തിരുവനന്തപുരം: 1996 മുതൽ എങ്ങുമെത്താതെ കിടക്കുന്ന ജഗതി മുതൽ കൂട്ടാംവിള വരെയുള്ള മലിനജല (സ്വിവറേജ്) സംസ്‌കരണ പദ്ധതിക്ക് അനക്കം വച്ചു തുടങ്ങുന്നു. പദ്ധതി വേഗത്തിലാക്കാൻ വാട്ടർ അതോറിട്ടി നടപടികൾ സ്വീകരിച്ചു തുടങ്ങി. 1996 പദ്ധതി ആവിഷ്കരിച്ചെങ്കിലും വാട്ടർ അതോറിട്ടിയുടെ സാമ്പത്തിക പ്രതിസന്ധിയും സ്ഥലമേറ്റെടുക്കൽ വിവാദങ്ങളെയും തുടർന്ന് പദ്ധതി അനിശ്ചിതമായി വൈകുകയായിരുന്നു. പദ്ധതി സംബന്ധിച്ച് നേരത്തെ തന്നെ സാമൂഹിക ആഘാത പഠനങ്ങൾ അടക്കമുള്ളവ നടത്തിയിരുന്നു. പദ്ധതിക്ക് നടപ്പാക്കുന്നത് കൊണ്ട് പരിസ്ഥിതിക്ക് യാതൊരു തരത്തിലുള്ള കോട്ടവും ഉണ്ടാകില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച സമിതി റിപ്പോർട്ട് നൽകിയിരുന്നു.
3508 മീറ്റർ
ജഗതി മുതൽ കൂട്ടാംവിള വരെ 3508 മീറ്റർ നീളത്തിലാണ് സ്വിവറേജ് പദ്ധതി പ്രാവർത്തികമാക്കുന്നത്. 2452 മീറ്റർ പ്രധാന സ്വീവർ കുഴലുകളും 157 മീറ്റർ ദൂരത്തിൽ ബ്രാഞ്ച് സ്വീവർ കുഴലുകളുമാണ് സ്ഥാപിക്കുന്നത്. കരമനയാറിന്റെ ഇരുവശങ്ങളിലുമായി ശാസ്തമംഗലം, തൈക്കാട് വില്ലേജുകളിലായി ജഗതി ജംഗ്ഷന് സമീപമാണ് പദ്ധതി സ്ഥലം സ്ഥിതി ചെയ്യുന്നത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ ശാസ്തമംഗംലം, തൈക്കാട് വില്ലേജുകളിൽ ഉൾപ്പെട്ട ഭൂരിഭാഗം പ്രദേശത്തേയും മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാൻ സാധിക്കും. ഇതിലൂടെ പകർച്ചവ്യാധികളും മറ്റു ജലജന്യ രോഗങ്ങളും തടയാനുമാകും.
2.13 കോടി
പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതിനായി വാട്ടർ അതോറിട്ടി 2.3 കോടിയാണ് ചെലവിടുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ 9 കുടുംബങ്ങളുടെ ഭൂമിയാണ് നഷ്ടപ്പെടുക. നേരത്തെ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചങ്കിലും പ്രാദേശിക എതിർപ്പുകളെ തുടർന്ന് തുടർനടപടികൾ ഒന്നും തന്നെയുണ്ടായില്ല. കിള്ളിയാറിന് കുറുകെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും ഇനി ചെയ്യാനുണ്ട്. ഇവയെല്ലാം പൂർത്തിയാകുന്നതോടെ പദ്ധതി ഭാഗികമായി കമ്മിഷൻ ചെയ്യാനാണ് വാട്ടർ അതോറിട്ടി തീരുമാനിച്ചിരിക്കുന്നത്. പാങ്ങോട് മുതൽ ഇടപ്പഴിഞ്ഞി വരെയുള്ള റോഡിൽ വിവേകാനന്ദ നഗറിനും ചിത്രനഗറിനും ഇടയിലാണ് പൈപ്പ് ലൈൻ പദ്ധതി. ഇതിനായി
5000 പേർക്ക് ഗുണം ലഭിക്കും
പദ്ധതി പൂർത്തിയാകുന്നതോടെ കോർപ്പറേഷന് കീഴിലുള്ള ജഗതി, പൂജപ്പുര, പാങ്ങോട് വാർഡുകളിലായി ഏതാണ്ട് 5000 വീട്ടുകാർക്കും മറ്റ് സ്ഥാപനങ്ങൾക്കും ഗുണം ലഭിക്കും. ജഗതി മുതൽ കൂട്ടാംവിള വരെ ഏതാണ്ട് 20,000 മീറ്ററായിരിക്കും പൈപ്പുകൾ നീളുക. ഈ പൈപ്പുകളിലൂടെ കൊണ്ടുവരുന്ന മലിനജലം കുര്യാത്തിയിലെ 107 എം.എൽ.ഡി പമ്പ് ഹൗസിൽ എത്തിക്കും. തുടർന്ന് മുട്ടത്തറയിലെ മലിനജല സംസ്കരണ പ്ളാന്റിൽ സംസ്കരിക്കുകയുമാണ് ചെയ്യുക.