കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ടൂറിസം കേന്ദ്രങ്ങള്‍ക്ക് വീണ്ടും നിയന്ത്രണങ്ങള്‍ വരുമെന്ന കാര്യം ഏറെ കുറെ ഉറപ്പായിട്ടുണ്ട്. അങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ ടൂറിസവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന നിരവധി പേരുടെ ജീവിതം വീണ്ടും പ്രതിസന്ധിയിലാകുമെന്ന കാര്യത്തില്‍ തർക്കമില്ല. പൊന്‍മുടി എക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വനം സംരക്ഷണ സമിതി അംഗങ്ങളാണ് ഇത്തരത്തില്‍ പ്രതിസന്ധിലാകാന്‍ പോകുന്ന ഒരു വിഭാഗം. 150 ലധികം അംഗങ്ങളാണ് പൊന്‍മുടി വനം സംരക്ഷണ സമിതിയിലുള്ളത്.
പൊന്‍മുടി, മങ്കയം മേഖലയിലെ ആദിവാസി ജന വിഭാഗങ്ങളും തോട്ടം തൊഴിലാളികളുമാണ് സമിതിയിലെ അംഗങ്ങള്‍. വനം ഉപേക്ഷിച്ച് തൊഴില്‍ തേടി പോകാന്‍ മടിക്കുന്ന ആദിവാസികള്‍ക്കും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചതിലൂടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും വനം സംരക്ഷണ സമിതിയില്‍ നിന്നും ലഭിക്കുന്ന വരുമാനം വളരെ ആശ്വാസമാണ്. എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ട്രക്കിംഗ് പാക്കേജുകളില്‍ ഗൈഡായും, ചെക്ക് പോസ്റ്റുകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പരിശോധനകള്‍ നടത്താനും, വനം വകുപ്പ് നടത്തുന്ന കാന്റീനുകളില്‍ ജീവനക്കാരായും എല്ലാം ഇവര്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ ഒരു സമിതി അംഗത്തിന് മാസത്തില്‍ അഞ്ചു മുതല്‍ പത്തു ദിവസം വരെയാണ് റോട്ടേഷന്‍ വ്യവസ്ഥയില്‍ വനം വകുപ്പ് തൊഴില്‍ നല്‍കുക. ഒരു ദിവസം 450 രൂപയാണ് ശമ്പളമായി നല്‍കുന്നത്. തൊഴില്‍ തീരെ നഷ്ടപ്പെട്ട ഒരു ജനവിഭാഗത്തിന് ഇത് വലിയ ആശ്വാസമാണ്.
വനം സംരക്ഷണ സമിതിയുടെ തൊഴില്‍ ലഭിക്കാത്ത ദിവസങ്ങളില്‍ ഇവര്‍ വഴിയോര കച്ചവടക്കാരാകും. കല്ലാറിനും പൊന്‍മുടിക്കും ഇടയില്‍ തേയിലയും പഴവര്‍ഗങ്ങളും കച്ചവടം നടത്തി വരുമാനം കണ്ടെത്താന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കൊവിഡിന് ശേഷം വരുന്ന സഞ്ചാരികളില്‍ നല്ലൊരു ശതമാനവും ഇവരുടെ കൈയില്‍ നിന്നും ഒന്നും വാങ്ങാറില്ലെന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. കൊവിഡ് വരാതിരിക്കാന്‍ സഞ്ചാരികള്‍ സാമൂഹിക അകലം പാലിച്ചപ്പോള്‍ ഈ ജനവിഭാഗത്തിന് നഷ്ടമാകുന്നത് തങ്ങളുടെ ജീവിതം തന്നെയാണ്.
കൊവിഡ് രണ്ടാംതരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇന്നു മുതല്‍ രാത്രി കര്‍ഫ്യൂ സംസ്ഥാനത്ത് നടപ്പിലാകുകയാണ്. ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാം കടുത്ത നിയന്ത്രണം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം വനം സംരക്ഷണ സമിതി അംഗങ്ങള്‍ വീണ്ടും പ്രതിസന്ധിലാക്കിയേക്കാം.
കനത്ത നിയന്ത്രണത്തോടു കൂടിയാണ് പൊന്‍മുടി ടൂറിസം കേന്ദ്രം നാലു മാസം മുമ്പ് തുറന്ന് പ്രവര്‍ത്തിച്ചത്. പൊന്‍മുടി കയറ്റം കയറുന്നതിന് മുമ്പ് കല്ലാറിന് സമീപത്തെ ചെക്ക് പോസ്റ്റു മുതല്‍ തന്നെ പരിശോധന ആരംഭിക്കും. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം നാലു മണി വരെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് സഞ്ചാരികളെ കയറ്റിവിടുന്നത്. മാസ്‌ക്, സാനിറ്റര്‍ എന്നിവ ഉറപ്പാക്കുന്നുണ്ട്. രണ്ട് മണിക്കൂര്‍ മാത്രമാണ് മലമുകളില്‍ ചിലവഴിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. വേനല്‍ മഴയുടെ പശ്ചാത്തലത്തില്‍ പൊന്‍മുടിയില്‍ നല്ല കാലാവസ്ഥയാണ്. അതുകൊണ്ടു തന്നെ സഞ്ചാരികളും ധാരാളമായി ഇവിടേക്ക് എത്തുന്നുണ്ട്.