വരുംദിവസങ്ങളിൽ കൊവിഡ് രോഗബാധിതർ പ്രതിദിനം അമ്പതിനായിരമെത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നു. രോഗം, രാജ്യമാകെ കൊടുങ്കാറ്റുപോലെ വീശുന്നുവെന്ന് പ്രധാനമന്ത്രിയും ജനങ്ങളോട് പ്രഖ്യാപിച്ചു. തൃശൂർ പൂരം പ്രതീകാത്മകമായി നടത്താൻ തീരുമാനമായി.എന്നാൽ മേയ് രണ്ടിന് മറ്റൊരു പൂരത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടി വരും. തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന മുന്നണി നടത്തുന്ന ആഹ്ലാദ പ്രകടന പൂരം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ തീരുമാനമെടുക്കണം. വിജയികൾ ആഹ്ലാദ പ്രകടനത്തിനും വാഹന ജാഥയ്‌ക്കും ചെലവാക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ സംഭാവന നല്കാം, അല്ലെങ്കിൽ പാവപ്പെട്ടവർക്ക് മാസ്കുകളും സാനിറ്റൈസറുകളും വാങ്ങി വിതരണം ചെയ്യണം.
ഡി സുചിത്രൻ
ചിറയിൻകീഴ്
ആരോഗ്യവകുപ്പ് ഡയറക്ടറുടെ പലായനം
കൊവിഡ് മഹാമാരി ഉന്നതിയിൽ സംസ്ഥാനത്തെ പ്രഹരിക്കുന്ന സമയത്ത് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സ്വയമേധാ വിരമിക്കലിന് സർക്കാർ അനുമതി നൽകിയത് അനുചിതമായി. കഴിഞ്ഞ നാലുവർഷം ആരോഗ്യവകുപ്പിനെ നയിച്ചതിന് സർക്കാരിന്റെ അസംതൃപ്തി തെളിയിക്കുന്നതാണ് വിരമിക്കൽ അനുമതി. 400 ഡോക്ടർമാരെ പിരിച്ചുവിടേണ്ടിവന്നു. അനാകർഷകമായ സേവന വേതനവും അനുകൂലമല്ലാത്ത ദൂരസ്ഥലങ്ങളിലെ നിയമനവും ആയിരുന്നു മറ്റൊരു തൊഴിൽ മേഖലയിലും ഇല്ലാത്ത ഈ നടപടിക്ക് കാരണമായത്.
ഡോ. രാഘവൻ
കോഴിക്കോട്
മതസൗഹാർദ്ദത്തിന്റെ
പ്രതീകമായി ശബരിമല
ശബരിമല തീർത്ഥാടകർക്ക് ജാതിഭേദമോ വിഭാഗീയ ചിന്തകളോ ഇല്ല. മതമൈത്രിയുടെ സംഗമഭൂമിയാണ് ഇവിടം. ജാതി- മത ചിന്തകൾക്കതീതമായി എല്ലാപേരും ഇവിടെ വന്ന് ദർശനം നടത്താറുണ്ട്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും, മകൻ കബീർ ആരിഫും ശബരിമല ദർശനത്തിന് എത്തിയത് ഇതിനൊരുത്തമ ഉദാഹരണമാണ്.
ഇവിടെ ജാതിമത വർണവർഗ വ്യത്യാസങ്ങൾക്ക് സ്ഥാനമില്ല. ശബരിമല സന്നിധാനത്തിനു തൊട്ടുമുന്നിൽ തന്നെയാണ് മുസ്ളിം പടനായകന്റെ പീഠം സ്ഥിതിചെയ്യുന്നത്. തീർത്ഥാടകർ എല്ലാം തന്നെ ഈ സിദ്ധന്റെ പീഠം സന്ദർശിച്ച് കാണിക്കയിട്ട് പ്രസാദം കൈപ്പറ്റാറുണ്ട്. ശാസ്താസന്നിധാനം പോലെ തന്നെ മുസ്ളിം സൂഫിയുടെ സാന്നിദ്ധ്യവും ആത്മാനുഭൂതിദായകമാണ്. ലോകത്തെ മറ്റൊരു ആരാധനാ കേന്ദ്രത്തിനും ഇല്ലാത്ത സവിശേഷതയാണ് ഇവിടെ.
വാവരുപള്ളിയിൽ നിന്നും അയ്യപ്പസന്നിധാനത്തു നിന്നും ഒരുപോലെ കൈനീട്ടി പ്രസാദം സ്വീകരിക്കുന്ന അയ്യപ്പഭക്തരുടെ മാനസിക ഭാവം എത്ര ഉയർന്നതാണെന്ന് നമുക്ക് മനസിലാക്കാൻ കഴിയും.
കടയ്ക്കാവൂർ പ്രേമചന്ദ്രൻ