ന്യൂഡൽഹി: ഉത്തർപ്രദേശിലെ അഞ്ച് നഗരങ്ങളിൽ ലോക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദ്ദേശിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ഏപ്രിൽ 26 വരെ കൊവിഡ് മാനദണ്ഡ പ്രകാരം ഉത്തർപ്രദേശിലെ വൻ നഗരങ്ങളായ അലഹാബാദ്, ലക്‌നൗ, വാരണാസി, കാൺപൂർ നഗർ, ഗോരഖ്‌പൂർ എന്നീ നഗരങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവ് സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി എന്നാൽ ഇവിടെ കൊവിഡ് രോഗബാധ കുറയ്‌ക്കുന്നതിന് സ്വീകരിച്ച നടപടികൾ ഹൈക്കോടതിയെ അറിയിക്കാനും നിർദ്ദേശിച്ചു.
മാളുകൾ, ഷോപ്പിംഗ് കോംപ്ളക്‌സുകൾ, റസ്‌റ്റോറന്റുകൾ എന്നിവ പരിപൂർണമായും ഈ അഞ്ച് നഗരങ്ങളിലും അടയ്‌ക്കണമെന്നായിരുന്നു സർക്കാരിന് ഹൈക്കോടതി നൽകിയ നിർദ്ദേശം. പ്രത്യേകമായി പറഞ്ഞില്ലെങ്കിലും ഫലത്തിൽ ഇത് ലോക്‌ഡൗൺ തന്നെയായിരുന്നു. ഹൈക്കോടതി ഉന്നയിച്ച ആശങ്കകൾ സർക്കാർ മനസിലാക്കുന്നുവെങ്കിലും പൂർണമായ ലോക്‌ഡൗൺ ശരിയായ സമീപനമല്ലെന്നാണ് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ പറഞ്ഞു.
കൊവിഡ് രോഗവ്യാപനം തടയാനുളള നടപടികൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്നും ലോക്‌ഡൗൺ നടപ്പാക്കിയാൽ ഭരണപരമായ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും കേസ് വാദത്തിനിടെ തുഷാർ മേത്ത കോടതിയെ അറിയിച്ചു.