ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ തട്ടി പ്രധാനമന്ത്രിയുടെ യൂറോപ്പിലേക്കുള്ള യാത്ര മുടങ്ങി. പോര്‍ച്ചുഗലിലും ഫ്രാന്‍സിലും നടത്താനിരുന്ന സന്ദര്‍ശനങ്ങള്‍ റദ്ദാക്കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബംഗ്ലാദേശില്‍ പര്യടനം നടത്തി തിരികെയെത്തിയ എയര്‍ ഇന്ത്യ വണ്‍( എ ഐ 160) വിശ്രമത്തില്‍ തുടരും. ബംഗ്ലാദേശിന്റെ 50-ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ പങ്കെടുക്കാനായിരുന്നു മോദിയുടെ എയര്‍ ഇന്ത്യ വണിലെ ആദ്യ യാത്ര. 2019 നവംബറിന് ശേഷം ആദ്യമായിട്ടായിരുന്നു പ്രധാനമന്ത്രി ആ വിദേശ പര്യടനം.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയുടെ പതിനാറാം സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പോര്‍ച്ചുഗലിലേക്ക് പോകാനിരുന്നത്. മെയ് എട്ടിനായിരുന്നു യാത്ര പോകാനിരുന്നത്. അവിടെ നിന്നും ഫ്രാന്‍സിലേക്ക് പോകാൻ പദ്ധതിയിട്ടു. എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ സമ്മേളനം വെര്‍ച്വലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതോടെയാണ് യാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം നടത്താനിരുന്ന ഇന്ത്യാ സന്ദര്‍ശനം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ വേണ്ടെന്നു വച്ചു. കൊവിഡ് മുന്‍ നിര്‍ത്തി ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സന്ദര്‍ശനം നീട്ടിവയ്ക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ചീഫ് ഗസ്റ്റായി ക്ഷണം സ്വീകരിച്ച ബോറീസ് ജോണ്‍സണ് അന്ന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഏപ്രില്‍ 25 നായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം പ്ലാന്‍ ചെയ്തിരുന്നത്. ഇന്ത്യയില്‍ രോഗബാധ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അമേരിക്കയും ബ്രിട്ടനും ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ സ്വന്തം പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വാക്സിന്‍ എടുത്തവര്‍ മാത്രം യാത്ര നടത്തിയാല്‍ മതിയെന്ന നിര്‍ദേശമാണ് അമേരിക്ക പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്.