കൊച്ചി: ബന്ധു നിയമന വിവാദത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രിയെ നീക്കം ചെയ്യണമെന്നുമുളള കെ.ടി ജലീലിന് എതിരെയുളള ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. എല്ലാവശവും പരിശോധിച്ചാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചട്ടലംഘനമാണ് ലോകായുക്തയുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ന് വാദിച്ച് കെ.ടി ജലീൽ നൽകിയ ഹർജി ഹൈക്കോടതി തളളിക്കളഞ്ഞു.
തനിക്കെതിരായ പരാതിയിൽ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധനയോ നടന്നിട്ടില്ലെന്നും ചട്ടങ്ങൾക്ക് പുറത്തുളള ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ വാദം. എന്നാൽ ജലീൽ നടത്തിയത് അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമായിരുന്നുവെന്നും മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവിലുണ്ടായിരുന്നത്. സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിൽ ജനറൽ മാനേജരായി ജലീൽ ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചതായിരുന്നു ബന്ധുനിയമന വിവാദം. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് 2018 നവംബർ രണ്ടിന് ജലീലിനെതിരെ ബന്ധുനിയമന ആരോപണം ഉന്നയിച്ചു.
മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത അദീബിന് വേണ്ടി മന്ത്രി പദവിയുടെ വിദ്യാഭ്യാസ യോഗ്യത മാറ്റാനും ഉത്തരവിട്ടിരുന്നു. ഇക്കാര്യവും ലോകായുക്ത ഉത്തരവിൽ നിരീക്ഷിച്ചിരുന്നു. സ്വകാര്യ ആവശ്യത്തിനായി ജലീഷ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന യൂത്ത് ലീഗ് നേതാവ് വി.കെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് ലോകായുക്ത അന്വേഷണം നടത്തി ഉത്തരവിട്ടത്. വിവാദമുണ്ടായി രണ്ടര വർഷത്തിന് ശേഷമായിരുന്നു ലോകായുക്ത ഉത്തരവ് തുടർന്ന് ഏപ്രിൽ 13ന് കെ.ടി ജലീൽ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.