തിരുവനന്തപുരം: കൊവിഡ് വീണ്ടും സംഹാരരൂപം പൂണ്ടതോടെ വൈറസിനെ വരുതിലാക്കാൻ ലോക്ക്ഡൗണും രാത്രികാല കർഫ്യുകളുമായി രാജ്യങ്ങൾ പതിനെട്ടടവും പയറ്റുകയാണ്. കഴിഞ്ഞ കൊവിഡ് കാലത്തോടെ കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ലോക്ക്ഡൗൺ എന്താണെന്ന് മലയാളികൾക്കെല്ലാം മനസിലായി. എന്നാൽ രാത്രകാല കർഫ്യു എന്താണെന്ന് മലയാളികൾക്ക് അറിയില്ലായിരുന്നു. കൊവിഡിന്റെ രണ്ടാംവരവിനെ തടയാൻ ഇന്നുമുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യു ഏർപ്പെടുത്തുകയാണ്. പകൽ സമയത്തല്ലേ കൂടുതൽ ആൾക്കാർ പുറത്തറിങ്ങുന്നത്. പിന്നെന്തിനാണ് രാത്രികാല കർഫ്യു എർപ്പെടുത്തുന്നത്. ഇത് പ്രയോജനം ചെയ്യുമോ...ഇങ്ങനെ നൂറായിരം സംശയങ്ങളാണ് പലർക്കുമുള്ളത്.
അറിയാം രാത്രികാല കർഫ്യുവിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ
മനുഷ്യരുടെ ഇടപെടൽ നിയന്ത്രിക്കുക എന്നതുതന്നെയാണ് രാത്രികാല കർഫ്യുവിന്റെ ലക്ഷ്യം.പകൽ സമയത്ത് പുറത്തിറങ്ങുന്നവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വളരെ എളുപ്പത്തിൽ നിരീക്ഷിക്കാൻ കഴിയും. സുരക്ഷാ ഏജൻസികളും പൊതു ജനങ്ങളും ഒക്കെ ഈസമയം ജാഗരൂകയായിരിക്കുകയും ചെയ്യും. എല്ലാവരും ശ്രദ്ധിക്കുന്നു എന്ന തോന്നലിൽ ജനങ്ങളും കൂടുതൽ ജാഗ്രതയിലായിരിക്കും.
എന്നാൽ രാത്രിയിൽ അവസ്ഥ വേറെ ആയിരിക്കും. പൊലീസ് ഉൾപ്പടെയുള്ള അധികാരികൾ ആരും ഇല്ലാത്തതിനാൽ അനധികൃതമായ ഒത്തുകൂടൽ ഉണ്ടാവും. ഇത് അറിഞ്ഞും അറിയാതെയും സംഭവിക്കാം. പലർക്കും മാസ്കുകൾ പോലും കാണണമെന്നില്ല. മാളുകളും ക്ളബുകളും തട്ടുകടകളും ബാറുകളുമൊക്കെ രാത്രിയാവുന്നതോടെയാണ് കൂടുതൽ സജീവമാകുന്നത്. ഇവിടങ്ങളിലും ആൾക്കൂട്ടമുണ്ടാവും. ഇതൊക്കെ നിയന്ത്രിക്കാനാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത്. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യു
രാത്രി കാല കർഫ്യുവിനോടൊപ്പം ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ പകൽ അനുവദിക്കുന്നു. ജോലി ചെയ്യാനും വ്യാപാരത്തിനും, സഞ്ചാരത്തിനും. അതാണല്ലോ പ്രധാനം. രാത്രി, മുഴുവൻ ആളുകളും വീട്ടിൽ ഇരിക്കുക, ഉറങ്ങുക.കർഫ്യൂ നിലവിൽ ഉള്ളപ്പോൾ ജനങ്ങൾ കൊവിഡ് വ്യാപനത്തിന്റെ ഗൗരവം കൂടുതൽ ഉൾകൊള്ളുകയും ചെയ്യും.
കർഫ്യു സമയത്തെ നിയന്ത്രണങ്ങൾ
അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്.
വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്.
സ്വകാര്യ,സർക്കാർ സ്ഥാപനങ്ങൾക്കും ബാധകം,വാഹന ഗതാഗതം നിയന്ത്രിക്കും.എന്നാൽപൊതുഗതാഗതത്തിന് ബാധകമല്ല.
നൈറ്റ് ഡ്യൂട്ടി ജീവനക്കാർ, ആശുപത്രി, പെട്രോൾ ബങ്കുകൾ, പാൽ, പത്ര വിതരണം എന്നിവയ്ക്ക് ഇളവ്.
ഉത്സവങ്ങൾക്ക് നിയന്ത്രണം. പരിപാടികൾ ഒാൺലൈനായി നടത്തണം.
കൊവിഡ് നിയന്ത്രണം പാലിക്കാത്ത കടകൾ, സ്ഥാപനങ്ങൾ എന്നിവ അടപ്പിക്കണം.