കൊച്ചി: വായ്‌പ കിട്ടാക്കടമായതിനെ തുടർന്ന് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ജപ്‌തി ചെയ്യപ്പെട്ട സീപ്ളെയിൻ മൂന്നുതവണ ലേലത്തിന് വച്ചിട്ടും വാങ്ങാനാളില്ല. കൊച്ചി ആസ്ഥാനമായ സീബേർഡ് സീപ്ളെയിൻ എന്ന കമ്പനിയുടെ 'കോഡിയാക് 100' എന്ന സീപ്ളെയിൻ 2019 ഒക്‌ടോബറിലാണ് ഫെഡറൽ ബാങ്ക് ജപ്‌തി ചെയ്‌തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞവർഷം രണ്ടു തവണയും ഈവർഷം ഫെബ്രുവരിയിലും ലേലത്തിനു വച്ചെങ്കിലും ഫലമുണ്ടായില്ല.
2014ൽ രൂപീകരിക്കപ്പെട്ട സീബേർഡ് കമ്പനി 2015ലാണ് അമേരിക്കൻ വിമാനനിർമ്മാണക്കമ്പനിയായ ക്വസ്‌റ്റിൽ നിന്ന് 15 കോടി രൂപയ്ക്ക് സീപ്ളെയിൻ വാങ്ങിയത്. സീബേർഡ് കമ്പനി പ്രമോട്ടർ ക്യാപ്‌റ്റൻ സുധീഷ് അമേരിക്കയിൽ നിന്ന് നേരിട്ട് വിമാനം പറത്തിക്കൊണ്ട് വരികയായിരുന്നു. 2014 മേയിലാണ് കമ്പനി ഫെഡറൽ ബാങ്കിൽ നിന്ന് 4.15 കോടി രൂപ വായ്‌പ എടുത്തത്. 2016 ഒക്‌ടോബർ 31ന് വായ്‌പ കിട്ടാക്കടമായി.
കടം വീട്ടാനുള്ള പദ്ധതി രൂപീകരിക്കാൻ (റെസൊല്യൂഷൻ) കമ്പനി പരാജയപ്പെട്ടതോടെ ചെന്നൈയിലെ നാഷണൽ കമ്പനി ലാ ട്രൈബ്യൂണലിനെ (എൻ.സി.എൽ.ടി) സമീപിച്ച് ഫെഡറൽ ബാങ്ക് കണ്ടുകെട്ടൽ നടപടിക്ക് തുടക്കമിട്ടു. ട്രൈബ്യൂണലാണ് 'ലിക്വിഡേറ്ററെ' നിയമിച്ച് വിമാനം കണ്ടുകെട്ടിയത്. കേന്ദ്രസർക്കാർ 2016ൽ അവതരിപ്പിച്ച ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്ര്‌സി കോഡ് (ഐ.ബി.സി) പ്രകാരമായിരുന്നു ജപ്‌തി. നിലവിൽ പലിശയും പിഴപ്പലിശയും സഹിതം ഫെഡറൽ ബാങ്കിന് ആറുകോടി രൂപയ്ക്കുമേൽ ലഭിക്കാനുണ്ട്. എന്നാൽ, സീപ്ളെയിനിന് ഇപ്പോൾ വിലയിരുത്തുന്ന മൂല്യം 3.75 കോടി മുതൽ നാലുകോടി രൂപവരെ മാത്രമാണ്. അടുത്ത ലേലത്തിൽ വിമാനം വിറ്റഴിച്ചാലും ബാങ്കിനു കിട്ടാനുള്ള പണം മുഴുവൻ ലഭിക്കില്ല. സീബേർഡിന്റെ പ്രമോട്ടർമാർ ഈടുവച്ച വസ്‌തു വിറ്റഴിച്ചാകും ബാക്കി തുക കണ്ടെത്തുക.
വിനയായത് ലൈസൻസിംഗ്
ചട്ടങ്ങളും കൊവിഡും
അതികഠിനമായ ലൈസൻസിംഗ് ചട്ടങ്ങളും കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കവുമാണ് സീപ്ളെയിൻ ലേലങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിക്ഷേപകരെ നിർബന്ധിതരാക്കുന്നതെന്ന് ഫെഡറൽ ബാങ്ക് വിലയിരുത്തുന്നു. ലക്ഷദ്വീപ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു സീബേർഡ് കമ്പനിയുടെ ലക്ഷ്യം. ഇതിനുള്ള ലൈസൻസിനായി 2015ൽ തന്നെ കമ്പനി ഡി.ജി.സി.എയെ (ഡയറക്‌ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ) സമീപിച്ചിരുന്നു.
എന്നാൽ, വൻ എയർലൈൻ കമ്പനികൾ സ്ഥാപിക്കുന്നതിന് സമാനമായ മാനദണ്ഡങ്ങൾ ഡി.ജി.സി.എ മുന്നോട്ടുവച്ചതോടെ ലൈസൻസ് ലഭിക്കാത്ത സ്ഥിതിയായി. ചട്ടങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഡി.ജി.സി.എ വഴങ്ങിയില്ലെന്ന് സീബേർഡ് കമ്പനി ആരോപിച്ചിരുന്നു.
അടുത്തലേലം വൈകില്ല
കൊവിഡിലെ സാമ്പത്തിക ഞെരുക്കം തുടരുകയാണെങ്കിലും മേയ് മാസത്തോടെ അടുത്തലേലം നടത്താനാണ് ബാങ്കിന്റെ ശ്രമം. കൊച്ചി വിമാനത്താവളത്തിലാണ് (സിയാൽ) നിലവിൽ സീപ്ളെയിൻ പാർക്ക് ചെയ്‌തിരിക്കുന്നത്. പാർക്കിംഗ് ഫീസിനത്തിൽ സിയാലിനും ലക്ഷങ്ങളുടെ കുടിശിക വീട്ടാനുണ്ട്. ഇതുകൂടി കിഴിച്ചുള്ള തുകയാണ് ലേലത്തിലൂടെ ബാങ്കിന് ലഭിക്കുക.