ലങ്കാഷയർ: പൊതുസ്ഥലത്ത് ഔദ്യോഗിക വാഹനത്തിൽ പരിസരം മറന്ന് ഏറെനേരം പരസ്‌പരം ചുംബിച്ച് പൊലീസ് ഓഫീസർമാർ. ബ്രിട്ടനിലെ ലങ്കാഷയറിലെ ബ്ളാക്‌ബേൺ പട്ടണത്തിലെ ഒരു സൂപ്പർമാർക്കറ്റിന് സമീപത്താണ് സംഭവം. ഈ സമയം അതുവഴി പോയ പല ആളുകളും സംഭവത്തിന്റെ ചിത്രം പകർത്തി. കൂട്ടത്തിൽ ഒരാളെടുത്ത വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ബ്ളാക്‌ബേണിൽ ജോലി നോക്കുന്ന ആൺ, പെൺ പൊലീസ് ഓഫീസർമാരായിരുന്നു സംഭവത്തിന് കാരണം. വനിത പൊലീസ് ഓഫീസർ ഡ്യൂട്ടിയിലായിരുന്നില്ല. എന്നാൽ പുരുഷനായ ഓഫീസർ യൂണിഫോമിലായിരുന്നു. ആദ്യം ഇരുവരും സ്വന്തം കാറിലായിരുന്നുവെന്നും പിന്നീട് പൊലീസ് വാഹനത്തിലേക്ക് വനിതാ പൊലീസ് ഓഫീസർ വന്നിരുന്നെന്നും 20 മിനുട്ടോളം ഇരുവരും ചുംബിച്ചെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാൾ പറഞ്ഞു. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഇക്കാര്യം ചെയ്‌തത് തെറ്റായെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
എന്നാൽ സംഭവം ഒറ്റപ്പെട്ടതാണെന്നും പൊലീസ് ഓഫീസർമാരിൽ ഒരാൾ മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുളളുവെന്നും ലങ്കാഷയർ പൊലീസ് അറിയിച്ചു. സംഭവത്തിൽ ജനങ്ങളോട് പൊലീസ് ഓഫീസർമാർ ക്ഷമ ചോദിച്ചതായും ലങ്കാഷയർ പൊലീസ് അറിയിച്ചു.