ദേശീയ അവാർഡിന് മുമ്പും ശേഷവുമുള്ള തന്റെ അഭിനയയാത്രയെക്കുറിച്ച്മലയാളികളുടെപ്രിയ നടി
സുരഭിലക്ഷ്മി
ചെയ്ത എല്ലാവേഷങ്ങളിലും നല്ലൊരു അഭിനേത്രിയുടെ കയ്യൊപ്പിട്ടിട്ടുണ്ട് നടി സുരഭിലക്ഷ്മി. കുഞ്ഞുവേഷങ്ങളാണെങ്കിൽ പോലും തന്റെ പ്രതിഭ കൊണ്ട് സുരഭി മിഴിവുറ്റതാക്കി. ആ തിളക്കത്തിനുള്ള അംഗീകാരമായിരുന്നു സുരഭിയെ തേടിയെത്തിയ ദേശീയ പുരസ്കാരം. പുരസ്കാരത്തിനുശേഷമുള്ള തന്റെ അഭിനയജീവിതത്തെക്കുറിച്ച് സുരഭി പറയുന്നു.
രണ്ടോ മൂന്നോ സീൻ
സിനിമയിൽ രണ്ടോ മൂന്നോ സീനിൽ മാത്രം അഭിനയിക്കുന്ന നടി. ഇവരുടെ പേരുകൾ മിക്ക പ്രേക്ഷകർക്കും അറിയില്ല. ഈ കൂട്ടത്തിലായിരുന്നു എന്റെയും സ്ഥാനം. കുടുംബ ഹാസ്യ പരമ്പര 'എം 80 മൂസ"യിൽ അറുപതു വയസു കഴിഞ്ഞ ഉമ്മൂമ്മമാർ സംസാരിക്കുന്ന ഭാഷയാണ് മുപ്പത്തിയഞ്ചുകാരിയായ പാത്തുവിന്റേത്. നാലാം ക്ളാസിൽ നാലുവട്ടം തോറ്റ മണ്ടത്തരങ്ങൾ മാത്രം പറയുന്ന പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴാണ് നാലാൾ അറിഞ്ഞുതുടങ്ങുന്നത്. അതിനു മുൻപ് അധികം സ്ത്രീകഥാപാത്രങ്ങൾ കോഴിക്കോട് ഭാഷ സംസാരിച്ചു വന്നിട്ടില്ല. 'എം 80 മൂസ" ചെയ്യുന്ന സമയത്ത് നാടകത്തിൽ അഭിനയിക്കുന്നുണ്ട്. കുട്ടിക്കാലത്ത് കലാപ്രവർത്തനത്തിന് ക്ഷേത്രമൈതാനവും സ്കൂൾ കലോത്സവ വേദികളുമാണ് പിൻബലമായിരുന്നത്.
നൃത്തത്തിലൂടെ അഭിനയം
കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ ബി.എ ഭരതനാട്യം പഠനം. ഓപ്ഷൻ വിഷയമായി തിരഞ്ഞെടുത്തത് നാടകം. നൃത്തത്തേക്കാൾ മികവ് തെളിയിക്കുക അഭിനയമാണെന്ന് റിയാലിറ്റി ഷോയിൽ അംഗീകാരം ലഭിച്ചപ്പോൾ തിരിച്ചറിഞ്ഞു. തുടർന്ന് ശ്രീശങ്കരയിൽ തന്നെ എം.എ തിയേറ്റർ പഠനം. എം.ജി. സർവകലാശാലയിൽ എം.ഫിൽ തിയേറ്റർ പഠനം. അഭിനയം തന്നെ ജീവിത വഴി എന്നു തിരിച്ചറിഞ്ഞു. കലാകാരിയാവണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചു. അവിടെ എത്തിച്ചേരുന്നതിന് വേണ്ടിയുള്ള പഠനമാണ് നടത്തിയത്. ഒരുപാട് നാടകങ്ങളുടെ ഭാഗമാവാൻ സാധിച്ചു.ഒടുവിൽ സിനിമയിൽ എത്തി. എല്ലാത്തിന്റെയും ഫലമായി ലഭിച്ചതാണ് ദേശീയ അവാർഡ്. നാൽപ്പതു വയസ് പിന്നിടുമ്പോൾ ദേശീയ അവാർഡ് ലഭിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ അതു കുറച്ചു നേരത്തേ സംഭവിച്ചു. മുപ്പതുകളിൽ തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം. 'മിന്നാമിനുങ്ങ് " സിനിമയിൽ അവതരിപ്പിച്ച എന്റെ പേരില്ലാ കഥാപാത്രത്തിന് ലഭിച്ച അംഗീകാരം.
രണ്ടോ മൂന്നോ
സീൻ കൂടുതൽ
''ഒന്നും സംഭവിക്കാൻ പോവുന്നില്ലെന്ന്"" ദേശീയ അവാർഡ് ലഭിച്ചപ്പോൾ അനുമോദിച്ചശേഷം നടനും 'കപ്പേള" സിനിമയുടെ സംവിധായകനുമായ മുഹമ്മദ് മുസ്തഫ പറഞ്ഞു. ഒന്നും പ്രതീക്ഷിക്കരുത്, നമ്മൾ നായകനും നായികയുമല്ല. നാടകത്തിൽ നിന്നാണ് വരവ്, ഗോഡ്ഫാദറില്ല. ഇതായിരുന്നു മുസ്തഫയുടെ വാക്കുകൾ. എനിക്കു മുമ്പേ ദേശീയ അവാർഡ് ജേതാവായതാണ് മുസ്തഫ. തുടർന്നും ആത്മാർത്ഥതയോടെ നിരന്തരമായി ജോലി ചെയ്യണമെന്നും മുസ്തഫ ഉപദേശിച്ചു. തളർന്നു പോവുന്ന സമയത്തേക്കുള്ള ഊർജമാണ് പുരസ്കാരമെന്ന് ജീവിതം പഠിപ്പിച്ചു. 2016ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ്. അതിനുശേഷം മൂന്നുവർഷം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ല. ഒന്നോ രണ്ടോ സിനിമ വന്നു. കൊമേഴ്സ്യൽ സിനിമ അകലം പാലിക്കുന്നതായി തോന്നി. ഒന്നും സംഭവിച്ചില്ലല്ലോ എന്നോർത്ത് നിരാശപ്പെടുന്നില്ല. എത്ര ചെറിയ വേഷമാണെങ്കിലും ഇപ്പോഴും അഭിനയിക്കുന്നു. ഇവിടെ ഉണ്ടെന്ന് അറിയിക്കുന്നു. ദേശീയ അവാർഡ് ലഭിച്ച ശേഷം അഭിനയിച്ച സിനിമകളിൽ എനിക്ക് രണ്ടോ മൂന്നോ സീൻ കൂടുതലായി കിട്ടി. അതാണ് ഉണ്ടായ ഏകമാറ്റം. പോയ വർഷം ഹരികുമാർ സാറിന്റെ ജ്വാലാമുഖി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ എന്നിവർക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്ന കള്ളൻ, തല എന്നീ സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞു.
ഇന്ദ്രൻസേട്ടന്റെ നായികയായി പൊരിവെയിൽ, ഇന്ദ്രജിത്തിന്റെ അനുരാധ ക്രൈം നമ്പർ 59/2019 എന്നിവ ലോക്ക് ഡൗണിന് മുമ്പും ശേഷവുമായി സംഭവിച്ചു. ഇപ്പോൾ അനൂപ് മേനോന്റെ 'പത്മ"യിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായി കൊമേഴ്സ്യൽ സിനിമയിൽ നായികയായി അഭിനയിക്കാൻ പോവുകയാണ്. ദേശീയ അവാർഡ് ലഭിച്ചശേഷം ജീവിതം മാറിയിട്ടില്ല. അവാർഡ് ലഭിക്കുമ്പോൾ ആഘോഷമാണ്. പിന്നീട് ഞാനെന്ന വ്യക്തിക്കും നടിക്കും ഉൗർജം പകരാൻ മാത്രമുള്ളതാകുന്നു അവാർഡ്. വരാൻ പോകുന്ന സിനിമയിലെ കഥാപാത്രങ്ങളെല്ലാം ശക്തവും ഒപ്പം സന്തോഷവും തരുന്നു.