ഇക്കാലത്ത് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട. ജന്മദിനങ്ങൾ, വാർഷികങ്ങൾ, തുടങ്ങി മരണാനന്തര ചടങ്ങുകൾ പോലും ആഘോഷമാക്കുന്നവരുടെ നാട്ടിലാണ് നാം ജീവിക്കുന്നത്. വ്യത്യസ്തമായൊരു വിവാഹ വാർഷികാഘോഷത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. വിവാഹവാർഷിക ദിനത്തിൽ തങ്ങളുടെ വിവാഹ ദിനം പുനഃസൃഷ്ടിച്ച ദമ്പതികളുടെ വാർത്ത സോഷ്യൽ മീഡിയയിലൂടെ നമ്മളേവരും കണ്ടിട്ടുണ്ട്. എന്നാലിപ്പോൾ അമ്പതാം വിവാഹ വാർഷികത്തിന് തങ്ങളുടെ വിവാഹദിനത്തിലെ അതേ വസ്ത്രമണിഞ്ഞ് മുത്തച്ഛനെ ഞെട്ടിച്ച മുത്തശ്ശിയുടെ വീഡിയോയ്ക്ക് പിന്നാലെയാണ് സൈബർ ലോകം പായുന്നത്.
അമ്പതാം വിവാഹവാർഷികത്തിന് മണവാട്ടിയായി ഒരുങ്ങുന്ന മുത്തശ്ശിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാൽ, ഇതൊന്നും അറിയാതെ അടുത്തമുറിയിലിരിക്കുന്ന മുത്തച്ഛനെയും വീഡിയോയിൽ കാണാം. വിവാഹദിനത്തിലെ പോലെ തന്നെ ഇപ്പോഴും മുത്തശ്ശിക്ക് വസ്ത്രം പാകമാണെന്ന് ഒരുങ്ങാൻ സഹായിക്കുന്നതിനിടയിൽ കൊച്ചുമകൾ പറയുന്നുണ്ട്. കമ്മലും ലിപ്സ്റ്റിക്കുമെല്ലാം അണിഞ്ഞ് കാലിൽ ഹീൽസും ധരിച്ച് ഒരു നവവധുവിനെപ്പോലെ തന്നെ മുത്തശ്ശി അണിഞ്ഞൊരുങ്ങുന്നുണ്ട്.
മുത്തശ്ശിക്ക് ഒരു രാജകുമാരനെ കൂടി വിവാഹം കഴിക്കാം എന്നാണ് കൊച്ചുമകളുടെ കമന്റ്. ഒടുവിൽ പരമ്പരാഗത ശൈലിയിൽ തലയിൽ നെറ്റ് കൂടി അണിഞ്ഞാണ് മുത്തശ്ശി എത്തുന്നത്. എന്നാൽ, മുത്തച്ഛൻ ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ ടാബിൽ എന്തോ കണ്ടുകൊണ്ടിരിക്കുകയാണ്. നവവധുവായി ഒരുങ്ങിയെത്തിയ ഭാര്യയെ കണ്ട് മുത്തച്ഛൻ ആശ്ചര്യപ്പെടുന്നതും വീഡിയോയിലുണ്ട്. പറയാൻ വാക്കുകളില്ലാതെ നിൽക്കുന്ന ഇരുവരും ഒടുവിൽ പരസ്പരം ചുംബിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നു.
അമേരിക്കൻ സ്വദേശിയായ റിക്ക് ലാക്സ് എന്ന മജീഷ്യനാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്തുകഴിഞ്ഞു. മുപ്പത്തേഴായിരത്തിലധികം കമന്റുകളും ലഭിച്ചിട്ടണ്ട് ഈ ക്യൂട്ട് മുത്തശ്ശിക്ക്. മുത്തശ്ശി ഒരു നവവധുവിനെ പോലെ സുന്ദരിയാണെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.