തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം പ്രതിസന്ധി സൃഷ്‌ടിക്കുന്നു. അഞ്ച് ലക്ഷത്തിൽ താഴെ ഡോസ് മാത്രമാണ് നിലവിൽ സംസ്ഥാനത്ത് സ്റ്റോക്കുളളത്. സ്റ്റോക്ക് കുറവാണെന്നതിനാൽ സംസ്ഥാനത്തെ മിക്ക മെഗാ വാക്‌സിനേഷൻ ക്യാമ്പുകളും നിലച്ചു. സ്വകാര്യ മേഖലയിലടക്കം വാക്‌സിൻ ക്ഷാമം രൂക്ഷമാണ്.
തിരുവനന്തപുരത്തും കൊല്ലത്തുമാണ് വാക്‌സിൻ ക്ഷാമം കൂടുതൽ രൂക്ഷമായത്. 1500 ഡോസ് കൊവീഷീൽഡാണ് തലസ്ഥാനത്ത് നിലവിൽ ബാക്കിയുളളത്. ഏതാനും ചില വാർഡുകളിൽ മാത്രമാണ് വാക്‌സിനേഷൻ നടത്തുന്നത്. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വാക്‌സിൻ വിതരണം മുടങ്ങിയിരിക്കുകയാണ്. സ്റ്റോക്ക് തീർന്നതിനാൽ പലരേയും മടക്കി അയക്കുന്ന കാഴ്ചയാണ് ക്യാമ്പുകളിൽ കാണുന്നത്.
കൊല്ലത്ത് വാക്‌സിൻ സ്റ്റോക്ക് പൂർണമായും തീർന്നു. 10,000 ഡോസ് ഇന്നലെ വന്നെങ്കിലും അതും പൂർണമായും തീർന്നതോടെയാണ് പ്രതിസന്ധിയായത്. രണ്ടാഘട്ട വാക്‌സിൻ എടുക്കേണ്ടവർക്ക് ലഭിക്കുന്നില്ലെന്നതാണ് ആശങ്ക സൃഷ്‌ടിക്കുന്ന മറ്റൊരു കാര്യം.
കോട്ടയത്ത് വാക്‌സിൻ കേന്ദ്രങ്ങളിൽ പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എട്ട് മെഗാ ക്യാമ്പുകളാണ് നടക്കുന്നത്. പലയിടത്തും തിക്കും തിരക്കും നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലാണുളളതെന്നതാണ് ഇവിടെ ആശങ്കയാകുന്നത്.
എറണാകുളത്ത് 113 കേന്ദ്രത്തിൽ വാക്‌സിനേഷൻ ഇന്ന് നടക്കുന്നുണ്ട്. പുതിയ വാക്‌സിൻ എത്തിയതോടെ കഴിഞ്ഞ ദിവസത്തെ പ്രശ്‌നങ്ങൾ പരിഹരിച്ചു. എന്നാൽ ജില്ലയിൽ ഇന്ന് മെഗാക്യാമ്പുകൾ ഇല്ല.
കോഴിക്കോട് ജില്ലയിൽ പല വാക്‌സിൻ കേന്ദ്രങ്ങളിൽ നിന്നും ആളുകൾ മടങ്ങി പോകുന്ന കാഴ്‌ചയാണുളളത്. ഒരു ദിവസം 100 ടോക്കൺ മാത്രമേ കൊടുക്കൂ എന്ന നിലപാടിലാണ് അധികൃതർ. പല വാക്‌സിൻ കേന്ദ്രങ്ങളിലും രാവിലെ തന്നെ 100 ടോക്കൺ കഴിഞ്ഞു. അമ്പത് ലക്ഷം വാക്‌സിൻ കൂടി അടിയന്തരമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.