അലക്സ് നീട്ടിയ ആ വിരൽ പിടിച്ച് ഞാൻ തിരുവനന്തപുരത്ത് തിരക്കഥാചർച്ചകൾക്കെത്തുന്നത് 1989-ന്റെ ഒടുക്കത്തിൽ. സ്കൂൾ ഒഫ് ഡ്രാമയിൽ നിന്നുള്ളവരായിരുന്നു അന്ന് തിരുവനന്തപുരം ദൂരദർശനിലേറെയും. അവരിൽ പലരുടേയും സഹവാസകേന്ദ്രമായ നന്തൻകോട്ടെ 'കൂടാര"ത്തിൽ വെച്ചാണ് ഞാൻ അലക്സ് കടവിലിനേയും അഹമദ് മുസ്ളിമിനെയും ബി.എസ്. രതീഷിനെയും ഒക്കെ കാണുന്നത്. മുസ്ളിം എഴുതിയ വൺലൈൻ ചർച്ച ചെയ്ത് തിരക്കഥാ രചനയിൽ ഞാനും ചേർന്നു. തൃക്കരിപ്പൂർ എസ്.ബി.ടി.യിലായിരുന്ന ഞാൻ പല തവണ തിരുവനന്തപുരം യാത്ര തുടർന്നു. അക്കാലത്ത് മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരുടെ കഥകൾ ദൂരദർശൻ ഒരു മണിക്കൂർ ചിത്രങ്ങളായി നിർമ്മിക്കുവാൻ പദ്ധതിയിട്ടിരുന്നതനുസരിച്ച്. ബഷീർ, മാധവിക്കുട്ടി, എൻ. മോഹനൻ എന്നിവരുടെയൊക്കെ കഥകൾ അതിനകം ചിത്രീകരണം തുടങ്ങിയിരുന്നു. ആ ശൃംഖലയിലാണ്, താരതമ്യേന നവാഗത കഥാകൃത്തായ എന്നെയും, ദൂരദർശനിലെ സഹൃദയനായ ഡയറക്ടർ കെ കുഞ്ഞികൃഷ്ണൻ ചേർത്തു നിർത്തിയത്. അങ്ങനെ അവിടത്തെ പ്രൊഡ്യൂസർ കെ.ടി. ശിവാനന്ദൻ തന്റെ ആദ്യ ഫീച്ചർ ഫിലിമായി 'മദ്ധ്യവേനലി"നെ ഏറ്റെടുത്തു.
രണ്ട്
നഗരത്തിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയായ മീനാക്ഷിക്കു നഷ്ടമാകുന്ന ഒരു വേനലവധിക്കാലത്തിന്റെ കഥയാണ് മദ്ധ്യവേനൽ. തറവാടും, ഉത്സവവുമൊക്കെ കിനാവു കണ്ട് തന്റെ ഗ്രാമത്തിലേക്കു യാത്ര പോവുന്ന അവൾ, നിരാശയായി ചുട്ടുപൊള്ളുന്ന ഹോസ്റ്റൽമുറിയ്ക്കകത്തേക്കു തന്നെ മടങ്ങുന്നു. പ്രസിദ്ധീകരിച്ച കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുകയും തമിഴിലേക്കും കന്നടയിലേക്കും മൊഴിമാറ്റപ്പെടുകയും ചെയ്ത ഈ കഥ എനിക്കായി ദൃശ്യവിസ്മയലോകത്തിന്റെ വാതിലുകളും തുറന്നിട്ടു തരികയായിരുന്നു. ആദ്യ ടെലിവിഷൻ തിരക്കഥയെഴുത്തിന്റെ ആ വേനൽക്കാലം താണ്ടിയാണ് ഞാൻ വഴിയേ സിനിമയിൽ പത്മരാജനിലേക്കും ജോഷി മാത്യുവിലേക്കുമൊക്കെയെത്തുന്നത്.
മൂന്ന്
ഒരു വർഷത്തോളം നീണ്ടു നിൽക്കുന്നതായിരുന്നു മദ്ധ്യവേനലിന്റെ ഷൂട്ടിംഗ്. ദൂരദർശൻ പ്രൊഡക്ഷനായതിനാൽ ഔദ്യോഗിക സമയക്രമവും ബഡ്ജറ്റുമൊക്കെ പലപ്പോഴും തടസം സൃഷ്ടിച്ചു. ശിവാനന്ദന്റെ സുഹൃത്തായ പ്രദീപ് പനങ്ങാടാണ് ലൊക്കേഷൻ - കാസ്റ്റിംഗ് ഘട്ടങ്ങളിലൊക്കെ മേൽനോട്ടം വഹിച്ചതും സ്വന്തം നാടായ പന്തളത്ത് പ്രധാന ലൊക്കേഷൻ കണ്ടെത്തിയതും. ലക്ഷ്മി വിലാസം, വലിയ കോയിക്കൽ എന്നീ കൊട്ടാരങ്ങളായിരുന്നു മീനാക്ഷിയുടേയും മുറച്ചെറുക്കനായ അനൂപിന്റേയും തറവാടുകൾ. അശോക് കുമാറായിരുന്നു മുഖ്യ ഛായാഗ്രാഹകനെങ്കിലും, ദൂരദർശന്റെ ഡ്യൂട്ടി ക്രമമനുസരിച്ച് മറ്റ് പലരും പലപ്പോഴും വന്നുംപോയുമിരുന്നു! തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലെ സംഗീത വിദ്യാർത്ഥിനി റാണി മീനാക്ഷിയായപ്പോൾ, പ്രശസ്ത ഗായകൻ കോഴിക്കോട് അബ്ദുൾ ഖാദറിന്റെ മകൻ സത്യജിത് അനൂപായി.
കാര്യവട്ടം യൂണിവേഴ്സിറ്റി വിമൻസ് ഹോസ്റ്റലായിരുന്നു മീനാക്ഷിയുടെ എൻജിനീയറിംഗ് ഹോസ്റ്റലായി ചിത്രീകരിച്ചത്. അവിടത്തെ വിദ്യാർത്ഥിനികളുൾപ്പെടെ പലരും അഭിനേതാക്കളായി.... 91ലെ വിഷുക്കാലത്തെ ഷൂട്ടിംഗ് വേളയിൽ, ശിവാനന്ദനോടൊപ്പം ഒരു സീൻചർച്ചയിൽ പങ്കാളിയായിരുന്ന എന്റെ നേർക്ക്, ഒരു കുല കൊന്നപ്പൂക്കളുമായി വന്ന കാമ്പസിലെ രണ്ടു സുന്ദരിപ്പെൺകുട്ടികളെ ഓർക്കുന്നു.കഥാനായികയുടെ കൂട്ടുകാരികളായി അഭിനയിച്ച അവരിരവരും വർഷങ്ങൾക്കിപ്പുറം പ്രശസ്ത കവയത്രി സന്ധ്യ ഇ. എന്നും കാലടി സർവ്വകലാശാലയിലെ ഡോ. മുത്തുലക്ഷ്മി എന്നുമാണ് ഇന്ന് അറിയപ്പെടുന്നത്. യൂണിവേഴ്സിറ്റി കാമ്പസിലെ ലൊക്കേഷനിൽ അന്ന് ഞാൻ പരിചയപ്പെട്ട മറ്റൊരു വിദ്യാർത്ഥി, എന്റെ കഥാനായകന്റെ പേരുള്ള ആൾ തന്നെയായിരുന്നു. സി. അനൂപ് എന്ന പേരിൽ പ്രശസ്തനായ കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായി അയാൾ ഇന്ന് നമുക്കിടയിലുണ്ട്.
നാല്
1992 ജനുവരി 31-നാണ് തിരുവനന്തപുരം ദൂരദർശൻ 'മദ്ധ്യവേനൽ" സംപ്രേഷണം ചെയ്തത്. സമ്മിശ്രമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. അപ്പോഴേക്കും ആദ്യ തിരക്കഥയുടെ ബലത്തിൽ രണ്ട് സിനിമകളിലേക്ക് ഞാൻ പ്രവേശിച്ചു കഴിഞ്ഞിരുന്നു, നക്ഷത്രക്കൂടാരവും ഓ ഫാബിയും. മദ്ധ്യവേനലിന്റെ ഷൂട്ടിംഗ് പാക്കപ്പായ രാത്രിയിൽ, അലക്സും ഹരിയും ശിവാനന്ദനും രതീഷും ഒക്കെച്ചേർന്ന സുരഭിലവേളയിൽ, വേർപിരിയലിന്റെ ദുഃഖത്തോടെ സത്യജിത്ത് അലക്സ് കടവിലിനെ ചേർത്തണച്ച് തന്റെ അച്ഛന്റെ ആ വിഖ്യാതഗാനം ആർദ്രമായി പാടി: എങ്ങനെ നീ മറക്കും കുയിലേ... എങ്ങിനെ നീ മറക്കും...?! രണ്ട് പേരും അകാലത്തിൽ, മറവികളില്ലാത്ത വേറൊരു ലോകത്തേക്ക് പറന്നുപോയി...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343, satheeshbabupayyanur@gmail.com)