മാഞ്ചസ്‌റ്റർ: യു കെയിലെ അസ്ഡ ഷോപ്പിംഗ് കോംപ്ലക്‌സിൽ ബോറടിച്ചിരിക്കുകയായിരുന്ന ജാക്ക് ഗ്രീൻഹാഗ് എന്ന സ്കൂൾ വിദ്യാർത്ഥിയുടെ വികൃതി ആ കൊച്ചുമിടുക്കനെ ഇപ്പോൾ പ്രശസ്‌തനാക്കിയിരിക്കുകയാണ്. ഷോപ്പിംഗ് കോംപ്ലക്‌സിൽ കൂട്ടുകാരനെ കാത്തിരുന്ന് ബോറടിച്ച ജാക്ക് അടുത്തുളള ചെന്നുകയറിയത് അടുത്തുളള എ ടി എമ്മിലേക്കാണ്.
എ ടി എമ്മിലെ ബട്ടണുകൾ വെറുതെ അമർത്തി കളിച്ച ജാക്ക് പെട്ടെന്ന് ഞെട്ടി. എ ടി എമ്മിന്റെ വലിപ്പിൽ നിന്ന് 400 പൗണ്ട് അതാ പുറത്തേക്ക് വരുന്നു. ഉടനെ എ ടി എമ്മിന്റെ പുറത്തെത്തിയ ജാക്ക് സുരക്ഷ ജീവനക്കാരനെയും തൂപ്പുകാരനെയും വിവരമറിയിച്ചു. അതിന് തൊട്ടു മുമ്പ് എ ടി എമ്മിൽ കാശില്ലെന്ന് പരിതപിച്ച് പോയ ആളെ കുറിച്ച് സുരക്ഷജീവനക്കാരൻ ഓർത്തു. അതോടെ പണം അയാളെ തൊട്ടടുത്ത് നിന്നു തന്നെ കണ്ടുപിടിച്ച് ഏൽപ്പിക്കുകയായിരുന്നു.
കുട്ടിയുടെ വിവേകവും സത്യസന്ധതയും ഇപ്പോൾ യു കെയിലാകെ വലിയ വാർത്തയായി മാറിയിരിക്കുകയാണ്. ഷോപ്പിംഗ് കോംപ്ലക്‌സ് അധികൃതർ അവനൊരു ഗിഫ്റ്റ് കാർഡ് ഇതിനോടകം നൽകി. പ്രാദേശിക പത്രങ്ങൾ നിറയെ അവനെ കുറിച്ചുളള വാർത്തകളും വന്നു. വാർത്ത കണ്ട ലിൻഡ്‌സെ ഡോസൺ എന്നയാൾ ജാക്കിനെ ആദരിക്കാൻ ഒരു ഫേസ്ബുക്ക് പേജ് വഴി ധനസമാഹാരണവും ആരംഭിച്ചിരിക്കുകയാണ്.
'എനിക്ക് ശരിക്കും അഭിമാനം തോന്നി. എനിക്ക് അവനെയോ കുടുംബത്തെയോ അറിയില്ല. പക്ഷേ എല്ലാ ക്രെഡിറ്റും അവന്റെ കുടുംബത്തിനാണ്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ആ പണവും അപഹരിച്ച് പോയേനെ'- ലിൻഡ്‌സെ ഡോസൺ പറഞ്ഞു. ഇതുവരെ പേജ് ജാക്കിന് നൽകാനായി 50 പൗണ്ടോളം സമാഹരിച്ച് കഴിഞ്ഞിട്ടുണ്ട്.
ലഭിക്കുന്ന പണം കൊണ്ട് പുതിയ കളിപ്പാട്ടങ്ങൾ വാങ്ങാനാണ് ജാക്കിന്റെ പദ്ധതി. പുസ്‌തകങ്ങൾ, ഫുട്ബാൾ, ശീതളപാനീയം, മിഠായി, ലോക്ഡൗണിൽ തന്നെ സഹായിച്ച മുത്തച്ഛനായി ചോക്ലേറ്റ് എന്നിവയാണ് ഷോപിംഗ് കോംപ്ലക്‌സിൽ നിന്നു ലഭിച്ച ഗിഫ്റ്റ് കാർഡ് വഴി ജാക്ക് വാങ്ങിക്കൂട്ടിയത്.