ശ്രുതിഹാസൻ രാഷ്ട്രീയകാര്യ ലേഖികയാകാനൊരുങ്ങുന്നു. ഗ്ളോബൽ ഹിറ്റായ കെ.ജി.എഫിലൂടെ പ്രശസ്തനായ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ സലാറിലാണ് ശ്രുതിയുടെ പുതിയ വേഷപ്പകർച്ച.
ചിത്രീകരണം പൂർത്തിയായ കെ.ജി.എഫ്- 2ന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രഭാസാണ് നായകൻ. ശ്രുതി പ്രഭാസിന്റെ നായികയാകുന്നത് ഇതാദ്യമാണ്.
സലാറിന്റെ രണ്ട് ഷെഡ്യൂളുകൾ പൂർത്തിയായിക്കഴിഞ്ഞു. ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും.
രവി തേജ നായകനായ ക്രാക്ക് എന്ന തെലുങ്ക് ചിത്രമാണ് ശ്രുതി ഹാസന്റേതായി ഒടുവിൽ റിലീസായത്. വൻ വിജയമായ ആ ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷമായിരുന്നു ശ്രുതിക്ക്. കമലഹാസൻ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ഹേ റാമിൽ ഒരു ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രുതിയുടെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം.