മണമറിയാത്തതും രുചിയറിയാത്തതും ചെറിയ പനി തൊണ്ടവേദന എല്ലാമാണ് കൊവിഡ് രോഗത്തെ തിരിച്ചറിയാൻ പൊതുവെ പറയാറുളള ലക്ഷണങ്ങൾ. എന്നാൽ ഇപ്പോൾ കണ്ണ് കണ്ടാലും രോഗം കൊവിഡാണോയെന്ന് തിരിച്ചറിയാം. വായിലൂടെയും മൂക്കിലൂടെയും മാത്രമല്ല കണ്ണിലൂടെയും കൊവിഡ് പടരാമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രിയിലെ ശ്വാസകോശരോഗ വിഭാഗം മേധാവി ഡോ.വികാസ് മൗര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചെങ്കണ്ണ് വരുന്നത് കുട്ടികളിൽ കൊവിഡ് രോഗത്തിന്റെ ലക്ഷണമാകാം. കനേഡിയൻ വൈദ്യശാസ്‌ത്ര പ്രസിദ്ധീകരണമായ കനേഡിയൻ ജേണൽ ഓഫ് ഓഫ്‌താൽമോളജിയിൽ വന്ന ലേഖനപ്രകാരം ചെങ്കണ്ണോ കണ്ണിലെ അസാധാരണമായ ചുവപ്പോ കുട്ടികളിൽ കൊവിഡ് രോഗലക്ഷണമാകാം. പനി, വരണ്ട ചുമ, ക്ഷീണ, ശരീരവേദന, തൊണ്ടവേദന, തലവേദന, മണമോ രുചിയോ അറിയാൻ വയ്യാത്ത അവസ്ഥ ഇവയെല്ലാം കുട്ടികളിൽ കൊവിഡ് രോഗ ലക്ഷണം തന്നെയാണ്.
എന്നാൽ ആകെ മൂന്ന് ശതമാനം ആളുകൾക്ക് മാത്രമേ ചെങ്കണ്ണ് വഴി കൊവിഡ് ബാധിക്കുകയുളളുവെന്നാണ് ഡോ.വികാസ് മൗര്യ പറയുന്നത്. വൈറസ് കണ്ണിലെ കൺജങ്‌റ്റീവ എന്ന വെളുപ്പ് നിറത്തിലുളള കണ്ണിന്റെ ഭാഗത്തെ മൂടുന്ന കലകളെ ആക്രമിക്കുന്നതാണ് രോഗാണു. ഈ സമയം കണ്ണിൽ ചൊറിച്ചിലും വെളളം നിറഞ്ഞും കാണപ്പെടും. കൊവിഡ് കേസുകളിൽ 10 മുതൽ 15 ശതമാനം വരെ സെക്കന്ററി രോഗലക്ഷണമായി ചെങ്കണ്ണ് കാണാറുണ്ട്.
കൊവിഡിന്റെ പ്രാഥമിക ലക്ഷണമായി ചെങ്കണ്ണ് വന്നില്ലെങ്കിലും ഗുരുതരമായ രോഗാവസ്ഥയിൽ ശ്വാസം മുട്ടലിനൊപ്പം രോഗം കണ്ടുവരാറുണ്ട്. ആർടി-പിസിആർ പരിശോധന വഴിയേ രോഗം കൊവിഡ് ആണെന്ന് മനസിലാക്കാനാകൂ.
കണ്ണുകളിലും മുഖത്തും കൈകൾ കൊണ്ട് തടവാതിരിക്കുക, ശക്തമായ ഗ്ളാസുകളുപയോഗിച്ച് കണ്ണ് സംരക്ഷിക്കണം. രോഗമുണ്ടാകാൻ ഇടയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കുകയുമാണ് രോഗം വരാതിരിക്കാനുളള പ്രധാനമാർഗമെന്നാണ് ഗവേഷകർ നൽകുന്ന മാർഗനിർദ്ദേശം.